22 December 2024, Sunday
KSFE Galaxy Chits Banner 2

ജനാധിപത്യത്തിലെത്തിയ വംശവെറി

സുരേന്ദ്രന്‍ കുത്തനൂര്‍
September 24, 2023 4:30 am

ലോക്‌സഭയിൽ മുസ്ലിം പേരുകാരനായ എംപിയെ അധിക്ഷേപിച്ച ബിജെപി എംപിയുടെ നടപടി ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനിപ്പിക്കുന്നതുമാണ്. എന്നാല്‍ എംപിയുടെ അധിക്ഷേപ പ്രകടനത്തെക്കാൾ ഭയക്കേണ്ടത് പിൻസീറ്റിൽ ഇരുന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പിന്തുണയ്ക്കുന്ന ഉന്നതനേതാക്കളുടെ അശ്ലീലദൃശ്യത്തെയാണ്. ബഹുജൻ സമാജ് പാർട്ടി അംഗം ഡാനിഷ് അലിക്കെതിരെ മുസ്ലിംവിരുദ്ധ അധിക്ഷേപം നടത്തിയത് രമേഷ് ബിധൂരിയാണ്. ആ ദൃശ്യത്തിനു പിന്നിലെ ചിരിക്കുന്ന മുഖങ്ങളാകട്ടെ മുൻ കേന്ദ്രമന്ത്രിമാരായ ഡോ. ഹർഷ് വർധന്റെയും രവിശങ്കർ പ്രസാദിന്റെയും. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറും ബിജെപിയും വംശീയാധിക്ഷേപത്തിന് നല്‍കുന്ന പിന്തുണയാണ് ചിരിയുടെ പശ്ചാത്തലം. അതാകട്ടെ മതേതരജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വിളിക്കപ്പെടുന്ന പാര്‍ലമെന്റിനകത്തും. വ്യാഴാഴ്ച ബിധൂരി ഡാനിഷ് അലിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞത്- ”ഈ മുല്ലയെ പുറത്താക്കൂ, ഈ മുല്ല തീവ്രവാദിയാണ്” എന്നാണ്. കൂടാതെ കൂട്ടിക്കൊടുപ്പുകാരനെന്നും സുന്നത്ത് ചെയ്തവനെന്നും അധിക്ഷേപിച്ചു. വിവാദമായപ്പോള്‍ സഭാരേഖകളില്‍ നിന്നും ദൃശ്യങ്ങളില്‍ നിന്നും ബിധൂരിയുടെ പ്രയോഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ബിധൂരിയുടെ പ്രയോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയില്‍ നിന്നുണ്ടായത്. ബിജെപി പേരിനൊരു കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ‘ലോക്‌സഭയ്ക്കുള്ളിൽ ഒരു എംപിയെ ഇങ്ങനെ അധിക്ഷേപിച്ചാൽ ഒരു സാധാരണ മുസ്ലിമിന്റെ ഗതി ഊഹിക്കാവുന്നതേയുള്ളൂ’ എന്ന ഡാനിഷ് അലിയുടെ പ്രതികരണം ഏറെ അര്‍ത്ഥവത്താണ്. ചര്‍ച്ചകള്‍ക്കിടയില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെ ജനാധിപത്യവിരുദ്ധ നയം കെെക്കൊള്ളുന്നവരാണ് സ്വന്തം പാര്‍ട്ടി അംഗം പ്രത്യക്ഷമായി വിദ്വേഷ പ്രസ്താവന നടത്തിയപ്പോള്‍ നടപടിക്ക് മടിക്കുന്നത്.


