21 December 2024, Saturday
KSFE Galaxy Chits Banner 2

പുന്നപ്ര‑വയലാർ ചരിത്രത്തിൽ തളച്ചിടാൻ കഴിയാത്ത പ്രക്ഷോഭം

കാനം രാജേന്ദ്രൻ
October 27, 2023 4:45 am

ഇന്ത്യൻ ദേശീയപ്രസ്ഥാന ചരിത്രത്തിലെതന്നെ പ്രോജ്വലമായ ജനകീയ പ്രക്ഷോഭങ്ങളിൽ അവിസ്മരണീയമായ ഒന്നാണ് പുന്നപ്ര‑വയലാർ സമരം. ബ്രിട്ടീഷ് ഇന്ത്യയിലെ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യർക്കും അയാളുടെ സ്വേച്ഛാഭരണത്തിനുമെതിരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ പോരാട്ടമായിരുന്നു പുന്നപ്ര‑വയലാറിലേത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലെ ജന്മി-മുതലാളി വർഗത്തിനെതിരെ കർഷകരും, കയർ-മത്സ്യത്തൊഴിലാളികളും അണിനിരന്ന സ്വാതന്ത്ര്യപൂർവ കേരള ചരിത്രത്തിലെ ഏറ്റവും സംഘടിതമായ വർഗസമരം. 1946ൽ ഇന്ത്യയിൽ നിന്നും വേറിട്ട് അമേരിക്കൻ മാതൃകയിലുള്ള ഒരു സ്വതന്ത്ര സ്റ്റേറ്റാക്കാനുള്ള തീരുമാനം തിരുവിതാംകൂർ ദിവാൻ പ്രഖ്യാപിച്ചതോടെ, ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റുകൾ പ്രക്ഷോഭം ആരംഭിച്ചു. രണ്ടാം ലോകയുദ്ധാനന്തരം പടർന്നുപിടിച്ച രാജ്യത്തെ ക്ഷാമം, അനേകായിരം കർഷകരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കടുപ്പിച്ചു. 1939–43 കാലഘട്ടത്തിൽ ചേർത്തല താലൂക്കിൽ മാത്രം 21,000ത്തിലധികം കർഷകർ പട്ടിണിമൂലം മരിച്ചുവെന്നാണ് കണക്ക്. 1930കളിൽ പി കൃഷ്ണപിള്ള മുൻകയ്യെടുത്ത് ആലപ്പുഴയിലെ തൊഴിലാളികളെ സംഘടിപ്പിച്ചു. 1934ല്‍ തൊഴിലാളികളുടെ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം രാജാവിന് സമർപ്പിക്കാൻ തീരുമാനിച്ചു. 1937ൽ പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകൾ പൊതുപണിമുടക്കിന് ആഹ്വാനം നല്‍കി. അതിനിടെ ആർ സുഗതൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്തു. അവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സൗത്ത് പൊലീസ് സ്റ്റേഷൻ വളഞ്ഞു. മൃഗീയമായ ലാത്തിച്ചാർജിനിടയിൽ ബാവ എന്ന തൊഴിലാളി സഖാവ് കൊലചെയ്യപ്പെട്ടു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ആരംഭിക്കും മുമ്പുതന്നെ ആലപ്പുഴയിലെ തൊഴിലാളികൾ പ്രായപൂർത്തി വോട്ടവകാശം, ഉത്തരവാദഭരണം, തൊഴിലാളികൾക്ക് നിയമസഭയിൽ അംഗത്വം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി.

