17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 13, 2024
June 18, 2023
May 28, 2023
May 3, 2023
January 29, 2023
January 12, 2023
November 10, 2022
November 2, 2022
September 13, 2022
September 12, 2022

കേന്ദ്രത്തിന്റെ സ്വകാര്യവല്‍ക്കരണ നീക്കത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് വന്‍ കുതിപ്പ്

ബേബി ആലുവ
കൊച്ചി
May 28, 2023 10:32 pm

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികൾ കേന്ദ്രം ത്വരിതപ്പെടുത്തുന്നതിനിടെ, വൻ പ്രവർത്തന ലാഭത്തിലേക്ക് കുതിച്ച് ബാങ്കുകൾ. മൂലധനത്തിനായി യാചിച്ചു നിന്ന കാലത്തിൽ നിന്ന് സ്വന്തം അടിത്തറ ബലപ്പെടുത്തുന്ന പുതുകാലത്തിലേക്കുള്ള ബാങ്കുകളുടെ കുതിപ്പ് കേന്ദ്ര സർക്കാരിനും അപ്രതീക്ഷിതമായി. 2021 — 22 സാമ്പത്തിക വർഷം 20, 000 കോടി രൂപയാണ് കേന്ദ്ര സർക്കാർ പൊതുമേഖലാ ബാങ്കുകൾക്ക് മൂലധന സഹായമായി നൽകിയതെങ്കിൽ, ഈ സാമ്പത്തിക വർഷം ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണ് അവയുടെ പ്രവർത്തന ലാഭം. ഇതിൽ, 55,684 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്. അമേരിക്കയിലടക്കം ബാങ്കുകൾ കൂട്ടത്തോടെ തകരുന്നതിനിടയിലാണ്, ലയന ശേഷം രാജ്യത്ത് അവശേഷിക്കുന്ന പൊതുമേഖലയിലെ 12 ബാങ്കുകളുടെ ഈ നേട്ടം. 

2016–17 മുതൽ ’20 — 21 വരെ കേന്ദ്രത്തിന്റെ മൂലധന സഹായത്തെ ആശ്രയിക്കുകയായിരുന്നു പൊതുമേഖലയിലെ ചില ബാങ്കുകൾ. ഇനി സഹായം നൽകില്ലെന്നും ധനസമാഹരണത്തിന് സ്വന്തം വഴി തേടണമെന്നും കേന്ദ്രം നിലപാട് കർക്കശമാക്കിയിരുന്നു. സാമ്പത്തിക നില വഷളായതിനെ തുടർന്ന് ചില ബാങ്കുകൾക്കെതിരെ ആർ ബി ഐ തിരുത്തൽ നടപടിയും സ്വീകരിച്ചിരുന്നു. അത്തരം ബാങ്കുകൾ കൂടി ലാഭവഴിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇതിനിടെ, ബാങ്ക് സ്വകാര്യവത്കരണ നടപടികൾ വേഗത്തിലാക്കാൻ പുതിയ സമിതിയെ നിയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. എല്ലാ ബാങ്കുകളും ലാഭത്തിലാവുകയും കിട്ടാക്കടം കുറയുകയും മൂലധന പര്യാപ്തതാ അനുപാതം മികച്ച നിലയിലാവുകയും ചെയ്തത് സ്വകാര്യവല്‍ക്കരണ സാധ്യതകളെ വർധിപ്പിക്കും എന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം. 

ഇതിന്റെ അടിസ്ഥാനത്തിലാണ്, നിതി ആയോഗിന്റെയും ആർബിഐയുടെയും പൊതു ആസ്തി കൈകാര്യ വകുപ്പി(ദീപം) ലെയും പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ സമിതി രൂപവല്‍ക്കരിക്കാനുള്ള നീക്കം. രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവല്‍ക്കരിക്കുമെന്ന് 2021ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അവ ഏതെന്ന് വ്യക്തമാക്കിയിരുന്നില്ല. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ ഇതിനായി നിതി ആയോഗ് ശുപാർശ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പൊതുമേഖലയിലെ താരതമ്യേന ചെറിയ ബാങ്കുകളെയാണ് സ്വകാര്യവല്‍ക്കരണത്തിനായി കേന്ദ്രം നോട്ടമിടുന്നതെന്നും ഐഡിബിഐ ബാങ്കിന്റെ നടപടികൾ വിലയിരുത്തിയാവും ആവശ്യമായ നയം രൂപവല്‍ക്കരിക്കുകയെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

Eng­lish Summary;Public sec­tor banks surged dur­ing Cen­tre’s pri­va­ti­za­tion drive

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.