15 November 2024, Friday
KSFE Galaxy Chits Banner 2

പുല്‍വാമ വെളിപ്പെടുത്തല്‍: കേന്ദ്രം പ്രതിരോധത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2023 11:24 pm

2019 ഫെബ്രുവരിയില്‍ ജമ്മുകശ്മീരില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം സംശയാസ്പദമെന്ന് മരിച്ച സൈനികരുടെ കുടുംബങ്ങള്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തിപ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായി.
ജമ്മുകശ്മീര്‍ മുന്‍ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സൈനികരുടെ കുടുംബങ്ങള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം 40 ജവാന്മാരുടെ ജീവന്‍ നഷ്ടമായ വിഷയത്തില്‍ മൗനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടതായി സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ബിജെപിയോ കേന്ദ്രസര്‍ക്കാരോ ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. മാലിക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുന്‍ കരസേനാ മേധാവി അടക്കമുള്ളവരും കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

ബംഗാളില്‍ നിന്നുള്ള സൈനികര്‍ സുധീപ് ബിശ്വാസിന്റെയും ബബ്ലു സാന്ദ്രയുടെയും ബന്ധുക്കള്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം വെടിയണമെന്നും സത്യം പറയാന്‍ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി താന്‍ സംശയാലുവായിരുന്നുവെന്നും സത്യം മാത്രം പുറത്ത് വന്നില്ലെന്നും സുധീപിന്റെ പിതാവ് സന്യാസി ബിശ്വാസ് പറഞ്ഞു. സൈനികരുടെ മരണത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും മടിച്ച് നില്‍ക്കരുതെന്നും സത്യം പറയാന്‍ ആര്‍ജവം കാട്ടണമെന്നും സുധീപിന്റെ സഹോദരി ജുംപ പറഞ്ഞു.

ബബ്ലുവിന്റെ 71 വയസുള്ള മാതാവ് ബോണോമല സാന്ദ്രയും ഭാര്യ മിതയും സത്യം തങ്ങള്‍ക്ക് അറിയണമെന്ന് ആവശ്യപ്പെട്ടു. കനത്ത മഞ്ഞു വീഴ്ചയുള്ള സമയത്ത് സൈനിക നീക്കം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍, ധൃതി പിടിച്ച് സൈനികനീക്കത്തിനു അനുമതി നല്‍കിയത് സംശയം ജനിപ്പിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ എന്തോ ഒളിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നതായി തങ്ങള്‍ സംശയിക്കുന്നതായും അവര്‍ പറഞ്ഞു. വിവിധ വിമുക്തഭട, കര്‍ഷക സംഘടനകളും ഖാപ് പഞ്ചായത്തുകളും സൈനിക കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് ജനങ്ങളില്‍ ഉണ്ടായിരിക്കുന്ന സംശയം ദൂരീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാലിക്കിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമായ വിഷയമാണ്. ഭീകരാക്രമണം സംബന്ധിച്ച് ജനങ്ങളില്‍ ആശങ്കയും സംശയവും നിലനിന്നിരുന്നു. അത്തരം സംശയം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രി എവിടെ? ചോദ്യമുയരുന്നു

അധികാരം നിലനിര്‍ത്താന്‍ സൈനികരെ കുരുതി കൊടുത്ത നടപടി ആര്‍ക്കും ഭൂഷണമല്ലെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ട് വരണമെന്നും വീരമൃത്യു വരിച്ച ഭഗീരഥിന്റെ പിതാവ് പരശുറാം പറഞ്ഞു. 40 സൈനികര്‍ ജീവന്‍ ത്യജിച്ച സമയത്ത് പ്രധാനമന്ത്രി എവിടെയായിരുന്നുവെന്നും അദ്ദേഹം ഉറങ്ങിപ്പോയോ എന്നും പരശുറാം ചോദിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജീത്റാമിന്റെ സഹോദരന്‍ വിക്രമും സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. ആക്രമണം നടന്ന സമയത്ത് തന്നെ സത്യപാല്‍ മാലിക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ മുന്നോട്ട് വരണ്ടേതായിരുന്നുവെന്നും വിക്രം വ്യക്തമാക്കി.

Eng­lish Sum­ma­ry: Pul­wa­ma rev­e­la­tions: Cen­ter on the defensive

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.