ഇത് കൂടി വായിക്കൂ: വേണ്ടത് വ്യക്തമായ നയതന്ത്രം


ബിധൂരി പ്രസംഗിക്കുമ്പോള്‍ പുഞ്ചിരിക്കുന്ന വീഡിയോ പുറത്തുവന്നതില്‍ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രികൂടിയായ ഹർഷ് വർധൻ രംഗത്തുവന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ താൻ സഭയിൽ ഉണ്ടായിരുന്നുവെങ്കിലും എംപി പറഞ്ഞത് വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ല എന്നാണദ്ദേഹത്തിന്റെ വാദം. ലോക്‌സഭാംഗമായ താൻ ഒരിക്കലും മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രവർത്തിക്കില്ലെന്നും തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നതിന് ചിലർ മെനഞ്ഞെടുത്ത തന്ത്രമാണ് വീഡിയോ എന്നുമാണ് എക്സിലൂടെ ഹർഷ് വർധൻ വിശദീകരിക്കുന്നത്. വിവാദ പരാമര്‍ശം നടക്കുമ്പോള്‍ കോണ്‍ഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷായിരുന്നു ലോക്‌സഭ നിയ​​ന്ത്രിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിലപാടും ബിജെപിയെ സഹായിക്കുന്നതാണ്. ‘പ്രസംഗം തുടങ്ങിയപ്പോൾത്തന്നെ വളരെ രൂക്ഷമായ തർക്കങ്ങൾ നടക്കുകയായിരുന്നുവെന്നും ​അശ്ലീലവും ജാതീയ അധിക്ഷേപവുമടങ്ങിയ പ്രയോഗങ്ങള്‍ അറിഞ്ഞപ്പോള്‍ത്തന്നെ പരാമർശങ്ങൾ രേഖകളിൽ നിന്ന് ഒഴിവാക്കാന്‍ സഭാധ്യക്ഷനെന്ന നിലയില്‍ നടപടി സ്വീകരിച്ചു‘വെന്നുമാണ് കാെടിക്കുന്നില്‍ പറഞ്ഞത്. ‘പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമല്ലാത്തതിനാലും രൂക്ഷമായ തർക്കം നടന്നതിനാലും ബിധൂരിയുടെ പ്രസംഗം കൃത്യമായി കേള്‍ക്കാനായില്ല’ എന്ന് കൊടിക്കുന്നില്‍ തന്നെ പറയുമ്പോള്‍ ഹര്‍ഷ് വര്‍ധന്റെ ന്യായീകരണം ബലപ്പെടുകയാണ്. കൊടിക്കുന്നില്‍ അധ്യക്ഷനാകാന്‍ യോഗ്യനല്ലാത്തതുകാെണ്ടാണോ, അദ്ദേഹത്തിന്റെ പാര്‍ട്ടി ബിജെപിയെ ഭയക്കുന്നതുകൊണ്ടാണോ തത്സമയം നടപടിയില്ലാതിരുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഡൽഹി എംപിയായ രമേശ് ബിധൂരി അധിക്ഷേപം ചൊരിയുന്നത് ഇതാദ്യമല്ല. 2015ൽ കോൺഗ്രസ് വനിതാ എംപി രണ്‍ജീത് രഞ്ജനെതിരെയാണ് ഇയാള്‍ ആദ്യം അധിക്ഷേപ പരാമർശം നടത്തിയത്. അവിവാഹിതരായ സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബജറ്റ് പ്രസംഗ ചർച്ചയില്‍ സംസാരിക്കുമ്പോള്‍ ‘താൻ ആദ്യം ഭർത്താവിനെ ഉപേക്ഷിക്കൂ, എന്നാൽ അത്തരം ആനുകൂല്യംനൽകാം’ എന്നായിരുന്നു ആക്ഷേപിച്ചത്.


