21 January 2025, Tuesday
KSFE Galaxy Chits Banner 2

പൊതുമേഖലാ ബാങ്കുകള്‍ ആര്‍ക്കുവേണ്ടി

സത്യന്‍ മൊകേരി
വിശകലനം
November 15, 2023 4:45 am

പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിനുമാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യയിലെ ബാങ്കുകള്‍ പൂര്‍ണമായും സ്വകാര്യമേഖലയിലായിരുന്നു. രാജ്യത്തെ വന്‍കിട മുതലാളിമാരും ധനശേഷിയുള്ളവരും ആയിരുന്നു ബാങ്കിന്റെ ഉടമകള്‍. അതിലെ നിക്ഷേപം ഇന്ത്യയിലെ ജനങ്ങളുടേതും. സാധാരണക്കാരുടേതുള്‍പ്പെടെയുള്ള ചെറിയ നിക്ഷേപങ്ങള്‍ സ്വകാര്യ ബാങ്കുകളില്‍ വലിയ തുകകളായി മാറി. പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപങ്ങളാണ് ബാങ്ക് ഉടമകളായ ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ക്ക് ലഭിച്ചിരുന്നത്. ജനങ്ങളുടെ നിക്ഷേപത്തിലൂടെ ലഭിച്ച പണമെല്ലാം ബാങ്ക് ഉടമകളുടെ വ്യവസായ, വാണിജ്യ സാമ്രാജ്യം വിപുലപ്പെടുത്താനാണ് ഉപയോഗിച്ചത്. നിക്ഷേപം ജനങ്ങളുടേതും, ആ പണം ഉപയോഗിക്കുന്നത് ബാങ്ക് ഉടമകളായ മുതലാളിമാരുമായി മാറിയതിലെ വിരോധാഭാസം രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എഐബിഇഎയും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു. പാര്‍ലമെന്റില്‍ ഈ വിഷയം സിപിഐ ഉന്നയിച്ചു.

ബാങ്കുകള്‍ ദേശസാല്‍ക്കരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. ഇതിനായുള്ള സ്വകാര്യ ബില്ല് അവതരിപ്പിച്ചു. സഭ അത് ചര്‍ച്ച ചെയ്തു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വകാര്യബില്ലിനോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ചു. ബില്ലിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സഭയില്‍ ഉറപ്പുനല്‍കി. തുടര്‍ന്നാണ് ബാങ്ക് ദേശസാല്‍ക്കരിക്കുന്ന നടപടികള്‍ രാജ്യത്ത് തുടങ്ങിയത്. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കണം. കാര്‍ഷിക മേഖലയും പരമ്പരാഗത വ്യവസായങ്ങളും നാമമാത്ര, ചെറുകിട ഇടത്തരം വ്യവസായങ്ങളും ശക്തിപ്പെടണം. അത്തരം സംരംഭങ്ങള്‍ രാജ്യത്ത് വളര്‍ന്നുവരണമെങ്കില്‍ വായ്പാസൗകര്യങ്ങള്‍ ഉണ്ടാവണം. ഇങ്ങനെ രാജ്യത്തിന്റെ കാര്‍ഷിക‑വ്യവസായിക മേഖലയിലെ വളര്‍ച്ചയും മുന്നേറ്റവും ആയിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഉദ്ദേശ്യം. ദേശസാല്‍ക്കരണം നടപ്പിലായതോടെ പൊതുമേഖലാ ബാങ്കുകളുടെ ശാഖകള്‍ ഗ്രാമപ്രദേശങ്ങളിലെല്ലാം ആരംഭിച്ചു. ഗ്രാമീണ ബാങ്കുകള്‍ എന്ന പേരില്‍ത്തന്നെ പൊതുമേഖലാ ബാങ്കുകള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കേരളത്തിലെ സൗത്ത് മലബാര്‍, നോര്‍ത്ത് മലബാര്‍, ഗ്രാമീണ ബാങ്കുകള്‍ അതിന്റെ ഭാഗമാണ്. ബാങ്കിലെ നിക്ഷേപം രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കാന്‍ തുടങ്ങി. കാര്‍ഷിക മേഖലയില്‍ വലിയ തോതില്‍ മാറ്റങ്ങളുണ്ടായി. മൃഗസംരക്ഷണ, ക്ഷീരമേഖലയില്‍ കുതിപ്പുണ്ടായി. ബാങ്കുകളിലെ നിക്ഷേപം ഗ്രാമീണ ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയതിന്റെ ഫലമായാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്.


