
റഷ്യയുടെ വിശ്വസനീയരായ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് തുടരുമന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യന്‍ എണ്ണ കമ്പനികള്‍ നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. യുദ്ധം ലോകമെമ്പാടും ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമായി. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് വിതരണം പൂര്‍ണ്ണമായും നിലച്ചേക്കാമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമല്ലെന്ന് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയും വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം തുടരുന്നിടത്തോളം കാലം ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാന്‍ ഒരു ദൗത്യത്തിന് തയാറെടുക്കുകയാണെന്നും ലാരിജാനി വ്യക്തമാക്കി. മേഖലയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തി. മധ്യപൂര്‍വേഷ്യയിലെ സ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ ക്രിയാത്മക പങ്ക് വഹിക്കും. ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ എന്നിവ പൂര്‍ണമായും ബഹുമാനിക്കപ്പെടണം – ചൈന ചൂണ്ടിക്കാട്ടി.
ഇറാനില്‍ കുടുംബവാഴ്ചയുണ്ടാകില്ലെന്നായിരുന്നു പഹ്ലാവി കുടുംബത്തെ ഭരണത്തില്‍ നിന്ന് താഴെയിറക്കി, ജനത്തിന് ഇസ്ലാമിക ഭരണകൂടത്തിന്റെ ഉറപ്പ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജനത്തെ ഒന്നിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ട, ആയത്തുല്ല അലി ഖമോനിയുടെ മകന്‍ മോജ്തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. 88 അംഗ മതപണ്ഡിതസഭയുടേതാണ് തീരുമാനം. ഖമനയിയുടെ രണ്ടാമത്തെ മകനായ മോജ്തബയ്ക്ക് ഐആര്‍ജിസിയിലും പണ്ഡിത സഭയിലും നിര്‍ണായക സ്വാധീനവുമുണ്ട്. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഉറച്ച നാവായ മോജ്തബയാണ് ഖമേനിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഖമേനി കൊല്ലപ്പെട്ട ആക്രമണത്തില്‍ മോജ്തബയുടെ ഭാര്യയ്ക്കും മകനും ജീവന്‍ നഷ്ടമായിരുന്നു. പുതിയ നേതാവിനെ അംഗീകരിക്കില്ലെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും നിലപാട്. മോജ്തബയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലില്‍ ഇറാന്‍ മിസൈല്‍-ഡ്രോണാക്രമണം കടുപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. പത്താം ദിനവും ഇറാനില്‍ അമേരിക്കയുടെയും ഇസ്രയേലും സൈനിക നടപടി മാറ്റമില്ലാതെ തുടരുകയാണ്. ഐആര്‍ജിസിയുടെയും ആഭ്യന്തരസേനയായ ബസിജിന്റെയും സുപ്രധാനകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം ഏഴായി. ഇതിനിടെ ഈ മാസം ആദ്യം തെക്കന്‍ ലെബനോണിലെ ജനവാസമേഖലകളില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് രാസവസ്തു പ്രയോഗിച്ചതിന് തെളിവ് ലഭിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു. ലെബനോണില്‍ ഇസ്രയേല്‍-ഹിസ്ബുല്ല ഏറ്റമുട്ടലും തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.