ഭക്ഷ്യ സബ്സിഡികള്‍ വെട്ടിക്കുറയ്ക്കാനും നിതി ആയോഗിന്റെ ശുപാര്‍ശകള്‍ക്ക് പച്ചകൊടി കാട്ടി കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗുണഭോക്താക്കളെ വിപുലീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ എതിര്‍ത്ത് കേന്ദ്രം ഉയര്‍ത്തിയ വാദങ്ങള്‍ നിതി ആയോഗിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണെന്ന് ദ റിപ്പോർട്ടേഴ്‌സ് കളക്ടീവ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ വിപുലീകരിക്കുന്നതിനെ നിതി ആയോഗ് ശക്തമായി എതിര്‍ത്തിരുന്നതായാണ് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര ബജറ്റില്‍ ഭക്ഷ്യധാന്യ സബ്‌സിഡി 63 ശതമാനം വെട്ടിക്കുറച്ചതും സൗജന്യ ഭക്ഷ്യവിതരണം അവസാനിപ്പിച്ചതും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ മറ്റ് പദ്ധതികൾ പുനഃക്രമീകരിച്ചതും നിതി ആയോഗ് ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ്. ഗുണഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാനുള്ള കോടതി നിർദേശം അവഗണിച്ച് അടുത്ത സാമ്പത്തിക വർഷത്തിൽ ഭക്ഷ്യ സബ്‌സിഡിയിൽ 1,79,844 കോടി രൂപയുടെ കുറവ് വരുത്താനുള്ള പദ്ധതികളാണ് പുതിയ ബജറ്റ് കണക്കുകളിലുള്ളത്.
ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും വിലകുറഞ്ഞ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് തുടരുന്നത് സാധ്യവും അഭികാമ്യവുമാണോ എന്ന് സർക്കാർ പുനഃപരിശോധിക്കണമെന്ന് നിതി ആയോഗ് നിര്‍ദേശിച്ചിരുന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പരിധി കുറയ്ക്കാനും പൊതുവിതരണ സംവിധാനത്തില്‍ സ്വകാര്യ കമ്പനികളെ പങ്കാളികളാക്കാനും നിര്‍ദേശിക്കുന്നു. ഭക്ഷ്യധാന്യങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും വിതരണവും ഉറപ്പാക്കുന്നതിന് എൻഎഫ്എസ്എയ്ക്ക് കീഴിലുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൊതു-സ്വകാര്യ പങ്കാളിത്ത(പിപിപി) രീതിയില്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് നിതി ആയോഗിന്റെ വാദം. രാജ്യത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നത് സംബന്ധിച്ച് ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടിലാണ് നിതി ആയോഗ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.
പിഡിഎസ് സ്വകാര്യവൽക്കരിക്കുന്നത് ഭക്ഷ്യവിപണിയിൽ മറ്റ് താല്പര്യങ്ങളുള്ള കമ്പനികൾക്ക് അവസരമൊരുക്കുമെന്ന് വിദഗ്‍ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർധിച്ചുവരുന്ന അസമത്വം റേഷൻ കാർഡ് അപേക്ഷകളുടെ എണ്ണത്തിലെ ഗണ്യമായ വർധനവില്‍ പ്രതിഫലിക്കുന്നുണ്ട്. 2022ൽ, റേഷൻ കാർഡുകൾക്കായുള്ള തീർപ്പുകൽപ്പിക്കാത്ത അപേക്ഷകളുടെ എണ്ണം 10 ലക്ഷത്തിലേറെയാണ്. ഈ വസ്തുതകള്‍ നിലനില്‍ക്കെ തന്നെയാണ് ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കണമെന്ന നിതി ആയോഗിന്റെ അഭിപ്രായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചത്.
English Summary;Public supply should also be privatized; The recommendation is that of Niti Aayog
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.