14 December 2025, Sunday

വിധിയെ തിരുത്തിയെഴുതി പവറാണ് പഞ്ചാബ്

ചെന്നൈയുടെ റെക്കോഡ് പഴങ്കഥയാക്കി
Janayugom Webdesk
April 16, 2025 9:55 pm

ഐപിഎല്‍ ചരിത്രത്തില്‍ ഇങ്ങനെയൊരു മത്സരം അപൂര്‍വങ്ങളിലൊന്നാണ്. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്-പഞ്ചാബ് കിങ്സ് മത്സരം കണ്ടവര്‍ക്ക് മനോഹരമായ ക്രിക്കറ്റ് അനുഭവങ്ങളിലൊന്നായിരുന്നു ഇത്. ചെറിയ സ്കോര്‍ പ്രതിരോധിച്ച് ജയിച്ച് പഞ്ചാബ് ഐപിഎല്‍ ചരിത്രത്തില്‍ റെക്കോഡും കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 111 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ കൊല്‍ക്കത്ത മത്സരത്തില്‍ വിജയിക്കുമെന്ന് ഏവരും ഒന്നടങ്കം വിധിയെഴുതി. ഇത്രയും ചെറിയ സ്കോര്‍ ഇന്നേവരെ ഐപിഎല്ലില്‍ പ്രതിരോധിച്ച് വിജയിച്ചിട്ടില്ല. എന്നാല്‍ 112 റണ്‍സ് വിജയലക്ഷ്യമായിറങ്ങിയ കൊല്‍ക്കത്തയെ 15.1 ഓവറില്‍ 95ന് പഞ്ചാബ് ഓള്‍ഔട്ടാക്കി. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ച ടീമെന്ന റെക്കോഡ് പഞ്ചാബ് സ്വന്തമാക്കി. ചെന്നൈയുടെ 16 വര്‍ഷത്തെ റെക്കോഡാണ് പഴങ്കഥയാക്കിയത്. 2009ല്‍ അന്നത്തെ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെയായിരുന്നു ചെന്നൈയുടെ റെക്കോഡ് വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനെയായുള്ളു. മറുപടി ബാറ്റിങ്ങിൽ കിങ്സ് ഇലവൻ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 92 റണ്‍സ് നേടാനെയായുള്ളു. 24 റണ്‍സിന്റെ വിജയം നേടാനും ചെന്നൈയ്ക്കായി. 

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് 15.3 ഓവറില്‍ 111 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഷിത് റാണ, രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍ എന്നിവരാണ് പഞ്ചാബിനെ തകര്‍ത്തത്. 30 റണ്‍സ് നേടിയ പ്രഭ്സിമ്രാന്‍ സിങ്ങാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടേത് മോശം തുടക്കമായിരുന്നു. സുനില്‍ നരെയ്ന്‍ (5), ക്വിന്റണ്‍ ഡി കോക്ക് (2) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ഏഴ് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ കെകെആര്‍ തകര്‍ച്ചയിലായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അന്‍കൃഷ് രഘുവന്‍ഷിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് ടീമിന് അടിത്തറ പാകി മുന്നോട്ട് കൊണ്ടുപോയി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 55 എന്ന മികച്ച നിലയിലായിരുന്നു കെകെആര്‍. എന്നാല്‍ കെകെആറിനെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ പഞ്ചാബിന് കഴിഞ്ഞു. എട്ടാം ഓവറില്‍ രഹാനെ (17), പത്താം ഓവറില്‍ രഘുവംശി (37), 11-ാം ഓവറില്‍ വെങ്കടേഷ് അയ്യര്‍ (7), 12-ാം ഓവറില്‍ റിങ്കു സിങ് (2), അതേഓവറിലെ തൊട്ടടുത്ത പന്തില്‍ രമണ്‍ദീപ് സിങ് (0) എന്നിവരെ നഷ്ടമായതോടെ കൊല്‍ക്കത്ത ഏഴിന് 76 റണ്‍സെന്ന നിലയിലായി. പിന്നാലെയെത്തിയ ഹര്‍ഷിത് റാണ(3)യ്ക്ക് അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. വൈഭവ് അറോറയും റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ കൊല്‍ക്കത്ത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലായി. പിന്നീടുള്ള പ്രതീക്ഷ ആന്ദ്രെ റസലിലായിരുന്നു. എന്നാല്‍ 16-ാം ഓവറിന്റെ ആദ്യ പന്തില്‍ റസലിനെ (17) ബൗള്‍ഡാക്കി മാര്‍കോ യാന്‍സന്‍ പഞ്ചാബിന് അവിശ്വസനീയ വിജയമുറപ്പിക്കുകയായിരുന്നു. പഞ്ചാബിനായി യുസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റും മാര്‍ക്കോ യാന്‍സന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.