കോഴിക്കോട്: പരിമിതികളിൽ വീർപ്പു മുട്ടി പുതിയപാലം ശ്മശാനം. ശ്മശാനത്തിന്റെ പോരായ്മകൾ പരിസരവാസികളെയും പ്രയാസത്തിലാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മൂന്നു ചൂളകളാണ് നിലവിൽ പുതിയ പാലം ശ്മശാനത്തിൽ പ്രവർത്തിക്കുന്നത്. ഇത് തന്നെ കാലാവധി കഴിഞ്ഞവയാണെന്നും നാട്ടുകാർ പറയുന്നു. മാവൂർ റോഡ് ശ്മശാനത്തിൽ നിലവിൽ പണി നടക്കുന്നതുകൊണ്ട് അവിടെ നിന്നുള്ള മൃതദേഹങ്ങളും പുതിയപാലത്തേക്കാണ് കൊണ്ടുവരുന്നത്. ഇവിടെ ഒരു ചൂളയിൽ മൃതദേഹം ദഹിപ്പിക്കുമ്പോൾ പുക നിറയുന്നത് കാരണം തൊട്ടടുത്ത ചൂളയിൽ മൃതദേഹം ദഹിപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാത്രമല്ല പുക പടരുന്നതിനാൽ സമീപത്ത് താമസിക്കുന്നവർക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും ആരോപണമുണ്ട്. ഇതിനെല്ലാം ശാശ്വത പരിഹാരമായാണ് വാതക ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ വർഷങ്ങളായിട്ടും ഇതിന്റെ പണിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല, ഇലക്ട്രിസിറ്റി, വാട്ടർ കണക്ഷൻ തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് പൂർത്തീകരിച്ച് പ്രവർത്തന യോഗ്യമാക്കിയാൽ നിലവിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാമെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
വാതക ശ്മശാനങ്ങളുടെ ചിമ്മിനി കൂടുതൽ ഉയരത്തിലായതിനാൽ സമീപ പ്രദേശങ്ങളിൽ കാര്യമായ പുകയുണ്ടാവില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡം പാലിച്ചാണ് ഇത് പ്രവർത്തിക്കുക, പുക വാട്ടർ ടാങ്ക് വഴി കടത്തി വിട്ട് ശുചീകരിക്കും. പിന്നീട് ചിമ്മിനിയിലെത്തുന്ന പുകയിൽ സ്ക്രബ്ബർ ഉപയോഗിച്ച് വീണ്ടും വെള്ളമടിച്ച് ശുചീകരിച്ച ശേഷമാണ് പുറത്തുവിടുക. വൈദ്യുത ശ്മശാനത്തേക്കാൾ നിരക്കും ഇവിടെ കുറവായിരിക്കും. ഇത് പ്രവർത്തനമാരംഭിക്കുന്നതോടെ കുറേയൊക്കെ ആശ്വാസമാകുമെന്ന് നാട്ടുകാർ പറയുന്നു.
പുതിയപാലം ശ്മശാനം ഭൂമി സ്വകാര്യ വ്യക്തികൾ കൈയ്യേറിയതായും ആരോപണമുണ്ട്. ശ്മശാനത്തിനായി സ്വകാര്യവ്യക്തി കോർപ്പറേഷന് വിട്ടു നൽകിയ ഭൂമിയിൽ ഗൗഡൗൺ നിർമ്മിച്ച് വാടകയ്ക്ക് നൽകിയിരുന്നു. ഈ കെട്ടിടങ്ങളുടെ മുൻവശത്തായാണ് ശ്മശാനത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവും ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, കടയുടെ മുൻവശത്തെ പാർക്കിംഗിന് നൽകിയിരിക്കുന്ന ഭൂമി കയ്യേറി മതിൽ കെട്ടിയും ഷീറ്റ് വെച്ച് മറച്ചിരിക്കുന്ന നിലയിലാണ്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് ഇവിടെയുള്ളതെല്ലാം. മേൽക്കൂരയ്ക്ക് ചോർച്ചയും ചുവരുകൾ വിണ്ടുകീറിയ നിലയിലുമാണ്. കൈയ്യേറിയ ഭൂമി തിരിച്ചു പിടിച്ചു പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പുതിയപാലം ശ്മശാന വികസന സമിതി അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.
ശ്മശാനത്തിന്റെ വഴി മറച്ചുവെച്ചതിനാൽ ശ്മശാനം എവിടെയാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്. രണ്ടു ഭാഗത്തുമുള്ള കടയ്ക്ക് നടുവിലൂടെയാണ് ശ്മശാന വഴി. ഇതുമൂലം ശ്മശാനത്തിന്റെ ബോർഡ് പോലും കാണാനാവാത്ത സ്ഥിതിയാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.