21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026

പ്രതീക്ഷ നല്‍കുന്ന സുപ്രീം കോടതി വിധി

Janayugom Webdesk
August 5, 2023 5:00 am

‘മോഡി’ കുലനാമ പ്രയോഗത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട്ടിൽനിന്നുള്ള ലോക്‌സഭാംഗവുമായ രാഹുൽഗാന്ധിക്ക് ഗുജറാത്തിലെ സൂറത്ത് വിചാരണക്കോടതി വിധിച്ച രണ്ടുവർഷത്തെ തടവ് ശിക്ഷക്ക് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് സ്റ്റേ അനുവദിച്ചത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിൽ നിർണായകമാകും. സൂറത്ത് കോടതി വിധിച്ച രണ്ടുവർഷത്തെ തടവ്, ആരോപിക്കപ്പെട്ട കുറ്റത്തിന് നൽകാവുന്ന പരമാവധിശിക്ഷ ആയിരുന്നു. മുമ്പ് ഒരു മാനനഷ്ടക്കേസിലും പരമാവധിശിക്ഷ വിധിച്ചതായി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ കേട്ടുകേൾവിപോലും ഇല്ല. വിധിക്കെതിരെ രാഹുൽ ഗാന്ധി സൂറത്ത് കോടതിയിലും തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയിലും സ്റ്റേയ്ക്കുവേണ്ടി സമർപ്പിച്ച അപ്പീലുകൾ നിരസിക്കപ്പെടുകയും വിചാരണക്കോടതി വിധി ശരിവയ്ക്കപ്പെടുകയുമായിരുന്നു. വിചാരണക്കോടതി വിധി പുറത്തുവന്ന് ഒരുദിവസം പിന്നിടുമ്പോഴേക്കും, മാർച്ച് 24ന് രാഹുൽഗാന്ധിക്ക് വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗം എന്ന നിലയിൽ അയോഗ്യത കല്പിച്ചുള്ള അറിയിപ്പ് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു. കേസും തുടർന്നുള്ള സംഭവഗതികളും പരിശോധിച്ചാൽ സൂറത്ത് കോടതിവിധി ആസൂത്രിതമാണെന്ന് ആർക്കും ബോധ്യപ്പെടും. രാജ്യത്തെ മുഖ്യ പ്രതിപക്ഷത്തിന്റെ പ്രമുഖ നേതാവും ലോക്‌സഭയിലും പുറത്തും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രൂക്ഷവിമർശകനുമായ രാഹുൽഗാന്ധിയുടെ ശബ്ദം പുറത്തുകേൾക്കുന്നത് തടയുകയും തെരഞ്ഞെടുപ്പുപോരാട്ടത്തിൽ നിന്ന് എട്ടുവർഷത്തേക്ക് അയോഗ്യതയുടെ പേരിൽ അകറ്റിനിർത്തുകയും ചെയ്യുക എന്ന നരേന്ദ്രമോഡിയുടെ കുടിലതന്ത്രമായിരുന്നു ഈ നടപടികളുടെ പിന്നിൽ. അതാണ് ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ തകർക്കപ്പെട്ടത്.