1938ൽ കെ കെ കുഞ്ഞൻ, കെ വി പത്രോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പണിമുടക്കിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം നടന്നത്. ഉത്തരവാദഭരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി 25 ദിവസം നീണ്ടുനിന്ന പണിമുടക്ക് നടന്നു. പണിമുടക്കിനെ നേരിടാൻ പൊലീസ് തോക്കെടുത്തപ്പോൾ വാരിക്കുന്തവുമായി തൊഴിലാളികൾ പ്രതിരോധിച്ചു. മൂന്ന് തൊഴിലാളികൾ രക്തസാക്ഷികളായി. ഇനിമേൽ കൂലി വെട്ടിക്കുറയ്ക്കില്ലെന്ന് മുതലാളിമാർ ഈ പണിമുടക്കോടെ അംഗീകരിച്ചു. ഇത്തരത്തിൽ പുന്നപ്ര‑വയലാർ സമരത്തിന് മുമ്പുതന്നെ തൊഴിലാളി സമരമുന്നേറ്റങ്ങൾ ഉണ്ടായി. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. 1941 ജൂണിൽ സാമ്രാജ്യത്വ യുദ്ധം ജനകീയ യുദ്ധമായി മാറി. ഇക്കാലയളവിൽ കേരളമാകെ പാർട്ടി സംഘടിപ്പിക്കാൻ സഖാക്കളെ പി കൃഷ്ണപിള്ള അയച്ചു. നാല്പതുകളിൽ ആലപ്പുഴയാകെ തൊഴിലാളികള്‍ സംഘടിപ്പിക്കപ്പെടുകയും ശക്തിപ്പെടുകയുമായിരുന്നു. മറുവശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ട്രേഡ് യൂണിയനുകളെയും നശിപ്പിക്കാനുള്ള തന്ത്രങ്ങൾ ഭരണകൂടവും ആവിഷ്കരിക്കുകയായിരുന്നു. 1946 മാർച്ചിൽ ഓൾ ട്രാവൻകൂർ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിനെ (എടിടിയുസി) അമർച്ച ചെയ്യാൻ വേണ്ടിയുള്ള ക്രൂരമായ ശ്രമങ്ങൾ തിരുവിതാംകൂർ പൊലീസ് നടത്തിത്തുടങ്ങി. എന്നാല്‍ പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടനകൾ കരുത്തു നേടുകയായിരുന്നു. ആ വര്‍ഷം ജൂലൈയിൽ മുഹമ്മയിലും ചേർത്തലയിലും മൂന്ന് ദിവസം പണിമുടക്ക് നടന്നു. തൊഴിലാളിമുന്നേറ്റം മണത്തറിഞ്ഞ സിപിയുടെ പട്ടാളം മർദനമുറകൾ ആരംഭിച്ചു. ഒക്ടോബർ അഞ്ചിന് ആലപ്പുഴയിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. അതിന്റെ തുടർച്ചയെന്നോണം സൈന്യം അമ്പലപ്പുഴ, ചേർത്തല പ്രദേശത്തെ വളഞ്ഞു. മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായ വയലാറിനെ എളുപ്പത്തിൽ ഒറ്റപ്പെടുത്താൻ സൈന്യത്തിന് കഴിഞ്ഞു. തിരുവിതാംകൂറിലെ നാവികസേനയും ശക്തമായി രംഗത്തുണ്ടായിരുന്നു. സൈന്യവും കമ്മ്യൂണിസ്റ്റുകാരും തമ്മിൽ നടന്ന സംഘർഷങ്ങളിൽ 500ലധികം (പുന്നപ്ര‑വയലാർ: കെ സി ജോർജ്) കമ്മ്യൂണിസ്റ്റുകാർ രക്തസാക്ഷികളായി. സൈന്യത്തിന്റെ തോക്കുകളോടേറ്റുമുട്ടാൻ ജനകീയ സേനയ്ക്ക് വാരിക്കുന്തവും ഇരുമ്പുവടിയും വെട്ടുകത്തിയും കോടാലിയും കരിങ്കല്ലും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ദിവസങ്ങൾ നീണ്ടു നിന്ന ‘ഒക്ടോബർ വിപ്ലവ’ പോരാട്ടത്തിൽ എത്രപേർ മരിച്ചുവെന്ന് ഇന്നും കൃത്യമായ വിവരങ്ങളില്ല. പുന്നപ്ര‑വയലാർ സമരത്തിനു മുന്നോടിയായി അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ക്യാമ്പുകൾ തുടങ്ങിയിരുന്നു.


