
തന്റെ പിതാവിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ അധികൃതർ പങ്കുവയ്ക്കുന്നില്ലെന്നും, മരിച്ചോ ജീവനോടെയുണ്ടോ എന്ന് അറിയില്ലെന്നും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ (73) മകൻ കാസിം ഖാൻ.‘‘ഫോൺവിളികളോ, സന്ദർശന അനുമതിയോ, ജീവനുള്ളതിനു തെളിവോ ഇല്ല. എനിക്കോ സഹോദരനോ പിതാവിനെ ബന്ധപ്പെടാനായിട്ടില്ല’’–കാസിം ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. 845 ദിവസമായി ജയിലിലുള്ള ഇമ്രാൻ ഖാനെ കഴിഞ്ഞ ആറ് ആഴ്ചയായി ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാസിം ആരോപിച്ചു. കോടതി ഉത്തരവിട്ടിട്ടും അദ്ദേഹത്തിന്റെ സഹോദരിമാർക്ക് സന്ദർശന അനുമതി നിഷേധിച്ചു. ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമപരമായും ധാർമികമായും ഇതിന് ഉത്തരവാദികൾ ആയിരിക്കും. രാജ്യാന്തര സമൂഹം അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം റാവൽപിണ്ടി ആദിയാല ജയിൽ അധികൃതർ ഇന്നലെ നിഷേധിച്ചിരുന്നു. ഇമ്രാൻ പൂർണ ആരോഗ്യവാനാണെന്നും ഇക്കാര്യം പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതൃത്വത്തെ അറിയിച്ചതായും അധികൃതർ പറഞ്ഞു. എന്നാൽ, ഇമ്രാന്റെ ആരോഗ്യനിലയിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹത്തെ കാണാൻ അനുവദിക്കണമെന്നും പിടിഐ നേതൃത്വം ആവശ്യപ്പെട്ടു.
ഈ മാസം 4നുശേഷം ഇമ്രാനെ ആരും കണ്ടിട്ടില്ല. സന്ദർശനാനുമതി നിഷേധിക്കുന്നതിന് കാരണമൊന്നും പറയുന്നില്ല. ചികിത്സ നിഷേധിക്കുന്നതായും പാർട്ടി ആരോപിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ മരിച്ചതായി കഴിഞ്ഞ ദിവസമാണു സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.