22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 16, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024
March 13, 2024
March 3, 2024

ജനകീയാരോഗ്യ കേന്ദ്രങ്ങൾ വലിയ മുന്നേറ്റം: മുഖ്യമന്ത്രി

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല

5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടന്നു
Janayugom Webdesk
തിരുവനന്തപുരം
May 18, 2023 10:04 pm

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയ്ക്കാകെ വലിയ ഉണർവ് പകരുന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5,409 ജനകീയാരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ മേഖലയെ കൂടുതൽ ഉയർന്ന തലങ്ങളിലേക്കെത്തിക്കാൻ സഹായിക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായാണ് ജനകീയാരോഗ്യ കേന്ദ്രങ്ങൾ തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സമഗ്രമായ പ്രാഥമികാരോഗ്യ പരിരക്ഷ താഴെത്തട്ടിൽ വരെ എത്തിക്കുക എന്നതാണ് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 5409 ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം പിരപ്പൻകോട് ജനകീയാരോഗ്യ കേന്ദ്രത്തിൽ വച്ച് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർദ്രം മിഷൻ രൂപീകരിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ മേഖല വലിയ തോതിലാണ് കരുത്താർജിച്ചത്. മെഡിക്കൽ കോളജുകൾ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള ശൃംഖലയുടെ ഓരോ കണ്ണിയെയും സവിശേഷമായാണ് പരിഗണിച്ചത്. 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താനുള്ള പദ്ധതി ആവിഷ്കരിച്ചു. അതിൽ 630 എണ്ണം കഴിഞ്ഞ മാസത്തോടെ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയും വൈകാതെ തന്നെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശനമായി തന്നെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ വിശിഷ്ടാതിഥിയായി. എംഎല്‍എമാരായ ഡി കെ മുരളി, കെ അൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ കെ ജീവൻ ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish sum­ma­ry; Pub­lic health cen­ters are a big step for­ward: Chief Minister

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.