ഇതുകൂടി വായിക്കൂ:പുന്നപ്ര‑വയലാർ സമര നായകർ 


രണ്ടാം ലോക യുദ്ധത്തെ തുടർന്ന് പട്ടാളത്തിൽ നിന്നും പിരിഞ്ഞവർ കമ്മ്യൂണിസ്റ്റ് കേഡർമാർക്ക് പരിശീലനം നൽകി. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്ന സി കെ കുമാരപ്പണിക്കർ, എംഎൻ, കെ സി ജോർജ്, ടി വി തോമസ്, എം ടി ചന്ദ്രസേനൻ, എ ആർ ശ്രീധരൻ, കെ പി പത്രോസ്, എൻ പി തണ്ടാർ, ആർ സുഗതൻ തുടങ്ങിയവരായിരുന്നു നേതൃത്വം നൽകിയ പ്രധാന നേതാക്കൾ. പുന്നപ്രയിൽ നൂറുകണക്കിന് സഖാക്കൾ വെടിയേറ്റ് മരിച്ചു. ഇതിനെത്തുടർന്ന് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും സംഘട്ടനങ്ങൾ പടർന്നു. വയലാറിലേക്ക് സൈന്യത്തെ എത്തിച്ചിരുന്ന മാരാരിക്കുളം പാലം കമ്മ്യൂണിസ്റ്റ് കേഡർമാർ തകർത്തു. കരയിലും കായലിലും ഇരുട്ടിലും വെളിച്ചത്തിലും രാത്രിയും പകലും ഒളിഞ്ഞും നേരിട്ടും സഖാക്കൾ അനന്യസാധാരണമായ കരുത്തോടെ ശത്രുവർഗത്തിന്റെ നിറതോക്കിനു മുന്നിൽ നിന്ന് സ്വാതന്ത്ര്യത്തിനും തങ്ങളുടെ സഹോദരിമാരുടെയും അമ്മമാരുടെയും മാനം കവർന്ന നരാധമ ശക്തികൾക്കെതിരെയും അടങ്ങാത്ത ആത്മവീര്യത്തോടെ പോരാടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നയിച്ച ആദ്യത്തെ സംഘടിത സായുധ കലാപം മാത്രമായിരുന്നില്ല പുന്നപ്ര‑വയലാർ സമരം. അതിക്രൂരമായ സ്ത്രീപീഡനത്തിനെതിരായി, സ്ത്രീകളുടെ വിമോചനത്തിന് വേണ്ടി നടത്തിയ ഏറ്റവും മഹത്തായ സമരം കൂടിയായിരുന്നു അത്. സമരനേതാവ് സി കെ കുമാരപ്പണിക്കരുടെ വീട് സിപിയുടെ പട്ടാളം പൊളിക്കുകയും അവിടുത്തെ സ്ഥാവരജംഗമ വസ്തുക്കൾ എടുത്തുകൊണ്ടു പോകുകയുമായിരുന്നു. അന്ന് അതെല്ലാം നോക്കി നിന്ന ബാലനായിരുന്നു പണിക്കരുടെ മകന്‍ സി കെ ചന്ദ്രപ്പൻ. വെടിയേറ്റ് മരിച്ച നൂറുകണക്കിന് സഖാക്കളെ മാത്രമല്ല മുറിവേറ്റവരെയും ഒരുമിച്ച് സൈനികവണ്ടികളിൽ വാരിയിട്ട് ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ തള്ളിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചു. അതാണ് വലിയ ചുടുകാട് പുന്നപ്ര‑വയലാർ രക്തസാക്ഷി നഗർ ആവുന്നതിന്റെ രക്താഭിഷിക്തമായ ചരിത്രം.