ഇത് കൂടി വായിക്കൂ: വേണ്ടത് വ്യക്തമായ നയതന്ത്രം


സംഭവത്തിൽ അന്നത്തെ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജന് രണ്‍ജീത് രഞ്ജന്‍ ഔദ്യോഗികമായി പരാതി നല്‍കി. 2019ൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് അടക്കം പങ്കെടുത്ത ഒരു പൊതുയോഗത്തില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൂട്ടിക്കൊടുപ്പുകാരൻ എന്ന് അപഹസിച്ചതും ബിധൂരിയാണ്. എഎപി നേതാവ് രാഘവ് ഛദ്ദയുടെ പരാതിയില്‍ ഡൽഹി തെരഞ്ഞെടുപ്പ് കമ്മിഷൻ ബിധൂരിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ 2016ലും കെജ്‌രിവാളിനെതിരെ ബിധൂരി നടത്തിയ മോശം പരാമർശങ്ങൾ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ 2017ലാണ് ഇയാള്‍ പൊതുവേദിയില്‍ അപമാനിച്ചത്. ‘കല്യാണം കഴിഞ്ഞ് അഞ്ചാം മാസം പ്രസവിക്കുന്നത് ഇറ്റാലിയൻ സംസ്കാരം. ഇത്തരം സംസ്കാരം മായാവതിയുടെ വീട്ടിലോ കോൺഗ്രസ് കുടുംബത്തിലോ ഉണ്ടാകും. ഇന്ത്യൻ സംസ്കാരത്തിൽ അങ്ങനെയല്ല’ എന്നായിരുന്നു പരാമർശം. സർക്കാർ രൂപീകരിച്ച് രണ്ടര വർഷമായിട്ടും ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ കോൺഗ്രസ് ചോദ്യം ചെയ്യുന്നതിനെ പ്രസവവുമായി താരതമ്യപ്പെടുത്തിയത് യുപിയിലെ മഥുരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു. സോണിയയെ അപഹസിക്കുന്നതിനൊപ്പം മായാവതിയെയും വലിച്ചിഴച്ചത് ബിജെപിയുടെ പിന്നാക്ക വിഭാഗ അധിക്ഷേപത്തിന്റെ ഭാഗം തന്നെയാണ്. ബിധൂരിയുടെ പ്രസ്താവന അജ്ഞതമൂലമോ അബദ്ധത്തില്‍ നിന്നുണ്ടായതോ അല്ല എന്ന് ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായ വംശീയാധിക്ഷേപത്തിന്റെ നാള്‍വഴികള്‍ തെളിവാണ്. പാര്‍ട്ടിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള എളുപ്പവഴി ഇതാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. തെക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിലെ സജീവ ആർഎസ്എസ് കുടുംബത്തില്‍ നിന്നുള്ള രമേശ് ബിധൂരി എംപി മാത്രമല്ല, പെട്രോളിയം ആന്റ് നാച്ചുറൽ ഗ്യാസ് കമ്മിറ്റിയുടെ ചെയർമാന്‍ കൂടിയാണ്. 1993ൽ രാഷ്ട്രീയത്തിൽ സജീവമായ ബിധൂരി 1997 മുതൽ 2003 വരെ ബിജെപി ജില്ലാ പ്രസിഡന്റായിരുന്നു. മൂന്ന് തവണ ഡൽഹി എംഎൽഎയായശേഷം തുടർച്ചയായി രണ്ടാം തവണയാണ് എംപിയായത്. അധിക്ഷേപപ്രസംഗങ്ങള്‍ കഴിയുമ്പോഴൊക്കെ സ്ഥാനക്കയറ്റം എന്നതാണ് സംഘ്പരിവാര്‍ തുടര്‍ന്ന നയം. സമരം ചെയ്യുന്നവരെ വെടിവച്ചു കൊല്ലുക(ഗോലി മാരോ) എന്ന പ്രസ്താവനയ്ക്ക് പിന്നാലെ, സഹമന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂറിനെ ക്യാബിനറ്റ് മന്ത്രിയാക്കിയതാണ് നരേന്ദ്ര മോഡിയുടെ ജനാധിപത്യം. 2019ല്‍ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകർക്കെതിരെയായിരുന്നു ഠാക്കൂറിന്റെ ആക്രോശം. ‘രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക’ എന്നാണദ്ദേഹം ആഹ്വാനം ചെയ്തത്. ഇതേനിലപാട് ആവര്‍ത്തിച്ച ബിജെപി എംപി പർവേഷ് വർമ്മയ്ക്കും ഠാക്കൂറിനും തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. നടപടിയോ വിശദീകരണം ചോദിക്കലോ അല്ല പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത് അനുരാഗിന് സ്ഥാനക്കയറ്റമായിരുന്നു. ഇക്കഴിഞ്ഞ ജൂലെെയില്‍ പടിഞ്ഞാറൻ ഡൽഹിയിലെ മുഹറം ഘോഷയാത്രയ്ക്കിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നംഗ്ലോയ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയത് അനുരാഗ് ഠാക്കൂര്‍ വിളിച്ച അതേ മുദ്രാവാക്യമായിരുന്നു-‘ദേശ് കേ ഗദ്ദർ കോ, ഗോലി മാരോ’. 2017ലാണ് ബിജെപി നേതാവും മുൻ എംപിയുമായ തരുൺ വിജയ് ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചത്. ‘കറുത്തനിറക്കാരായ ദക്ഷിണേന്ത്യക്കാർ ഇവിടെ ജീവിക്കുന്നുണ്ടെന്നും രാജ്യത്ത് വംശീയ വിദ്വേഷം ഉണ്ടെങ്കിൽ എങ്ങനെ അത് സാധ്യമാകുമെന്നുമായിരുന്നു തരുണിന്റെ’ വാക്കുകള്‍. ‘കറുത്തനിറക്കാരായ ദക്ഷിണേന്ത്യക്കാർക്കൊപ്പം ജീവിക്കുന്ന തങ്ങൾ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നായിരുന്നു’ വിശദീകരണം. 2021ലെ ടി20 ലോകകപ്പ് മത്സരത്തിന്റെ പേരില്‍ ആഹ്ലാദപ്രകടനം നടത്തിയ കശ്മീരി മുസ്ലിങ്ങൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തത് ബിജെപി സംസ്ഥാന സെക്രട്ടറിയായ വിക്രം രൺധാവയായിരുന്നു. ‘മുസ്ലിങ്ങളെ അക്രമിക്കാനും ജീവനോടെ തൊലിയുരിയാനു‘മാണ് അനുയായികളോട് ആഹ്വാനം ചെയ്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ വംശീയാധിക്ഷേപം നടത്തിയത് കർണാടകയിലെ മുൻ ബിജെപി മന്ത്രി അരഗ ജ്ഞാനേന്ദ്രയായിരുന്നു. ‘കാടില്ലാത്ത പ്രദേശത്ത് നിന്നുള്ളയാളാണ് നമ്മുടെ വനം മന്ത്രിയെന്നത് ജനങ്ങളുടെ ദുർഗതിയാണ്. അവർക്ക് മരമെന്താണെന്നോ ചെടി എന്താണെന്നോ തണലെന്താണെന്നോ അറിയില്ല. കൊടുംചൂടിൽ അവിടുത്തെ ജനങ്ങൾ കറുപ്പാകുകയാണെന്നും അത് ഖാർഗെയെ നോക്കിയാൽ മനസിലാകു‘മെന്നുമായിരുന്നു ജ്ഞാനേന്ദ്രയുടെ പരാമർശം. വിവാദമായതോടെ അദ്ദേഹം ക്ഷമാപണം നടത്തി. വംശീയാധിക്ഷേപം കേരളത്തിലെ ബിജെപിക്കും അന്യമല്ല. 2017ലാണ് നേമം മണ്ഡലത്തിലെ ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി ബീഗം ആശ ഷെറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അക്രമം നടന്നത്.


