14 November 2024, Thursday
KSFE Galaxy Chits Banner 2

വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; നീറ്റ് പിജിയും റദ്ദാക്കി

*എന്‍ടിഎ ഡിജിയെ സ്ഥാനത്തുനിന്നും നീക്കി 
*പരീക്ഷാ പരിഷ്കരണത്തിന് ഉന്നതതല സമിതി
*പൊതുപരീക്ഷാ നിയമം വിജ്ഞാപനം ചെയ്തു
*വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റ് 
Janayugom Webdesk
ന്യൂഡല്‍ഹി
June 22, 2024 10:52 pm

ന്യൂഡല്‍ഹി: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നാളെ നടത്താനിരുന്ന നീറ്റ് പിജി പരീക്ഷയും റദ്ദാക്കി. നേരത്തെ നീറ്റ്-യുജി, യുജിസി-നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നിരുന്നു. വിവാദത്തെത്തുടര്‍ന്ന് എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിങ്ങിനെ നീക്കി. പ്രദീപ് സിങ് കരോളയ്ക്ക് താല്‍ക്കാലിക ചുമതല നല്‍കി.
രാജ്യമൊട്ടാകെ പ്രതിഷേധം പടരുന്നതിനിടെ പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള സമിതിയില്‍ ഏഴംഗങ്ങളുണ്ട്. പരീക്ഷകളിൽ വരുത്തേണ്ട സമൂലമായ മാറ്റം, ഡാറ്റ സുരക്ഷാ പ്രോട്ടോകോളുകൾ കൂടുതൽ ശക്തമാക്കല്‍, ദേശീയ പരീക്ഷാ ഏജൻസിയുടെ നടത്തിപ്പ് കൂടുതൽ മികച്ചതാക്കല്‍ എന്നിവയാണ് സമിതിയുടെ പരിഗണനാവിഷയം. രണ്ട് മാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സമിതിയില്‍ എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ബി ജെ റാവു, ഐഐടി മദ്രാസിലെ അധ്യാപകനായിരുന്ന കെ രാമമൂര്‍ത്തി, പീപ്പിള്‍ സ്ട്രോങ് സഹസ്ഥാപകനും കര്‍മ്മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐഐടി ഡീന്‍ ആദിത്യ മിത്തല്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാളാണ് മെമ്പര്‍ സെക്രട്ടറി. അതിനിടെ പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. നിയമം പാസാക്കി നാലുമാസം വൈകിച്ചതിന് ശേഷമാണ് നടപടി. പാര്‍ലമെന്റ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ബില്‍ പാസാക്കിയത്.

പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവുലഭിക്കും. ഒരു കോടി രൂപയാണ് പിഴ. വ്യക്തി ഒറ്റയ്ക്ക് ചെയ്ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവ്. 10 ലക്ഷം രൂപ വരെയാണ് പിഴ. എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും.
അതിനിടെ ചോദ്യക്കടലാസ് ചോര്‍ച്ചയുടെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന രവി അത്രിയെ ഉത്തര്‍പ്രദേശ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സമൂഹമാധ്യമ ശൃംഖല വഴി ചോദ്യക്കടലാസ് വില്പന നടത്തുന്ന സോള്‍വര്‍ ഗ്യാങ്ങിലെ പ്രധാനിയാണ് രവി.
ഝാര്‍ഖണ്ഡില്‍ നിന്നും ആറുപേരെയും ബിഹാര്‍ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. നീറ്റ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിയും പിതാവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ബിഹാറില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. നെറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോര്‍ച്ചയിൽ യുപിയിലെ കുശിനഗറില്‍ നിന്നും ഒരാളെ സിബിഐ കസ്റ്റഡിയിലെടുത്തു. 

Eng­lish Summary:Question paper­leak again; NEET PG was also cancelled
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.