9 January 2025, Thursday
KSFE Galaxy Chits Banner 2

പരിമളം പടർത്തി പുഷ്ക്കരമുല്ല പൂത്തു

Janayugom Webdesk
തൊടുപുഴ
April 7, 2023 1:20 pm

ഒരു പ്രദേശമാകെ മുല്ലപ്പൂവിന്റെ സുഗന്ധം വിതറി ഈ വര്‍ഷവും പതിവ് പോലെ തൊടുപുഴയില്‍ പുഷ്ക്കരമുല്ല പൂത്തു. ആലക്കോട് ചവര്‍ണ്ണയിലെ ഈറ്റക്കലോടിയില്‍ വീട്ടില്‍ ദേവസ്യ ഔസേഫിന്റെ വീട്ടുമുറ്റത്താണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പുഷ്ക്കരമുല്ല പൂത്തുലഞ്ഞത്. 30 ലേറെ വര്‍ഷം പഴക്കമുള്ള ചെടിയാണ് നിറയെ പൂത്തുലഞ്ഞത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പഴമ്പള്ളിച്ചാലില്‍ താമസിക്കുമ്പോള്‍ ഈറ്റ വെട്ടുന്നതിനായി അടിമാലി ആവറ്കുട്ടി വനത്തില്‍ പോയപ്പോഴാണ് ഇലയുടെ ഭംഗി കണ്ട് ചെടി പറിച്ചുകൊണ്ട് വന്ന് വീട്ടുമുറ്റത്ത് നട്ടത്. അടുത്ത വര്‍ഷം ആലക്കോടേക്ക് താമസം മാറിയപ്പോഴും ചെടിയും പിഴുതെടുത്ത് ഒപ്പം കൂട്ടി. ചവര്‍ണ്ണയിലെ വീട്ടുമുറ്റത്ത് നട്ട് അടുത്ത വര്‍ഷം മുതല്‍ പൂവിട്ട് തുടങ്ങി. സാധാരണയിലേറെ സുഗന്ധം പരക്കാന്‍ തുടങ്ങിയതോടെയാണ് ചെടിയെക്കുറിച്ച് അന്വേഷിക്കുന്നതും പുഷ്ക്കരമുല്ലയാണെന്ന് തിരിച്ചറിയുന്നതെന്നും ദേവസ്യ സെബാസ്റ്റ്യന്‍ പറയുന്നു. 

കഴിഞ്ഞ മുപ്പതിലേറെ വര്‍ഷമായി വിഷുവിന്റേയും ഈസ്റ്ററിന്റേയുമൊക്കെ വരവറിയിച്ച് മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ മുറ്റത്തെ പുഷ്ക്കരമുല്ല പൂവിടും. മൊട്ടിട്ട് 20 ദിവസത്തോളം എടുക്കും പൂര്‍ണ്ണമായും പൂവ് വിരിയാന്‍. തൂവെള്ള നിറത്തിൽ വിരിയുന്ന പൂവ് മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നില്‍ക്കും. വര്‍ഷം തോറും നിരവധി തൈകളും ഇതിന്റെ ചുവട്ടില്‍ ഉണ്ടാകാറുണ്ട്. പൂവിന്റെ ഭംഗിയും ഗന്ധവും ഇഷ്ടപ്പെട്ട് അയല്‍വാസികളും മറ്റും തൈകള്‍ കൊണ്ടു പോകാറുണ്ട്. പൂവ് വിരിയുന്ന ഇതള്‍ ക്രമേണ ഇലയായി മാറുകയാണ് ചെയ്യുന്നത്. ഇലയുടെ ചെറിയ ഇതളാണ് പിന്നീട് പൂമൊട്ടായും പൂവായും മാറുന്നതെന്ന് ദേവസ്യയുടെ മകൻ ജിജോ സെബാസ്റ്റ്യന്‍ പറഞ്ഞു. പഴയ തിരുവിതാംകൂര്‍ പ്രദേശങ്ങളിലാണ് ഈ അപൂര്‍വസസ്യം കൂടുതല്‍ കാണപ്പെടുന്നത്. പുഷ്ക്കരമുല്ലയുടെ പൂവിതളിന് നാടന്‍ മുല്ലയുടെ ഇതളിനോളം വീതിയില്ല. പക്ഷേ, നീളം കൂടുതലുണ്ട്. പുഷ്ക്കരമുല്ലയുടെ വേര് ഔഷധ യോഗ്യവുമാണ്. 

ഏകദേശം രണ്ടടി ഉയരത്തിലും ശാഖകള്‍ പടര്‍ന്നും വളരുന്ന കുറ്റിച്ചെടിയാണ് റൂബിയേസി കുടുംബത്തില്‍പ്പെടുന്ന പുഷ്കരമുല്ല. ഇതിന്റെ പൂവിന് മുല്ലപ്പൂവിനോടുള്ള സാദൃശ്യമാണ് പുഷ്ക്കരമുല്ല എന്ന പേരുവരാന്‍ കാരണം.

Eng­lish Sum­ma­ry: Pushkara­mul­la bloomed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.