*പുടിനെതിരെ സൈനികനീക്കം
*റോസ്തോവ് നഗരം പിടിച്ചു
*മോസ്കോ ലക്ഷ്യമിട്ട് 25,000 സൈനികര്‍
*റഷ്യന്‍ ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു
*വോറോനെഷ് മേഖലയും വിമത നിയന്ത്രണത്തില്‍
Janayugom Webdesk
മോസ്കോ
June 24, 2023 9:08 pm
റഷ്യയില്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ സായുധ കലാപം. ഇന്നലെ രാവിലെയോടെ ഉക്രെയ്ൻ ‑റഷ്യ അതിർത്തിയില്‍ ഡോണ്‍ നദീതീര നഗരമായ റോസ്തോവ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി വാഗ്നര്‍ ഗ്രൂപ്പ് മേധാവി യെവ്ഗെനി പ്രിഗോഷിൻ പ്രഖ്യാപിച്ചു.
ഉക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിക്ക് നേതൃത്വം വഹിക്കുന്ന റോസ്തോവ് വ്യോമത്താവളം പൂർണമായും വാഗ്നര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 25,000ത്തിലേറെ വാഗ്നർ അംഗങ്ങൾ മോസ്കോ ലക്ഷ്യമാക്കി നീങ്ങുന്നതായും പ്രിഗോഷിന്‍ പ്രഖ്യാപിച്ചു. സൈനിക നേതൃത്വത്തെ തകര്‍ക്കാൻ ഏതറ്റം വരേയും പോകുമെന്നും പ്രിഗോഷിന്‍ ഔദ്യോഗിക ടെലഗ്രാം ചാനലിൽ പങ്കുവച്ച വീഡിയോയിൽ പ്രഖ്യാപനമുണ്ട്. ദക്ഷിണ യൂറോപ്യന്‍ ഹൈവേയിലൂടെ സൈനികവ്യൂഹം നീങ്ങുന്നതായി റഷ്യന്‍ സൈന്യവും സ്ഥിരീകരിച്ചു.
പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ മുന്നറിയിപ്പിനുശേഷവും കീഴടങ്ങില്ലെന്ന് യെവ്‌ഗെനി പ്രിഗോഷിന്‍ ആവര്‍ത്തിച്ചു. റഷ്യന്‍ സൈന്യം റോക്കറ്റാക്രമണത്തിലൂടെ വാഗ്നർ ഗ്രൂപ്പിലെ നിരവധിപ്പേരെ കൊലപ്പെടുത്തിയെന്നും ആക്രമണത്തിന് ഉത്തരവിട്ട പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗുവിനെ ശിക്ഷിക്കണമെന്നുമാണ് പ്രിഗോഷിന്റെ ആവശ്യം. അട്ടിമറി നീക്കമല്ലെന്നും തങ്ങളുടേത് നീതി തേടിയുള്ള മാര്‍ച്ചാണെന്നും പ്രിഗോഷിന്‍ പറയുന്നു. പുടിനെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിക്കുകയാണെന്നും ടെലഗ്രാമില്‍ പങ്കുവച്ച ശബ്ദസന്ദേശത്തിലുണ്ട്. ഒരുകാലത്ത് പുടിന്റെ വിശ്വസ്തനായിരുന്നു പ്രിഗോഷിന്‍.
റോസ്തോവിലെ സതേണ്‍ മിലിട്ടറി ഡിസ്ട്രിക് കെട്ടിടത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്ന് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്ര ഓഫിസ്, റോസ്തോവിലെ അഡ്മിനിസ്ട്രേഷൻ, പൊലീസ് വകുപ്പുകളുടെ കെട്ടിടങ്ങള്‍ എന്നിവയും വാഗ്നര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായി. റഷ്യൻ സൈനിക ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന്റെ ചിത്രങ്ങള്‍ വാഗ്നര്‍ സൈനികാംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
മോസ്കോയില്‍ നിന്നും 500 കിലോമീറ്റര്‍ തെക്കുള്ള വോറോനെഷ് നഗരത്തിന്റെ നിയന്ത്രണവും വാഗ്നര്‍ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. റോസ്തോവിന്റെ തെക്കൻ മേഖലയില്‍ ജനങ്ങളോട് വീടുകളില്‍ തുടരാൻ റഷ്യന്‍ സൈന്യം നിര്‍ദേശം നല്‍കി. റോസ്തോവ്, ലിപ്റ്റെസ് മേഖലകളിലേക്ക് കൂടുതല്‍ സൈനികരെ നിയോഗിച്ചു.