പ്രായപൂർത്തി വോട്ടവകാശത്തിനും ദിവാൻ ഭരണവാഴ്ചയുടെയും രാജവാഴ്ചയുടെയും അന്ത്യം കുറിക്കാനും പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടി നടത്തിയ ത്യാഗനിർഭരമായ രാഷ്ട്രീയ പോരാട്ടമായിരുന്നു പുന്നപ്ര‑വയലാർ സമരം. ഈ സമരത്തോടെ ദിവാൻ ഭരണം തകർന്നു. ആർഎസ്‌പിക്കാരനായ കെസിഎസ് മണിയുടെ വെട്ടേറ്റ് മൂക്കുമുറിഞ്ഞ ദിവാൻ സി പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിൽ നിന്നും നാടുവിട്ടു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സമരങ്ങളായ തെലങ്കാന, തേഭാഗാ കലാപങ്ങൾക്കൊപ്പം നിൽക്കുന്ന പുന്നപ്ര‑വയലാർ സമരം അവിടെ അവസാനിക്കുന്നതല്ല; കേരള ചരിത്രത്തിന്റെ ഗതിമാറ്റുന്നതിൽ നിർണായക പ്രാധാന്യമുള്ളതായിരുന്നു. കലാപാനന്തരം, കേരളത്തിലെ സംഘടിത കർഷകത്തൊഴിലാളി വിഭാഗങ്ങൾ പൂർവാധികം ശക്തിയോടെ ഉയർന്നുവരികയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാരുടെ കഥകഴിക്കുമെന്ന് നിയമസഭയിൽ സിപി പ്രസംഗിച്ചതാണ്. എന്നാൽ പുന്നപ്ര‑വയലാർ സമരത്തോടെ കേരളത്തിലെ ഏറ്റവും ഉജ്വലമായ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർന്നുവന്നു. സംസ്ഥാനത്തെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957ൽ നിലവിൽ വന്നതോടെ, അത് പ്രത്യക്ഷത്തിൽ സ്ഥിരീകരിക്കപ്പെട്ടു. യഥാർത്ഥത്തിൽ ചരിത്രത്തിനുമുന്നേ നടന്നവരായിരുന്നു വയലാറിലെ ധീരരക്തസാക്ഷികളും അവർക്കു നേതൃത്വം നൽകിയവരും. തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പണയംവച്ചും ദിവാൻപടയ്ക്കു നേരെ പോരാട്ടം നടത്തിയ ധീര സഖാക്കളുടെ ചരിത്രത്തെ സ്വാതന്ത്ര്യാനന്തരം കേന്ദ്രം ഭരിച്ച സർക്കാരുകൾ നിരാകരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പുന്നപ്ര‑വയലാർ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന വാദമുയർത്തി ചരിത്രത്തെ മൂടിവയ്ക്കാൻ ശ്രമിച്ചപ്പോൾ, സിപിഐയുടെ സമുന്നത നേതാവും മികച്ച പാർലമെന്റേറിയനുമായ ഇന്ദ്രജിത് ഗുപ്ത കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് 1998ൽ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഔദ്യോഗികമായി അംഗീകരിച്ചതും സമരത്തിൽ പങ്കെടുത്തവർക്ക് സ്വാതന്ത്ര്യസമര പെൻഷൻ നൽകാൻ തീരുമാനിച്ചതും. അന്ന് അതിനെ ശക്തമായി എതിർത്ത വലതുപക്ഷ ശക്തിയായ ബിജെപിയും അവരെ നയിക്കുന്ന ആർഎസ്എസും ഇന്ന് കേന്ദ്രം ഭരിക്കുമ്പോൾ ചരിത്ര സമരങ്ങളെ മാറ്റിനിർത്തി പുതിയ ചരിത്രം കൃത്രിമമായി സൃഷ്ടിക്കുന്നു. ഐക്യകേരളമെന്ന ആശയത്തിന് തിരികൊളുത്തിയ പുന്നപ്ര‑വയലാറിനെ മറവിയിലേക്ക് തള്ളിവിടാനും വസ്തുതകളെ വളച്ചൊടിക്കാനുമുള്ള ശ്രമങ്ങൾ അക്കാദമിക് തലത്തിലും ഭരണതലത്തിലും നടക്കുന്നു. 2020ല്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും സംയുക്തമായി പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമര നിഘണ്ടുവിൽ അഞ്ചാം വാല്യത്തിൽ നിന്നും 40ഓളം രക്തസാക്ഷികളുടെ പേരുകൾ വെട്ടിമാറ്റിയത് ഇതിന്റെ തെളിവുകളാണ്. ഇതിൽ ഏറ്റവും പുതിയ ഉദാഹരണമാണ് ഗോവ ഗവർണറായ പി എസ് ശ്രീധരൻ പിള്ളയുടെ പുസ്തകം.


