പൊലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവിൽ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ക്യു ആർ കോഡ് പ്രദർശിപ്പിക്കും. പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനായി നിർമിച്ച പുതിയ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമായ സേവനങ്ങൾ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താൻ സാധിക്കും. കേസ് രജിസ്റ്റർ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടൽ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാൻ സാധിക്കും. ‘തുണ’ വെബ്സൈറ്റിലും പോൾ ആപ്പിലും ഈ സൗകര്യം ലഭ്യമാകും. ജനപക്ഷത്തു നിന്നാവണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനുകളിൽ കയറി വരാൻ സാധിക്കണമെന്നും യഥാർത്ഥ പ്രശ്നങ്ങളുമായി വരുന്നവർക്ക് പരിഹാരവുമായി തിരികെ പോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുവണ്ണാമൂഴിയിൽ നടന്ന പ്രാദേശിക ചടങ്ങിൽ ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് മെമ്പർ കെ എ ജോസുകുട്ടി, കെപിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ അജിത് കുമാർ, കെപിഎ ജില്ലാ പ്രസിഡന്റ് വി പി സുനിൽ എന്നിവർ പ്രസംഗിച്ചു. രാഷ്ട്രീയ പാർട്ടി നേതാക്കളായ പി വാസു, ബേബി കാപ്പുകാട്ടിൽ, വി വി കുഞ്ഞിക്കണ്ണൻ, എസ് പി കുഞ്ഞമ്മദ്, രാജീവ് തോമസ്, പി എം ജോസഫ്, ബിജു ചെറുവത്തൂർ, വി സി ചാണ്ടി, വി കെ ബിന്ദു, ഇ എം ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു സ്വാഗതവും പേരാമ്പ്ര പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വി വി ലതീഷ് നന്ദിയും പറഞ്ഞു. പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജലവിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചനപദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചത്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻസ് കോർപറേഷനാണ് നിർമാണം പൂർത്തിയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.