2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചത് 9044 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഉമ്മൻ ചാണ്ടി 63,372 വോട്ട് നേടിയപ്പോൾ, എതിരാളി എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നേടിയത് 54,328 വോട്ടുകളാണ്. ഉമ്മൻ ചാണ്ടിയുടെ വേര്‍പാടിനെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുന്‍ ജനപ്രതിനിധിയുടെ വിയോഗത്തിലൂടെ സഹതാപ തരംഗ സാധ്യത ഉയർത്തിയാണ് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഉമ്മൻചാണ്ടിയുടെ മരണം മുതല്‍ ചാണ്ടി ഉമ്മനെ ഉയര്‍ത്തിക്കാട്ടി ചാനലുകളും സഹതാപ തരംഗ കഥകള്‍ മിനയാന്‍ തുടങ്ങി.
എന്നാൽ മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണ രംഗത്തുള്ളത്. അഞ്ച് പതിറ്റാണ്ടായി ഒരാൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടിട്ടും പുതുപ്പള്ളിയിൽ വികസനം തിരിഞ്ഞ് നോക്കിയിട്ടില്ല എന്നതാണ് എൽഡിഎഫിന്റെ പ്രചരണായുധം. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മണ്ഡലത്തിൽ ഏറെ ചർച്ചകൾക്ക് വഴിതെളിക്കുന്നതും ഈ വികസന മുരടിപ്പ് തന്നെയാണ്. മണ്ഡലത്തിലെവിടെയും വികസനത്തിന്റെ വര്‍ത്തമാനമാണ് ചര്‍ച്ച. ഇടതുസര്‍ക്കാരിന്റെ വിവിധ പദ്ധതികളും എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവൃത്തികളും പ്രതീക്ഷയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തിലെമ്പാടും നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താവതരങ്ങളിലും ജനങ്ങള്‍ പറയുന്ന നിലപാട് വികസനം വേണമെന്നാണ്. അതിനായി എല്‍ഡിഎഫ് വിജയിക്കണമെന്നും അവര്‍ തുറന്നുപറയുന്നു. വികസനം ചര്‍ച്ചചെയ്യാമെന്ന് തുടക്കത്തില്‍ പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രചാരകരും, എല്‍ഡിഎഫ് തയ്യാറാണെന്ന് അറിയിച്ചതോടെ അതില്‍നിന്ന് പിന്മാറി. വികസനത്തെക്കുറിച്ച് ചോദിക്കുന്ന ചാനലുകള്‍ക്കുമുന്നില്‍ നിന്നുപോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒളിച്ചോടുന്ന കാഴ്ച ട്രോളര്‍മാര്‍ക്ക് വിഭവമായി മാറിക്കഴിഞ്ഞു.
യുഡിഎഫിന്റെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെയും വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷം മണ്ഡലത്തിന്റെ വികസനവും സംസ്ഥാന സര്‍ക്കാരിന്റെ പുരോഗതിയും ചര്‍ച്ചചെയ്യാമെന്ന് തീരുമാനിച്ചതോടെ ചാണ്ടി ഉമ്മന്റെ ക്യാമ്പ് പരുങ്ങലിലായി. മറ്റെല്ലാം മറന്ന് ഉമ്മന്‍ ചാണ്ടിയുടെ മരണവും കല്ലറയും പ്രാര്‍ത്ഥനയും മറ്റുപരിവേഷങ്ങളും ആയുധമാക്കിയാണ് യുഡിഎഫ് പ്രചാരം.
അതേസമയം സ്ഥാനാര്‍ത്ഥിയുടെ പത്രികാസമര്‍പ്പണ ശേഷം മണർകാട് കവലയിൽ നടന്ന പൊതുസമ്മേളനത്തോടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവിധ സമ്മേളന പരിപാടികൾക്കും തുടക്കമായി. മേഖലാ യോഗങ്ങൾ, വനിതാ അസംബ്ലി, വികസന സന്ദേശ സമ്മേളനങ്ങൾ എന്നിവ നടക്കും. 24 മുതൽ സെപ്റ്റംബർ രണ്ട് വരെ വിവിധ ദിവസങ്ങളിലായി മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ പൊതുപര്യടനം നടക്കും. 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തും. മറ്റ് എല്‍ഡിഎഫ് നേതാക്കളും വിവിധ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
മണ്ഡലത്തിലെ എട്ടില്‍ പുതുപ്പള്ളി ഉൾപ്പെടെ ആറ് പഞ്ചായത്തുകളിൽ എൽഡിഎഫാണ് ഭരണം നടത്തുന്നത്. അയർകുന്നം മീനടം പഞ്ചായത്തുകളിൽ മാത്രം യുഡിഎഫ് ഭരിക്കുമ്പോൾ അകലകുന്നം, കൂരോപ്പട, മണക്കാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകൾ എൽഡിഎഫിന് ഒപ്പമാണ്. 2016ൽ ഉമ്മൻചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടിന്റെ ലീഡ് നൽകിയ പാമ്പാടിയിൽ 2021ൽ ജെയ്‌ക് സി തോമസ് ആയിരത്തിനടുത്ത് വോട്ടിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. മണർകാട് പഞ്ചായത്തിൽ ജെയ്‌കിന് ആയിരത്തിന് മേൽ വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തിനൊപ്പം ചേർന്നതും സഭാതർക്കവുമെല്ലാം അന്ന് കോൺഗ്രസിന്റെ വോട്ടുകളിലാണ് വിള്ളലുണ്ടാക്കിയത്. ഇത് കഴിഞ്ഞ പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചിരുന്നു. പാമ്പാടി, മണർകാട് പഞ്ചായത്തുകളിൽ ഉമ്മൻ ചാണ്ടിക്ക് ലീഡ് കുറയാൻ കാരണവും ഇത് തന്നെ ആയിരുന്നു എന്നാണ് വിലയിരുത്തൽ. അതേസമയം ഇതുവരെ കാര്യമായ ഇംപാക്ട് ഈ മണ്ഡലത്തിൽ ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. 2016ൽ 15,993 വോട്ട് നേടിയ ബിജെപിയുടെ വോട്ട് 2021ൽ 11,694 ആയി കുറഞ്ഞിരുന്നു.
യുഡിഎഫിനായി ചാണ്ടി ഉമ്മനും എൽഡിഫിനായി ജെയ്‌ക് സി തോമസും ബിജെപിക്കായി ജി ലിജിൻ ലാലുമാണ് മത്സരരംഗത്തുള്ളത്. ലിജിന്‍ ലാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ നിന്ന് മത്സരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭാ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്.
English Sammury: People’s declarations that Pudupally is with LDF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.