ഇത് കൂടി വായിക്കൂ: മതേതര ഇന്ത്യ ബ്രാഹ്മണഭാരത്!


‘മേത്തച്ചി, തീവ്രവാദി‘യെന്നൊക്കെയായിരുന്നു അധിക്ഷേപം. കണ്ണൂർ ജില്ലയിലെ വനിതാ നേതാവിന്റെ നേതൃത്വത്തിലായിരുന്നു സൈബർ ആക്രമണം എന്നതാണ് ശ്രദ്ധേയം. ‘ഇസ്ലാമാണോ എന്നറിയാൻ വസ്ത്രം മാറ്റി നോക്കണ’മെന്ന പരാമർശം ആറ്റിങ്ങലില്‍ നടത്തിയത് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ ഗോവ ഗവര്‍ണറുമായ പി ശ്രീധരന്‍പിള്ളയാണ്. ഇതുവരെ തെരുവുകളിലും തെരഞ്ഞെടുപ്പ് യോഗങ്ങളിലും നടന്നിരുന്ന സംഘ്പരിവാറിന്റെ വിദ്വേഷ പ്രസംഗങ്ങൾ ഇപ്പോൾ പാർലമെന്റിലും എത്തിയിരിക്കുന്നു എന്നാണ് രമേഷ് ബിധൂരി തെളിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.