22 December 2024, Sunday
KSFE Galaxy Chits Banner 2

ആർ ഹേലി: ഫാം ജേർണലിസത്തിന്റെ ഉപജ്ഞാതാവ്

എസ് കെ സുരേഷ്
(റിട്ട. കൃഷി ജോയിന്റ് ഡയറക്ടര്‍)
December 13, 2021 4:34 am

ആർ ഹേലി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരുവർഷമാകുന്നു. ഒരു പുരുഷായുസുകൊണ്ട് തന്റെ കർമ്മമണ്ഡലത്തിൽ ചെയ്യാൻ കഴിയുന്ന സംഭാവനകൾ നല്കിയാണ് അദ്ദേഹം മൺമറഞ്ഞത് എന്നത് മാത്രമാണ് തെല്ലൊരാശ്വാസം. തന്റെ പേര് അന്വർത്ഥമാക്കുംവിധം ഒരു സൂര്യതേജസായി അദ്ദേഹം കാർഷിക ഭൂമികയിൽ നിലകൊണ്ടു. കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തശേഷം റബർബോർഡിലും പിന്നീട് ദീർഘകാലം കൃഷിവകുപ്പിലും പ്രവർത്തിച്ച അദ്ദേഹം, കാർഷികമേഖലയ്ക്ക് നല്കിയ സംഭാവന നിസ്തുലമാണ്. എന്നാൽ കാർഷിക വിജ്ഞാനവ്യാപനമാണ് തന്റെ തട്ടകമെന്ന് സ്വയം തിരിച്ചറിഞ്ഞ ഹേലി, തന്റെ സർവീസിൽ കൂടുതൽ കാലവും കൃഷിവകുപ്പിന്റെ പ്രചരണ വിഭാഗമായ ഫാം ഇൻഫർ ബ്യൂറോയിലാണ് പ്രവർത്തിച്ചത്. ഈ പ്രവർത്തനങ്ങളിലൂടെ ഫാം ജേർണലിസമെന്ന ഒരു നൂതന പത്ര പ്രവർത്തനശാഖയ്ക്ക് ജന്മം നല്കാൻ ആർ ഹേലിക്ക് കഴിഞ്ഞു. കൃഷിയോടൊപ്പം തന്നെ മൃഗസംരക്ഷണം, ഡയറി എന്നീ മേഖലകളുടെകൂടി പ്രചരണ വിഭാഗമായി എഫ്ഐബി മാറാൻ അധികസമയം വേണ്ടിവന്നില്ല. കേരള കർഷകൻ മാസികയുടെ എഡിറ്റർ എന്ന നിലയിൽ അതിനെ ജനശ്രദ്ധ ആകർഷിക്കുന്ന കാർഷിക പ്രസിദ്ധീകരണമാക്കി മാറ്റാൻ ഹേലി വഹിച്ച പങ്ക് വളരെ വലുതാണ്. വി വി രാഘവൻ കൃഷിമന്ത്രിയും ആർ ഹേലി കൃഷി ഡയറക്ടറായിരിക്കെ നടപ്പാക്കിയ കൃഷിവകുപ്പ് പുനഃസംഘടന പ്രകാരമാണ് പഞ്ചായത്തുതല കൃഷിഭവനുകൾ നിലവിൽ വന്നത്. ഇതിനനുസരിച്ച് കൃഷി ബിരുദധാരിയായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു ടീം കർഷകരുടെ സേവനത്തിനായി പഞ്ചായത്തടിസ്ഥാനത്തിൽ ലഭ്യമായി. ചെലവ് കുറച്ച് ഉല്പാദനം വർധിപ്പിക്കാൻ നെൽകൃഷി മേഖലയിൽ കർഷക പങ്കാളിത്തത്തോടെ നടപ്പാക്കിയ ഗ്രൂപ്പ് ഫാമിങ് പദ്ധതിയും ഇക്കാലയളവിലാണ് ആരംഭിച്ചത്. വിരമിച്ചശേഷവും കർമ്മനിരതമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. സി അച്യുതമേനോൻ മുതൽ വി എസ് സുനിൽകുമാർ വരെയുള്ള എല്ലാ കൃഷിമന്ത്രിമാരും അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. ഇന്നത്തെ വൈദ്യുതിവകുപ്പ് മന്ത്രി ചെയർമാനായിരുന്ന കേരള കാർഷിക നയരൂപീകരണ സമിതിയിലെ അംഗമെന്ന നിലയിൽ ശ്ലാഘനീയമായ പ്രവർത്തനമാണ് ഹേലിസാർ കാഴ്ചവച്ചത്. സമിതിയുടെ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച് ശുപാർശകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ച് വരുന്നു എന്നത് ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. താൻ കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും തൊട്ടതെല്ലാം പൊന്നാക്കാനും കഴിഞ്ഞ ആ സൂര്യതേജസിന്റെ ദീപ്തസ്മരണക്കുമുമ്പിൽ ബാഷ്പാഞ്ജലി അർപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.