വികസനത്തിന്റെ നേര്‍ക്കാഴ്ചയായി കേരളത്തിലെ റോഡുകള്‍. നഗര — ഗ്രാമ വ്യത്യാസമില്ലാതെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാനും അറ്റകുറ്റപ്പണികള്‍ സമയത്ത് പൂര്‍ത്തിയാക്കാനും കഴിയുന്നുവെന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കേണ്ടത്. കൂടാതെ ജനങ്ങള്‍ക്ക് റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ നൂലാമാലകള്‍ ചാടിക്കടക്കേണ്ടതില്ലയെന്ന മെച്ചവുമുണ്ടായി.
ഈ വര്‍ഷം ബജറ്റില്‍ ഉള്‍പ്പെടുത്തിയ 20 ശതമാനം പ്രവൃത്തികള്‍ക്കും വേഗത്തില്‍ ഭരണാനുമതി തേടാനുള്ള വകുപ്പിന്റെ തീരുമാനം പ്രതീക്ഷയ്ക്ക് വക നല്കുന്നതാണ്. “പോട്ട് ഹോള്‍ ഫ്രീ കേരള” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഘട്ടങ്ങളായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് വകുപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ കാരണമായത്. ഇതിന്റെ ഭാഗമായി ആദ്യം ആരംഭിച്ച പദ്ധതിയാണ് ഡിഎല്‍പി പരസ്യപ്പെടുത്തല്‍. ഓരോ റോഡിന്റെയും പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു നിശ്ചിത കാലത്തേയ്ക്ക് ന്യൂനതാ പരിഹാര കാലയളവ് കൂടി നിശ്ചയിക്കപ്പെടും. ഈ കാലയളവിനുള്ളില്‍ റോഡില്‍ വരുന്ന ഏതൊരു അറ്റകുറ്റപ്പണിയും പൂര്‍ത്തിയാക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്തമാണ്. പ്രവൃത്തികളില്‍ എന്തെങ്കിലും അപാകത ശ്രദ്ധയില്‍പ്പെട്ടാലോ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കാതെ വന്നാലോ ഡിഎല്‍പി ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച ഉദ്യോഗസ്ഥരുടെയോ, കരാറുകാരുടേയോ നമ്പരില്‍ വിളിച്ച് ജനങ്ങള്‍ക്ക് വിവരങ്ങളറിയിക്കാം.
നിരവധി പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. അടുത്ത ഘട്ടമായി ആരംഭിച്ച പദ്ധതിയാണ് റണ്ണിങ് കോണ്‍ട്രാക്ട്. ഡിഎല്‍പി ഉള്‍പ്പെട്ടിട്ടില്ലാത്ത പൊതുമരാമത്ത് റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നാലത് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ചെയ്യുക. ഡിഎല്‍പി കഴിഞ്ഞ റോഡുകള്‍ റണ്ണിങ് കോണ്‍ട്രാക്‌ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ റോഡുകള്‍ക്ക് ഒരു വര്‍ഷത്തെ റണ്ണിങ് കോണ്‍ട്രാക്‌ട് നല്‍കുന്നതിനൊപ്പം ആ വര്‍ഷത്തെ റോഡിന്റെ എല്ലാവിധ അറ്റകുറ്റപ്പണികളും കരാറുകാര്‍ നിര്‍വഹിക്കും. സാധാരണയായി റോഡില്‍ കുഴിയുണ്ടായാല്‍ അത് നികത്തണമെങ്കില്‍ എസ്റ്റിമേറ്റെടുത്ത് ഫണ്ട് പാസായിവന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ പ്രശ്‌നം പരിഹരിക്കുകയാണ് റണ്ണിങ് കോണ്‍ട്രാക്‌ടിന്റെ ലക്ഷ്യം. അറ്റകുറ്റപ്പണി ആവശ്യമായി വരുന്നിടത്ത് എസ്റ്റിമേറ്റ്, ടെന്‍ഡര്‍ തുടങ്ങിയ നടപടിക്രമങ്ങളുടെ ആവശ്യമുണ്ടാകില്ല എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനകം 12,332 കിലോമീറ്റര്‍ റോഡ് റണ്ണിങ് കോണ്‍ട്രാക്‌ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റണ്ണിങ് കോണ്‍ട്രാക്‌ടില്‍ ഉള്‍പ്പെട്ട റോഡുകളില്‍ കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും പേരും ഫോണ്‍ നമ്പരും റോഡിന്റെ പ്രവൃത്തി വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു സ്‌പെഷ്യല്‍ ചെക്കിങ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ടീം പ്രവര്‍ത്തിക്കുന്നത്. അടുത്ത ഘട്ടമായി ആരംഭിച്ച പദ്ധതിയാണ് ഒപിബിആര്‍സി. ഡിഎല്‍പി ബോര്‍ഡ്, റണ്ണിങ് കോണ്‍ട്രാക്‌ട് എന്നിവയ്‌ക്ക് ശേഷം നടപ്പിലാക്കിയ പദ്ധതിയാണിത്. ഒരു റോഡിന് ഏഴ് വര്‍ഷത്തേക്ക് പരിപാലന കരാര്‍ നല്‍കുകയാണ് ഇതുവഴി ചെയ്യുന്നത്. സംസ്ഥാനത്തെ പ്രധാന റോഡുകളെ ഏഴു വര്‍ഷ പരിപാലന കാലാവധിയില്‍ ഉള്‍പ്പെടുത്തി പരിപാലനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 10 ജില്ലകളിലെ 443.71 കിലോമീറ്റര്‍ റോഡുകള്‍ക്ക് ഏഴു വര്‍ഷത്തേക്ക് ഒരുമിച്ചു പരിപാലനത്തിനുള്ള കരാര്‍ നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഒപിബിആര്‍സി പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ ഏഴ് വര്‍ഷത്തേക്ക് പരിപാലിക്കേണ്ടത് പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ ആയിരിക്കും. റണ്ണിങ് കോണ്‍ട്രാക്ടിന് സമാനമായാണ് ഇവിടെയും അറ്റകുറ്റപണികളുടെ നടപടിക്രമങ്ങള്‍. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം നേടിയെടുക്കാനായത് സര്‍ക്കാരിന്റെ മറ്റൊരു നേട്ടമായിരുന്നു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 895 കിലോ മീറ്റര്‍ വരുന്ന ഏഴ് റോഡുകളുടെ നവീകരണത്തിനുള്ള പദ്ധതിയും തയ്യാറായി കഴിഞ്ഞു. 11 തുറമുഖ കണക്ടിവിറ്റി റോഡുകളുടെ പദ്ധതി രേഖയും തയ്യാറാകുന്നുണ്ട്. കുതിരാന്‍ ടണലിന്റെ പ്രവൃത്തി പൂര്‍ത്തീകരണവും സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്.
