22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

ഉപതെരഞ്ഞെടുപ്പിന്  പുതുപ്പള്ളി സജ്ജം; ഒരുക്കം പൂർത്തീകരിച്ചു, ആകെ 1,76,417 വോട്ടർമാർ

Janayugom Webdesk
കോട്ടയം
September 3, 2023 12:39 pm

സെപ്റ്റംബർ അഞ്ചിനു നടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികും അറിയിച്ചു.

സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട് എന്ന് കോട്ടയം കളക്‌ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ആറിയിച്ചു.  അഞ്ചിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

പുതുപ്പള്ളിയിൽ ആകെ 1,76,417 വോട്ടർമാർ

90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ വോട്ടർമാരുണ്ട്.

വോട്ടർമാരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ശതമാനനിരക്ക്
18–19 നും ഇടയിൽ പ്രായമുള്ളവർ- 0.64 %
20–29 നും ഇടയിൽ പ്രായമുള്ളവർ- 14.80 %
30–39 നും ഇടയിൽ പ്രായമുള്ളവർ- 16.83 %
40–49 നും ഇടയിൽ പ്രായമുള്ളവർ-19.33 %
50–59 നും ഇടയിൽ പ്രായമുള്ളവർ- 20.08 %
60–69 നും ഇടയിൽ പ്രായമുള്ളവർ ‑15.59 %
70–79 നും ഇടയിൽ പ്രായമുള്ളവർ- 9.11 %
80–89 നും ഇടയിൽ പ്രായമുള്ളവർ- 3.06 %
90–99 നും ഇടയിൽ പ്രായമുള്ളവർ- 0.52 %
100–109 നും ഇടയിൽ പ്രായമുള്ളവർ- 0.03 %

ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും  പൊലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.

പോളിങ് സാമഗ്രി വിതരണം തിങ്കളാഴ്ച

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം സെപ്റ്റംബർ നാലിന് (തിങ്കളാഴ്ച) രാവിലെ ഏഴിന് സ്വീകരണ‑വിതരണകേന്ദ്രമായ കോട്ടയം ബസേലിയോസ് കോളജിൽ ആരംഭിക്കും. പോളിങ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയസ് കോളജിൽ നിന്ന് പോളിങ് ബൂത്തുകളിൽ എത്തിക്കുന്നതിനായി 54 വാഹനങ്ങൾ (27 ബസുകൾ, 14 ട്രാവലറുകൾ, 13 ജീപ്പ്) സജ്ജമാക്കിയിട്ടുണ്ട്.
228 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളുടെയും വി.വി. പാറ്റുകളുമാണ് തയാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി. പാറ്റുകൾ കൂടി അധികമായി കരുതിയിട്ടുണ്ട്.

വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 പ്രിസൈഡിങ് ഓഫീസർ, 182 ഫസ്റ്റ് പോളിംഗ് ഓഫീസർ, 182 സെക്കൻഡ് പോളിംഗ് ഓഫീസർ, 182 തേഡ് പോളിംഗ് ഓഫീസർ എന്നിങ്ങനെയാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 144 ഉദ്യോഗസ്ഥരെ റിസർവ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ചുപേരായിരിക്കും ഒരു പോളിങ് സംഘത്തിലുണ്ടാവുക. 16 സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്

182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 5.30 മുതൽ പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികൾ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കാൻ കഴിയും. സി-ഡിറ്റ്, ഐ.ടി മിഷൻ, അക്ഷയ, ബി.എസ്.എൻ.എൽ എന്നിവ സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്.

പോളിംഗ് സ്‌റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.

വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പൊലീസ് സേന

അഞ്ച് ഡിവൈഎസ്പിമാർ, ഏഴ് സി.ഐമാർ, 58 എസ്ഐ /എ എസ്ഐ മാർ, 399 സിവിൽ പോലീസ് ഓഫീസർമാർ, 142 സായുധ പൊലീസ് ബറ്റാലിയൻ അംഗങ്ങൾ, 64 കേന്ദ്രസായുധ പൊലീസ് സേനാംഗങ്ങൾ(സി.എ.പി.എഫ്.) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. എഡിജിപി., ഡിഐ.ജി., സോണൽ ഐ ജി., ജില്ലാ പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവർത്തിക്കും. 21 പേർ അടങ്ങുന്നതാണ് ഒരു സ്‌ട്രൈക്കിംഗ് ഫോഴ്‌സ്.

വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ കാർഡ് നിർബന്ധം

വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.

-ആധാർ കാർഡ്
‑മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്
‑ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
‑തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ് ‑ഡ്രൈവിങ് ലൈസൻസ്
‑പാൻകാർഡ്
‑ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻ.പി.ആർ) കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്
‑ഇന്ത്യൻ പാസ്പോർട്ട്
‑ഫോട്ടോ പതിച്ച പെൻഷൻ രേഖ
‑കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ്
‑എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
‑ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്.

പാർട്ടികളും സ്ഥാനാർഥികളും താഴെ പറയുന്ന മാതൃകാ പെരുമാറ്റച്ചട്ടം

-സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങൾക്ക് പൂർണസ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

-അംഗീകൃത പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും നൽകുക

-സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന സ്ളിപ്പുകൾ വെള്ളക്കടലാസിൽ ആയിരിക്കുമെന്നും ചിഹ്നമോ സ്ഥാനാർഥിയുടെ പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പാക്കണം.

-പോളിങ് ദിനത്തിലും അതിനു മുൻപുള്ള 48 മണിക്കൂർ സമയവും മദ്യം വിളമ്പുകയോ വിതരണം നടത്തുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കണം.

-പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകൾക്കു സമീപവും അനാവശ്യമായ ആൾക്കൂട്ടം പാടില്ല.

-സ്ഥാനാർഥികളുടെ ക്യാമ്പുകൾ ആർഭാടരഹിതമാകണം. അവിടെ ചുവർ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദർശിപ്പിക്കാനോ ആഹാരപദാർത്ഥങ്ങൾ വിതരണം ചെയ്യാനോ പാടില്ല.

-വോട്ടെടുപ്പ് ദിവസം വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കണം. പെർമിറ്റ് വാങ്ങി വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.

-സമ്മതിദായകർ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ ജില്ലാ ഇലക്ഷൻ ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളിൽ പ്രവേശിക്കരുത്.

പോളിങ് സ്റ്റേഷനുകൾ വില്ലേജ് തിരിച്ച്

അയർക്കുന്നം വില്ലേജ് 1–23
മണർകാട് വില്ലേജ് 24–28
അകലക്കുന്നം വില്ലേജ് 29–40
ചെങ്ങളം ഈസ്റ്റ് വില്ലേജ് 41–47
കൂരോപ്പട വില്ലേജ് 48–68
മണർകാട് വില്ലേജ് 69–88
പാമ്പാടി വില്ലേജ് 89–115
പുതുപ്പള്ളി വില്ലേജ് 116–141
മീനടം വില്ലേജ് 142–154
വാകത്താനം വില്ലേജ് 155–171
തോട്ടയ്ക്കാട് വില്ലേജ് 172–182

വോട്ടെണ്ണൽ വെള്ളിയാഴ്ച എട്ടിന് രാവിലെ എട്ടുമുതൽ

കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കൗണ്ടിങ് കേന്ദ്രത്തിൽ സെപ്റ്റംബർ എട്ടിന് (വെള്ളിയാഴ്ച) രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ ആരംഭിക്കും.

മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 ടേബിളുകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളിൽ തപാൽ വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Puthu­pal­ly Assem­bly By-Elec­tions 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.