ഇതുകൂടി വായിക്കൂ: പുന്നപ്ര വയലാറിന്റെ വീരസ്മരണ


ഇന്ത്യ ഹിന്ദുത്വ ഫാസിസമെന്ന ഭീഷണിയെ അത്യപൂർവമാംവിധം അഭിമുഖീകരിക്കുമ്പോൾ പുന്നപ്ര‑വയലാർ സമരത്തെക്കുറിച്ചുളള ആവേശ്വോജ്വല സ്മരണകൾ നമുക്ക് കൂടുതൽ കരുത്തു നൽകും. അവർ ചരിത്രത്തെ, അവരുടെ പ്രത്യയശാസ്ത്രവൈകൃതങ്ങൾക്കും പ്രതിലോമാശയങ്ങൾക്കുമനുസരിച്ച് തിരുത്തിയെഴുതുകയും സത്യസന്ധമായ ചരിത്രത്തെ നിഷേധിക്കുകയും ചെയ്യുന്നു. ചരിത്രത്തെ അവര്‍ ഭയപ്പെടുന്നു. കാരണം തങ്ങളുടെ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന രക്തരൂഷിതമായ കലാപങ്ങളെ വീണ്ടും ക്ഷണിച്ചുവരുത്തുന്നതാണെന്ന ആശങ്ക അവരിൽ ഭയവും വിഭ്രാന്തിയും സൃഷ്ടിക്കുന്നു. മനുഷ്യജീവനെ ഉന്മൂലനം ചെയ്യുകയെന്നതാണ് ഫാസിസം എന്ന വാക്കിന്റെ ഏറ്റവും ലളിതവും മൗലികവുമായ അർത്ഥം. കാരണം, ജീവിക്കാനുള്ള അവകാശമാണ് അഥവാ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രഥമവും പ്രധാനവും. ന്യൂനപക്ഷ വിഭാഗങ്ങളെയും ആദിവാസികളെയും ദളിത്-പിന്നാക്ക ജനങ്ങളെയും അങ്ങേയറ്റം പാർശ്വവൽക്കരിക്കുകയും, കോർപറേറ്റ് മുതലാളിത്തവുമായി കൈകോർത്ത് ചൂഷണം ചെയ്യുകയുമാണ് മോഡി സർക്കാർ. അതിന്റെ ഭാഗമായി മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും ജയിലിലിട്ട് പീഡിപ്പിക്കുകയും അവർക്കെതിരെ രാജ്യദ്രോഹനിയമങ്ങൾ ചുമത്തുകയുമാണ് ബിജെപി സർക്കാർ ചെയ്യുന്നത്. മാധ്യമങ്ങളെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഭയപ്പെടുന്നു. എല്ലാറ്റിനുമുപരി നമ്മുടെ ഭരണഘടനാനുസൃതമായതും ജനാധിപത്യപരവുമായ രാഷ്ട്രീയ സംവിധാനത്തെ ഭയപ്പെടുന്നു. അതിന്റെ ഭാഗമായാണ് വിവിധ രീതിയിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത്. ഏകാധിപതിയും ജനവിരുദ്ധനുമായ ദിവാൻ സിപിക്കെതിരെ പുന്നപ്ര‑വയലാറിലെ സഖാക്കൾ നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലെ ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളും അനീതിക്കെതിരെ ജീവൻ കൊടുക്കാൻ തയ്യാറായ സമരവീര്യവും ഫെഡറലിസവും ഭരണഘടനയും ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളും തകർക്കുന്ന ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ ഏതുവിധേനയും തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ഫാസിസ്റ്റ് ഭരണത്തിനെതിരെ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്താനും വിജയിപ്പിക്കാനുമുള്ള ഊർജം പകർന്നു തരുന്നു. വയലാർ രക്തസാക്ഷികളുടെ സ്മരണകളെ നമുക്ക് നെഞ്ചോടുചേർക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.