
പുത്തന്‍വേലിക്കര മോളി വധക്കേസിൽ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതി അസം സ്വദേശി പരിമള്‍ സാഹുവിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. പറവൂര്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. പ്രതി പരിമൾ സാഹു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ നിർണ്ണായക ഉത്തരവ്. വധശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ കൃത്യമായി സാധൂകരിക്കാനുള്ള തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. പ്രതി തന്നെയാണ് കൃത്യം നിർവഹിച്ചതെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവുകളും ഇയാൾ പ്രതിയാണ് എന്ന് സാധൂകരിക്കുന്നില്ലന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് ജോബിന് എബ്രഹാം എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
2018 മാർച്ചിലാണ് പുത്തൻവേലിക്കര പടയാട്ടിൽ വീട്ടിൽ മോളി എന്ന വീട്ടമ്മ കൊല്ലപ്പെട്ടത്. മോളി മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പം വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആസം സ്വദേശിയായ പരിമൾ സാഹുവായിരുന്നു പ്രതി. വീട്ടിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്ന പ്രതി സംഭവദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും എതിർത്തപ്പോൾ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. 2021ൽ പറവൂർ സെക്ഷൻ കോടതിയാണ് പരിമൾ സാഹുവിന് വധശിക്ഷ വിധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.