ഇതുകൂടി വായിക്കൂ:എലിയെപ്പേടിച്ച് ഇല്ലം ചുടരുത്


കൃഷിക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്ന സന്ദര്‍ഭങ്ങളില്‍ വായ്പ എഴുതിത്തള്ളുന്നതിനും പലിശയില്‍ ഇളവ് നല്‍കുന്നതിനും നടപടികള്‍ സ്വീകരിച്ച് കര്‍ഷകരെയും ചെറുകിട സംരംഭകരെയും സഹായിക്കുന്ന നയങ്ങളാണ് സ്വീകരിച്ചുവന്നത്. പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം ഗ്രാമീണ മേഖലയുടെ വികസനം ഉറപ്പുവരുത്തുന്നതില്‍ ഉപയോഗിക്കുന്ന നയവും നടപ്പിലാക്കി വന്നു. 1990 കളില്‍‍ ഇന്ത്യയില്‍ നവ ഉദാരവല്‍ക്കരണനയം നടപ്പിലായതോടെ, ബാങ്കുകളുടെ സമീപനത്തില്‍ മാറ്റം വരാന്‍ തുടങ്ങി. നരേന്ദ്രമോഡി അധികാരത്തില്‍ വന്നതോടെ പൊതുമേഖലാ ബാങ്കുകളെ വീണ്ടും കോര്‍പറേറ്റുകള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപപ്പെടുത്തി. പൊതുമേഖലാ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് വന്‍കിട ബാങ്കുകളാക്കി മാറ്റി. ആഗോള‑ദേശീയ മൂലധന ശക്തികളുടെ താല്പര്യം സംരക്ഷിക്കുന്ന നയത്തിലേക്ക് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ മാറി. ബാങ്കുകളുടെ ഓഹരികള്‍ വില്പന നടത്തി. പൊതുമേഖലാ ബാങ്കുകള്‍ ആഗോള‑ദേശീയ മൂലധനശക്തികളുടെ നിയന്ത്രണത്തിലായി. കേരളത്തിന്റെ വികസനത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച പൊതുമേഖലാ ബാങ്കായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെയും കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള ഉല്പാദന മേഖലകളെയും എസ്ബിടി നന്നായി സഹായിച്ചു.

കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമായിരുന്ന എസ്ബിടിയെ ഇല്ലാതാക്കി. എസ്ബിഐ ആയതോടെ കേരളത്തിന്റെ വികസന നയങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കാന്‍ തുടങ്ങി. കര്‍ഷകരെയും ചെറുകിട, ഇടത്തരം തൊഴില്‍ സംരംഭങ്ങളെയും സഹായിക്കുന്നതിന് തയ്യാറാകാത്ത നിലപാട് സ്വീകരിച്ചു. കേരളത്തിലെ നെല്‍ക്കര്‍ഷകരെ സഹായിക്കുന്നതിനായി വായ്പ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തള്ളിക്കളയുന്ന നിലപാടാണ് എസ്ബിഐ സ്വീകരിച്ചത്. മറ്റ് പൊതുമേഖലാ ബാങ്കുകളും സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതില്‍ വെെമുഖ്യം കാണിച്ചു. പൊതുമേഖലാ ബാങ്കുകളുടെ സമീപനം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടുന്ന സന്ദര്‍ഭമാണിത്. കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെ ബാങ്കുകളുടെ നിഷേധാത്മക സമീപനം പൊതുസമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കര്‍ഷകന്റെ ആത്മഹത്യ പൊതുമേഖലാ ബാങ്കുകള്‍ നടപ്പിലാക്കുന്ന പുത്തന്‍ നയത്തിന്റെ ഫലമാണ്. ബാങ്കുകള്‍ കാണിക്കുന്ന കര്‍ഷകദ്രോഹകരമായ നയം കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ തയ്യാറാകാതെ കേരള സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കത്തിനാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും ഒരുകൂട്ടം മാധ്യമങ്ങളും ഒരുമിച്ചുചേര്‍ന്നാണ് അത്തരം ശ്രമം നടത്തുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുമ്പില്‍ക്കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് അതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് ഉറപ്പാണ്. കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം പൊതുമേഖലാ ബാങ്കുകളുടെ സമീപനമാണ്. നെല്ല് സംഭരിക്കുന്നതിന് വായ്പ നല്‍കണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദേശത്തെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിക്കുന്നത്.