മലകള്‍ കണ്ട് തീരം താണ്ടുന്ന യാത്രകള്‍ക്കൊരുങ്ങാം
മലയോര — തീരദേശ ഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മലയോര ഹൈവേയുടെ മുഴുവന്‍ റീച്ചുകള്‍ക്കും അനുമതി നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി. സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രക്ക് ഇന്റര്‍ലോക്ക് ടൈല്‍ പാകിയ പാതകള്‍, കോണ്‍ക്രീറ്റ് ഓടകള്‍, കലുങ്കുകള്‍, യൂട്ടിലിറ്റി ക്രോസ് ഡെക്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മലയോരഹൈവ പദ്ധതി. വാഹന യാത്രക്കാര്‍ക്ക് വേസൈഡ് അമിനിറ്റി സെന്റര്‍, പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ക്ക് ബസ് ഷെല്‍ട്ടര്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. തിരക്കുകളില്‍ നിന്നും മാറി പച്ചപ്പാര്‍ന്ന വഴികളിലൂടെയുള്ള സുഗമയാത്രയാണ് മലയോര ഹൈവേ പദ്ധതിയിലൂടെ സാധ്യമാകുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതി കൂടിയാണിത്. 623 കിലോമീറ്റര്‍ ദൂരത്തില്‍, 14 മീറ്റര്‍ വീതിയോടെ, 6500 കോടി രൂപ കിഫ്‌ബി വഴി ചെലവഴിച്ച് കേരളത്തിന്റെ തീരദേശത്തിലൂടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതാണ് തീരദേശ ഹൈവേ പദ്ധതി. അന്തര്‍ദേശീയ നിലവാരത്തില്‍ സൈക്കിള്‍ പാതയോടു കൂടിയാണ് തീരദേശ ഹൈവേ നിര്‍മ്മിക്കുന്നത്.തീരദേശ ഹൈവേ പദ്ധതിയുടെ ഡിപിആര്‍ അവസാന ഘട്ടത്തിലാണ്. പൊതു ഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നീ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി.
ദേശീയപാതാ വികസനം; സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹായകരമാകുന്നതാണ് ദേശീയപാത വികസനം നടപ്പാക്കുകയെന്നത്. ഭൂമി ഏറ്റെടുക്കലിനുള്ള തുകയില്‍ നിശ്ചിത ശതമാനം സംസ്ഥാനം വഹിച്ചാല്‍ ദേശീയപാത വികസനം സാധ്യമാക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഇതേത്തുടര്‍ന്ന് രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വിധം ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം നല്‍കാന്‍ തീരുമാനിച്ചു. കിഫ്‌ബി വഴി പണം ചെലവഴിക്കാന്‍ തീരുമാനിക്കുകയും കരാര്‍ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. ഭൂമി ഏറ്റെടുക്കലായിരുന്നു അടുത്ത ഘട്ടം. പരമാവധി നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. ദേശീയപാത 66ന്റെ വികസനത്തിനായി 1079.06 ഹെക്ടര്‍ ഏറ്റെടുക്കേണ്ടതില്‍ 1062.96 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു (98.51 ശതമാനം). സ്ഥലം ഏറ്റെടുക്കല്‍ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന ഉറപ്പും കേരളം പ്രാവര്‍ത്തികമാക്കി. 5580 കോടി രൂപയാണ് സംസ്ഥാനം സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ നല്‍കിയത്.
‘പൊതു‘മരാമത്ത് വകുപ്പാണിത്
പൊതുജനം ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന വകുപ്പാണ് പൊതുമരാമത്ത് വകുപ്പ്. അതുകൊണ്ടു തന്നെ വകുപ്പിനെ കൂടുതല്‍ ജനകീയമാക്കാനായി വൈവിധ്യമാര്‍ന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. പൊതുമരാമത്ത് പ്രവൃത്തികളിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ തുടക്കമിട്ട “പിഡബ്ല്യൂഡി4യു” ആപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രവും ലൊക്കേഷനും അടക്കം കൃത്യമായി പരാതി അറിയിക്കാനുള്ള ഈ സംവിധാനത്തെ കൂടുതല്‍ വിപുലീകരിച്ച് ജനകീയമാക്കി. മന്ത്രി ഓഫിസില്‍ നിന്നും പ്രവര്‍ത്തനം ദൈനംദിനം പരിശോധിച്ചു. പരാതികളില്‍ പെട്ടെന്ന് പരിഹാരം കാണാന്‍ ഇതുവഴി സാധിച്ചു. ഇതുവരെ 26,048 പരാതികളാണ് ആപ്പ് വഴി ലഭിച്ചത്. ഇതില്‍ 18,205 പരാതികളും പരിഹരിച്ചു.
English Sammury: Public works department to ensure the development path
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.