
മേയര്‍ തെരഞ്ഞെടുപ്പ് ദിവസം തന്നെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് പാളയത്തില്‍പ്പട. മേയറാക്കാത്തതില്‍ കലഹിച്ച് മുന്‍ ഐപിഎസുകാരി ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി. ബിജെപി വിജയിച്ചാല്‍ മേയര്‍ സ്ഥാനം ഉറപ്പെന്ന നേതാക്കളുടെ വാഗ്ദാനം വെറുംവാക്ക് ആയതില്‍ പ്രതിഷേധമറിയിച്ചായിരുന്നു ശ്രീലേഖയുടെ ഇറങ്ങിപ്പോക്ക്. ഇന്ന് നടന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം ചുമതലയേല്‍ക്കല്‍ ചടങ്ങ് നടക്കുന്നതിനിടയിലാണ് മുന്‍ ഡിജിപി കൂടിയായ ആര്‍ ശ്രീലേഖ ബഹിഷ്കരിച്ചത്. മേയറായി വി വി രാജേഷ് ചുമതലയേറ്റ്, തൊട്ടുപിന്നാലെ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് സത്യവാചകം ചൊല്ലുന്നതിനിടയില്‍ ശ്രീലേഖ പുറത്തേക്കിറങ്ങി പോവുകയായിരുന്നു.
ബിജെപിക്ക് സംസ്ഥാനത്ത് ആദ്യമായി ലഭിച്ച കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പല പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ നോമിനിയായ ആര്‍ ശ്രീലേഖയെ, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വി മുരളീധരന്‍ വിഭാഗം വെട്ടിയത്. ആര്‍എസ്എസിന്റെ പിന്തുണയും ഉറപ്പാക്കിയതോടെ വി വി രാജേഷിന് നറുക്ക് വീഴുകയായിരുന്നു. കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗവും ശ്രീലേഖയെ അനുകൂലിച്ചില്ല. പാര്‍ട്ടിക്കുവേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനം കൊടുക്കാതെ, സെലിബ്രിറ്റികളെ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്ന്, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ആര്‍ ശ്രീലേഖയുടെ പ്രതിഷേധവും ഇറങ്ങിപ്പോക്കും ചര്‍ച്ചയായതോടെ, സംസ്ഥാന നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. പരസ്യമായ പ്രതികരണങ്ങള്‍ പാടില്ലെന്ന് നേതാക്കള്‍ ശ്രീലേഖയോട് അഭ്യര്‍ത്ഥിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്നും, ദേശീയ വനിതാ കമ്മിഷന്‍ ചെയര്‍മാന്‍ പദവി നല്‍കുമെന്നുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും ശ്രീലേഖക്ക് നല്‍കിയതായാണ് സൂചന.
കൊച്ചി കോർപറേഷൻ മേയര്‍ സ്ഥാനത്തേക്ക് വി കെ മിനിമോള്‍ക്ക് വോട്ട് ചെയ്തുവെങ്കിലും സത്യപ്രതിജ്ഞയില്‍ നിന്നും ഇറങ്ങിപ്പോയി ദീപ്തി മേരി വർഗീസിന്റെ പ്രതിഷേധം. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവും പിന്തുണച്ചതോടെ മിനിമോൾ 48 വോട്ട് നേടി. വോട്ട് രേഖപ്പെടുത്തിയ ശേഷം മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. എങ്കിലും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോവുകയായിരുന്നു. ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.