2023 കടന്നു, പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറെ കടമ്പകളാണ് മുന്നിലുള്ളത്. ഏകദിന ലോകകപ്പിലെ ഫൈനലിലെ തോല്‍വിയൊഴിച്ച് നിര്‍ത്തിയാല്‍ മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ നടത്തിയത്. നിരവധി യുവതാരങ്ങളുടെ വരവിനും 2023ല്‍ ഇന്ത്യന്‍ ടീമിന് കരുത്തായി. 2024 ഇന്ത്യക്ക് തിരക്കേറിയ വര്‍ഷമാണ്. ഇതില്‍ ടി20 ലോകകപ്പാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ആകര്‍ഷണം. കരിയറിന്റെ അവസാന ട്രാക്കിലേക്ക് കയറി ഓട്ടം തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ തങ്ങളുടെ അവസാന ടി20 ലോകകപ്പിനൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം നഷ്ടമായ ഏകദിന ലോക കിരീടത്തിനു പകരം ടി20 ലോകകപ്പ് നേടുകയാണ് മുന്നിലുള്ള വലിയ കടമ്പ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഈ വര്‍ഷത്തെ ആദ്യ വെല്ലുവിളി. ഈ വര്‍ഷം അവസാനം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് ടെസ്റ്റ് പരമ്പര കളിക്കാനായി പറക്കും.
ടി20 ലോകകപ്പിലേക്ക് വരുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. രോഹിത് ശര്‍മയുടെ നായകനായുള്ള ഭാവിയാണ്. രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏകദിന ലോകകപ്പ് കളിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതോടെ രോഹിത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം തുലാസിലാണ്. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണോ അതോ തുടരാന്‍ അനുവദിക്കണമോയെന്നത് ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന ചോദ്യമാണ്. ഹാര്‍ദിക് പാണ്ഡ്യ അടുത്ത നായകനാവാന്‍ തയ്യാറെടുത്തു കഴിഞ്ഞു. എന്നാല്‍ പരിക്ക് താരത്തെ വേട്ടയാടുകയാണ്.
രണ്ടാമത്തെ കാര്യം വിരാട് കോലിയുടെ ടി20യിലെ ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനം എടുക്കേണ്ടതായുണ്ട്. ടി20 ഫോര്‍മാറ്റില്‍ നിന്ന് പതിയെ കോലി ഉള്‍വലിയുകയാണ്. വര്‍ഷാവസാനം ഇന്ത്യയെ കാത്തിരിക്കുന്ന കടുത്ത വെല്ലുവിളി. നേരത്തെ നടന്ന രണ്ട് ഓസീസ് പര്യടനങ്ങളിലും ചരിത്ര ടെസ്റ്റ് പരമ്പര നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്. അത് ആവര്‍ത്തിക്കുക എന്ന കടുത്ത വെല്ലുവിളിയാണ് മുന്നില്‍. 2018–19 കാലത്ത് വിരാട് കോലിയുടെ നേതൃത്വത്തിലും 2020–21 കാലത്ത് അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയിലുമാണ് ചരിത്രമെഴുതിയ നേട്ടങ്ങള്‍.
ഐസിസി റാങ്കിങ്ങില്‍ ആധിപത്യത്തോടെ പുതുവര്‍ഷം ആരംഭിച്ച് ഇന്ത്യ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയാണ് തലപ്പത്ത്. ടെസ്റ്റില്‍ 118 റേറ്റിങ് പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇത്ര തന്നെ പോയിന്റുള്ള ഓസ്ട്രേലിയയാണ് രണ്ടാമത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലും ഓസീസിനോട് തോല്‍ക്കേണ്ടി വന്നാല്‍ ടെസ്റ്റിലെ റാങ്കിങ്ങില്‍ തിരിച്ചടിയായേക്കും.
ഇംഗ്ലണ്ട് മൂന്ന്, ദക്ഷിണാഫ്രിക്ക നാല്, ന്യൂസിലന്‍ഡ് അഞ്ച് എന്നിവരാണ് ടെസ്റ്റിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍. ഏകദിനത്തിലും ഇന്ത്യക്ക് പിന്നില്‍ ഓസീസാണുള്ളത്. 121 പോയിന്റ് ഇന്ത്യക്കും 117 പോയിന്റ് ഓസീസിനുമുണ്ട്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിങ്ങനെയാണ് ഏകദിനത്തില്‍ മറ്റ് അഞ്ച് സ്ഥാനക്കാര്‍. ടി20യില്‍ ഇന്ത്യക്ക് 265 പോയിന്റുണ്ട്. 256 പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് മൂന്ന്, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവരാണ് മറ്റു സ്ഥാനക്കാര്‍. 2022 ഫെബ്രുവരി 21ന് ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യ തുടർന്ന് ഇതുവരെ ആ സ്ഥാനം നഷ്ടപ്പെടുത്തിയിട്ടില്ല. 2023 ജൂലൈ മുതൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന ടീം ഇന്ത്യ, കഴിഞ്ഞ സെപ്റ്റംബർ 22ന് ഏകദിന റാങ്കിങ്ങിലും തലപ്പത്ത് എത്തിയതോടെയാണ് മൂന്ന് ഫോർമാറ്റുകളിലെയും സർവാധിപത്യത്തിന് തുടക്കമായത്. 2012 ഓഗസ്റ്റിൽ മൂന്ന് ഫോർമാറ്റുകളിലും ഒന്നാമതെത്തിയ ദക്ഷിണാഫ്രിക്ക മാത്രമാണ് ഇന്ത്യക്ക് മുമ്പ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
ഈ വര്‍ഷം ടി20 ലോകകപ്പുള്ളതിനാല്‍ ഈ നേട്ടം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും. അഫ്ഗാനെതിരെ ഉടന്‍ തന്നെ ടി20 പരമ്പരയുള്ള ഇന്ത്യക്ക് സമ്പൂര്‍ണ വിജയം നേടി റാങ്കിങ്ങില്‍ തങ്ങളുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കാനാകും ശ്രമിക്കുക.
English Summary;Race for India in 2024; Rohit and Kohli’s future?
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.