മോസ്കോയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. തന്ത്രപ്രധാന മേഖലകളെല്ലാം നിരീക്ഷണത്തിലാക്കി. മോസ്കോയിൽ നടക്കാനിരുന്ന പ്രധാന പൊതുപരിപാടികളെല്ലാം മാറ്റിവച്ചു. ആഭ്യന്തരസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് വാഗ്നർ മേധാവിയുടേതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. പ്രിഗോഷിൻ വാഗ്നർ സൈനികരെ വഞ്ചിക്കുകയാണ്. ക്രിമിനൽ പ്രവര്‍ത്തനങ്ങളിലേക്ക് പോകാതെ റഷ്യൻ സൈന്യവുമായി ബന്ധപ്പെടണമെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും വാഗ്നർ സൈനികരോട് പ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു.
സ്വകാര്യ കൂലിപ്പട്ടാളം
ഒരു റഷ്യൻ സ്വകാര്യ അർധസൈനിക സംഘടനയാണ് പിഎംസി വാഗ്നർ. 2014 ല്‍ തിരിച്ചറിഞ്ഞ ഈ സ്വകാര്യ കമ്പനിക്ക് 50,000 ത്തോളം അംഗങ്ങളുണ്ടായിരുന്നു. ഉക്രെയ്നെതിരായ യുദ്ധത്തില്‍ മുൻനിരയിലായിരുന്നു വാഗ്നർ സേനയുടെ സ്ഥാനം. എന്നാല്‍ സമീപകാലത്തായി റഷ്യയും വാഗ്നര്‍ സൈന്യവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായിരുന്നു.
ബഖ്മുട്ട് പിടിച്ചെടുക്കാനുള്ള മുന്നേറ്റത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ 20,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പ്രിഗോഷിന്‍ ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സായുധ വിപ്ലവനീക്കം നടത്തുന്നുവെന്നാരോപിച്ച് പ്രിഗോഷിനെതിരെ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേധാവിയെ അനുസരിക്കരുതെന്ന നിർദേശവും വാഗ്നർ സൈനികർക്ക് നൽകി.
കടുത്ത മറുപടി: പുടിന്‍
റഷ്യക്കെതിരായ ഏതൊരുനീക്കത്തിനും കടുത്ത മറുപടിയുണ്ടാകുമെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വാഗ്നർ സേനയുടെ നടപടി രാജ്യത്തിനെതിരായ വിശ്വാസവഞ്ചനയാണ്. രാജ്യത്തെയും ജനതയെയും പിന്നിൽ നിന്ന് കുത്തുന്ന രീതിയാണിതെന്നും പുടിൻ ആരോപിച്ചു.
നിക്ഷിപ്ത താല്പര്യത്തിനായി രാജ്യത്തിനെതിരായ വഞ്ചനയ്ക്ക് കൂട്ടുനിൽക്കുന്നവരോട് ക്ഷമിക്കാനാകില്ല. റഷ്യൻ സൈന്യത്തിനെതിരെ ആയുധമെടുക്കുന്ന ഏതൊരാളും ശിക്ഷിക്കപ്പെടും. റോസ്തോവിൽ സ്ഥിതിഗതികൾ സുസ്ഥിരമാക്കാൻ നിർണായക നടപടികളിലേക്ക് കടന്നതായും പുടിൻ വ്യക്തമാക്കി.
english summary;Putin calls armed rebellion by Wagner mercenary group a betrayal, vows to defend Russia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.