5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 3, 2023
June 13, 2023
May 31, 2023
May 20, 2023
November 10, 2022
August 5, 2022
June 27, 2022
June 27, 2022
June 17, 2022
May 29, 2022

പുൽപ്പളളി വായ്പാ തട്ടിപ്പ്; കെപിസിസി  ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ

സ്വന്തം ലേഖകന്‍ 
പുൽപ്പള്ളി
May 31, 2023 9:48 pm
 കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം പ്രസിഡന്റായിരുന്ന പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിന് ഇരയായതിനെ തുടർന്ന് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. കെ കെ അബ്രഹാമിന്റെ വീട്ടിലേക്ക് നാട്ടുകാർ മൃതദേഹവുമായി മാർച്ച് നടത്തി.
ഇന്നലെ ഉച്ചക്ക് 1.45ഓടെ ബാങ്കിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് ട്രാഫിക് ജംഗ്ഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ഇവിടെ സമരക്കാരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ മൃതദേഹവുമായി സമരക്കാർ ബാങ്കിന് മുന്നിലേക്ക് വരികയായിരുന്നു. ഇവിടെ മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കാൻ പൊലീസ് അനുവദിക്കാതായതോടെ വീണ്ടും വാക്കുതർക്കമുണ്ടായി. പിന്നീട് ആംബുലൻസിനുള്ളിൽ മൃതദേഹം പുറത്തിറക്കാതെ മുദ്രവാക്യങ്ങളുമായി സമരക്കാർ ബാങ്കിന് മുന്നിൽ നിലയുറപ്പിച്ചു. സുൽത്താൻ ബത്തേരി തഹസിൽദാർ സ്ഥലത്തെത്തി 2.30ഓടെ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് രാജേന്ദ്രന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടിലേക്ക് കൊണ്ടുപോയി വൈകിട്ട് അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇന്നലെ പുലർച്ചയോടെ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിനെയും ബാങ്ക് സെക്രട്ടറി കെ രമാദേവിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ പരാതിക്കാരൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലായത്. ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡാനിയേൽ എന്നയാൾ നേരത്തെ പുൽപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ അബ്രഹാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രമാദേവിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് പറഞ്ഞു. 2019 ൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ സംരക്ഷിക്കുന്നതായി ആരോപണമുയർന്നിരുന്നു. മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Eng­lish Summary;Pulpalli Loan Fraud; KPCC Gen­er­al Sec­re­tary in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.