ഇതുകൂടി വായിക്കൂ:സഹകരണ സംഘങ്ങള്‍ക്കെതിരായ ആര്‍ബിഐ നിലപാട്


നെല്ല് സംഭരിച്ചാല്‍ കുത്തി അരിയാക്കി വില്പന നടത്തി അതിന്റെ കണക്കുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ മാത്രമേ സംഭരിച്ച നെല്ലിന്റെ പണം നല്കൂ എന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ക്കുന്ന കേരള സര്‍ക്കാരിനെ പരമാവധി ദ്രോഹിക്കുക എന്ന നയമാണ് പൊതുമേഖലാ ബാങ്കുകളും സ്വീകരിക്കുന്നത്. ജനങ്ങളെ പ്രത്യേകിച്ച് കര്‍ഷകരെ, അസംതൃപ്തരാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാരിനും എതിരായി തിരിച്ചുവിടുക എന്ന നയമാണ് സംസ്ഥാനത്തെ പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും അതിനോടൊപ്പം ചില മാധ്യമങ്ങളും പ്രാവര്‍ത്തികമാക്കുന്നത്. കുട്ടനാട്ടിലെ കര്‍ഷകന്‍‍ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയതു സംബന്ധമായി അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് വിശദമാക്കിയതാണ്. ആത്മഹത്യക്ക് കാരണം പിആര്‍എസ് വായ്പയിലെ കുടിശികയല്ല എന്ന് അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊതുമേഖലാ ബാങ്കില്‍ നിന്ന് എടുത്ത വായ്പ ഒറ്റത്തവണ തീര്‍പ്പാക്കിയതിനെ തുടര്‍ന്ന് സിബില്‍ സ്കോറിനെ ബാധിക്കുകയും വായ്പ കിട്ടാതിരിക്കുകയും ചെയ്തു. വായ്പ വീണ്ടും കിട്ടാത്തതിനെ തുടര്‍ന്ന് വിത്ത് വിതച്ചതിന് ശേഷം ചെയ്യേണ്ട പ്രവൃത്തികള്‍ തടസപ്പെട്ടു. അതില്‍ ദുഃഖിതനായിട്ടാണ് പാവം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പൊതുമേഖലാ ബാങ്കുകളുടെ പുതിയ നയത്തിന്റെ ഭാഗമായാണ് ആത്മഹത്യ. പൊതുമേഖലാ ബാങ്കുകളുടെ കര്‍ഷകദ്രോഹ നയത്തെ തുറന്നുകാണിക്കുന്നതിനു പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സര്‍ക്കാരിനെതിരായി ജനങ്ങളെ തിരിച്ചുവിടാനാണ് ഒരുകൂട്ടം മാധ്യമങ്ങളുടെ ശ്രമം.

