
അണ്ടർ 23 വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം തോൽവി. പഞ്ചാബ് നാല് വിക്കറ്റിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 19.2 ഓവറിൽ ലക്ഷ്യത്തിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി അനന്യ കെ പ്രദീപും ക്യാപ്റ്റൻ നജ്‌ല സിഎംസിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ കേരളത്തിന് മികച്ച സ്കോർ നേടാനായില്ല.
ഓപ്പണർമാരായ വൈഷ്ണ എം പി ഒമ്പതും ശ്രദ്ധ സുമേഷ് 11ഉം റൺസ് നേടി മടങ്ങി. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അനന്യയും നജ്‌ലയും ചേർന്നുള്ള കൂട്ടുകെട്ടാണ് കേരളത്തെ മാന്യമായൊരു സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. നജ്‌ല 28 റൺസെടുത്ത് പുറത്തായപ്പോൾ അനന്യ 24 റൺസെടുത്ത് റിട്ടയേഡ് ഹർട്ടായി മടങ്ങി. തുടർന്നെത്തിയവരിൽ ശീതൾ വി ജെ 10 റൺസ് നേടി. പഞ്ചാബിന് വേണ്ടി മന്നത് കാശ്യപ് നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഓപ്പണർമാർ നല്കിയ മികച്ച തുടക്കം മുതൽക്കൂട്ടായി. അവ്നീത് കൗർ 39ഉം ഹർസിമ്രൻജിത് 27ഉം റൺസ് നേടി. എന്നാൽ മധ്യ ഓവറുകളിൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി കേരളം തിരിച്ചടിച്ചതോടെ മത്സരം അവസാന ഓവറിലേക്ക് നീണ്ടു. പക്ഷെ അവസാന ഓവറിലെ രണ്ടാം പന്തിൽ തന്നെ പഞ്ചാബ് ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ നജ്‌ല മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.