13 December 2025, Saturday

Related news

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 8, 2025
December 7, 2025
April 3, 2025
September 18, 2024
August 25, 2023

ഭാവഭേദമില്ലാതെ പൾസർ സുനി,പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; നടിയെ പീഡിപ്പിച്ച കേസിലെ ശിക്ഷാവിധി ഇന്ന് മൂന്നരക്ക്

Janayugom Webdesk
കൊച്ചി 
December 12, 2025 1:05 pm

നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി ശിക്ഷാവിധിയിന്‍മേല്‍ വാദം കേള്‍ക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍.
പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. യാതൊരു ഭാവഭേദവുമില്ലാതെ കോടതി മുറിയിലേക്ക് നടന്നു കയറിയ ഒന്നാം പ്രതി പൾസർ സുനി തനിക്ക് അമ്മ മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി. എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു പൾസറിന്റെ പ്രതികരണം. എന്നാല്‍ പൊട്ടിക്കരഞ്ഞാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി സംസാരിച്ചത്. ഒരു പെറ്റിക്കേസ് പോലും തനിക്കെതിരെ മുന്‍പുണ്ടായിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന്റെ പേരില്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി ജയിലില്‍ കഴിഞ്ഞുവെന്നും മാർട്ടിൻ പറഞ്ഞു.

മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. മറ്റാരുമായും കൂടിയിരുന്ന് സംസാരിച്ചിട്ടില്ലെന്നും കുടുംബത്തിന് താന്‍ മാത്രമാണ് ആശ്രയമെന്നും തന്നോടും കുടുംബത്തോടും കോടതി അനുകമ്പ കാട്ടണമെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. 

താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ‌ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു. കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. കോടതി വിധി സമൂഹത്തിന് വേണ്ടിയല്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അത് കുറ്റവാളികള്‍ക്കും കുറ്റകൃത്യത്തിനും എതിരെയുള്ളതാണ്. ശിക്ഷയാണ് സമൂഹത്തിന് സന്ദേശമാകേണ്ടതെന്നും കോടതി വ്യക്തമാക്കി. ശിക്ഷാവിധി ഇന്ന് മൂന്നരക്ക് ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.