പിആര്‍എസ് പ്രകാരം കര്‍ഷകന് ലഭിച്ച പണം ഇതുവരെ കുടിശിക ആയിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. പിആര്‍എസ് വായ്പ തിരിച്ചടയ്ക്കാന്‍ ഇനിയും മാസങ്ങളുണ്ട്. ഭക്ഷ്യ‑സിവില്‍ സപ്ലെെസ് വകുപ്പ് മന്ത്രി അത് വിശദീകരിച്ചിട്ടുമുണ്ട്. നവലിബറല്‍ നയം ബാങ്കിങ് മേഖലയില്‍ നടപ്പിലാക്കിയതിന്റെ ഭാഗമാണ്, സിബില്‍ സ്കോര്‍ സമ്പ്രദായവും സര്‍ഫാസി നിയമവും. വായ്പാ ഗഡുക്കള്‍ തെറ്റുക, സമയബന്ധിതമായി പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരിക, കടം ഒറ്റത്തവണ തീര്‍പ്പാക്കുക എന്നതെല്ലാം സിബില്‍ സ്കോര്‍ കുറയ്ക്കുന്നതിന് കാരണമാകും. സ്കോര്‍ കുറയുന്നതോടെ ഒരു ബാങ്കില്‍ നിന്നും വായ്പ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാകുക. ഒത്തുതീര്‍പ്പുപ്രകാരം നിശ്ചയിക്കുന്ന തുക അടച്ചാലും വായ്പയെടുത്തവരെ ദ്രോഹിക്കുന്ന നയമാണിത്. കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയിലൂടെ അതാണ് പുറത്തുവന്നത്. അതുപോലെ നിഷ്ക്രിയ ആസ്തികൾ (എൻപിഎ) വീണ്ടെടുക്കാൻ ബാങ്കുകളെ ശാക്തീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫിനാൻഷ്യൽ അസറ്റുകളുടെ സെക്യൂരിറ്റൈസേഷനും പുനർനിർമ്മാണവും സെക്യൂരിറ്റി ഇന്ററസ്റ്റ് നടപ്പാക്കലും നിയമം 2002 (സര്‍ഫാസി നിയമം) രൂപീകരിച്ചത്. ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വായ്പാ കുടിശികക്കാരുടെ ആസ്തികൾ/സ്വത്തുക്കൾ കോടതികളുടെ ഇടപെടലില്ലാതെ വിൽക്കാനോ ലേലം ചെയ്യാനോ അനുവദിക്കുന്ന നിയമമാണിത്. പൊതുമേഖലാ ബാങ്കുകളുടെ പുതിയ നയത്തിന്റെ രക്തസാക്ഷിയാണ് കുട്ടനാട്ടിലെ കര്‍ഷകന്‍‍. സാധാരണ കര്‍ഷകന്‍ പതിനായിരമോ, അമ്പതിനായിരമോ വായ്പയെടുത്താല്‍ സിബില്‍ സ്കാേര്‍ ഉയര്‍ത്തി വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍, കോര്‍പറേറ്റുകളോട് സ്വീകരിക്കുന്ന നിലപാട് എന്താണ്? പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ വായ്പ എടുത്ത നിരവധി കോര്‍പറേറ്റുകള്‍ വിദേശരാജ്യങ്ങളില്‍ രാജകീയമായി താമസിക്കുകയാണ്. അവരെല്ലാം സുഖവാസത്തിലാണ്. അവരെ നാട്ടില്‍ തിരിച്ചെത്തിച്ച് വിചാരണ ചെയ്യുന്നതിനുപകരം സംരക്ഷിക്കുകയാണ്. നീരവ് മോഡിയും വിജയ് മല്യ ഉള്‍പ്പെടെയുള്ളവരും മോഡി ഭരണകൂടത്തിന്റെ ചങ്ങാതിമാരാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 90,000ത്തില്‍ അധികം കോടി രൂപ കോര്‍പറേറ്റുകളുടെ പേരില്‍ എഴുതിത്തള്ളിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 12 ലക്ഷത്തിലധികം കോടി രൂപയാണ് എഴുതിത്തള്ളിയത്. അവര്‍ക്കെല്ലാം പുനര്‍വായ്പ നല്‍കുന്നതിന് സിബില്‍ സ്കോര്‍ ബാധകമല്ല. പാവം കര്‍ഷകര്‍ക്ക് മാത്രമാണ് സിബില്‍ സ്കോര്‍ ബാധകം. ആ നയത്തിനെതിരായ പ്രതിഷേധവും പ്രക്ഷോഭവുമാണ് വളര്‍ന്നുവരേണ്ടത്. അതിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പ്രതിപക്ഷവും ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.