22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 17, 2024
December 17, 2024
December 11, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024

ഷൂട്ടിങ്ങിനിടെ കാട്കയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; ആന ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു

Janayugom Webdesk
കോതമംഗലം
October 5, 2024 10:23 am

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന്റെ പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയെ വനത്തിന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ആനയെ വാഹനത്തിൽ കയറ്റിയോ നടത്തിച്ചോ കൊണ്ടുവരാനാണ് തീരുമാനം. ആനയുടെ ഉടമയും പാപ്പാനും സ്ഥലത്തെത്തിയിട്ടുണ്ട്. ആന ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതുപ്പള്ളി സാധു എന്ന നാട്ടാന കാടുകയറിയത്. ഇടമലയാർ തുണ്ടം റേഞ്ചിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തെലുങ്ക് ചിത്രത്തിനായി അഞ്ച് ആനകളെയാണ് ഭൂതത്താൻകെട്ടിന് സമീപം തുണ്ടത്ത് എത്തിച്ചത്. വെള്ളിയാഴ്ച ഷൂട്ടിങ് അവസാനിപ്പിച്ച് ആനകളെ തിരിച്ച് വാഹനത്തിൽ കയറ്റാൻ കൊണ്ടു പോകുന്നതിനിടെ പുതുപ്പള്ളി സാധു എന്ന ആനയെ കൂട്ടത്തിലുള്ള തടുത്താവിള മണികണ്ഠൻ എന്ന ആന കുത്തുകയായിരുന്നു. ഇവ ഏറ്റുമുട്ടി കാട്ടിലേക്ക് കടക്കുകയായിരുന്നു. വാഹനത്തിൽ കയറ്റുന്നതിന്​ ആനകളുടെ കാലിലെ ചങ്ങല അഴിച്ചതാണ് കാടുകയറാൻ ഇടയാക്കിയത്. മണികണ്ഠൻ ഏറെ നേരത്തിനു ശേഷം തിരിച്ചെത്തി.
മാട്ടുങ്ങൽ തോടും ചതുപ്പും കടന്ന് പുതുപ്പള്ളി സാധു ഉൾവനത്തിലേക്കാണ് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സിനിമാ പ്രവർത്തകരും പാപ്പാന്മാരും തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായിട്ടില്ല. മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പനെയുമാണ്​ സിനിമാ ചിത്രീകരണത്തിന്​ എത്തിച്ചിരുന്നത്. ആന നേരത്തെയും ഇത്തരത്തിൽ കാടുകയറിയതായാണ് പറയുന്നത്. അസമിൽ വച്ച് കൂട്ടാനയുടെ ആക്രമണം ഭയന്നാണ് പുതുപ്പള്ളി സാധു അന്ന് കാടുകയറിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.