‘ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499-ാം വകുപ്പനുസരിച്ച് മാനനഷ്ടക്കുറ്റത്തിന് നൽകാവുന്ന പരമാവധി ശിക്ഷ രണ്ടുവർഷത്തെ തടവോ, പിഴയോ, അവ രണ്ടുമോ ആണ്. വിചാരണക്കോടതി ജഡ്ജി രണ്ടുവർഷത്തെ പരമാവധി തടവായിരുന്നു ശിക്ഷയായി വിധിച്ചത്. ‘ചൗക്കിദാർ ചോർ ഹൈ’ കേസിൽ രാഹുൽഗാന്ധിയെ സുപ്രീംകോടതി ‘ശകാരിച്ച’തൊഴിച്ച് പരമാവധി ശിക്ഷ നൽകാൻ മറ്റൊരുകാരണവും വിചാരണക്കോടതി ജഡ്ജിയുടെ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാണിക്കുന്നില്ല. അതാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ ഭാഗം 8(3) അനുസരിച്ച് രാഹുൽഗാന്ധിക്ക് ലോക്‌സഭാംഗമായി തുടരുന്നതിൽ അയോഗ്യത കല്പിക്കാൻ കാരണമായത്. ശിക്ഷ രണ്ടുവർഷത്തിൽ ഒരുദിവസം കുറവായിരുന്നെങ്കിൽ ഈ അയോഗ്യത ബാധകമാകുമായിരുന്നില്ല’-സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ വിധിന്യായം പറയുന്നു. ‘കുറ്റകൃത്യം വിചാരണ ഒഴിവാക്കാനാവാത്തതും ജാമ്യം ലഭിക്കാത്തതും ഗ്രാഹ്യവും ആണെന്നിരിക്കെ ഏറ്റവും ചുരുങ്ങിയത് പരമാവധി ശിക്ഷ വിധിക്കാനുള്ള കാരണങ്ങൾ വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കേണ്ടിയിരുന്നു. വിധിക്കെതിരായ അപ്പീൽ തിരസ്കരിച്ച അപ്പീൽക്കോടതിയും ഹൈക്കോടതിയും അതിനുവേണ്ടി വാല്യങ്ങൾതന്നെ ചെലവാക്കിയെങ്കിലും ഇക്കാര്യം പരിഗണിച്ചതായി കാണുന്നില്ല’- വിധിന്യായം കൂട്ടിച്ചേർക്കുന്നു. രാഹുൽഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹരീഷ് ഹസ്‌മുഖ്ഭായ് വർമയ്ക്ക് ഗുജറാത്ത് ജുഡീഷ്യൽ സർവീസ് റൂൾസ് 2005 മറികടന്ന് സ്ഥാനക്കയറ്റം നൽകിയതും സുപ്രീംകോടതി ആ നടപടി സ്റ്റേ ചെയ്തതും പിൽക്കാല ചരിത്രമാണ്. തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയനേട്ടങ്ങൾക്കായി മോഡി ഭരണകൂടം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ എപ്രകാരം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ് ഇത്.


ഇതുകൂടി വായിക്കൂ: ഇത് രാഹുലില്‍ അവസാനിക്കണം


സുപ്രീം കോടതി അയോഗ്യത നീക്കിയ രാഹുൽഗാന്ധിക്ക് അദ്ദേഹത്തെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റ് അതേവേഗത്തിൽ യോഗ്യത പുനഃസ്ഥാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറായാൽ പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽത്തന്നെ പങ്കെടുക്കാനാവും. മണിപ്പൂരും ഹരിയാനയും ഉൾപ്പെടെ കലാപാഗ്നിയിൽ കത്തിയെരിയുമ്പോൾ പ്രതിപക്ഷ സഖ്യം ഇന്ത്യ, നരേന്ദ്രമോഡി സർക്കാരിനെതിരെ തുടർന്നുവരുന്ന ചെറുത്തുനില്പിനു് അത് കരുത്തുപകരും. എന്നാൽ, നരേന്ദ്രമോഡിയും ബിജെപിയും ഇന്ത്യൻ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും ഭരണഘടനയെയും തകർക്കാൻ അവയെത്തന്നെയാണ് ദുരുപയോഗം ചെയ്യുന്നത്. രാഹുൽഗാന്ധിയെ നിശബ്ദനും അയോഗ്യനുമാക്കാൻ അവർ ദുരുപയോഗം ചെയ്തത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെത്തന്നെയാണ്. ഹിറ്റ്ലർ അന്നത്തെ ജർമ്മൻ പാർലമെന്റായ റൈക്‌സ്റ്റാഗിനെ ഉപയോഗിച്ചുതന്നെയാണ് അവിടത്തെ ജനാധിപത്യത്തെ തകർത്ത് തൽസ്ഥാനത്ത് ഫാസിസത്തെ പ്രതിഷ്ഠിച്ചത്. ഇന്ത്യയിലെ നവ ഫാസിസ്റ്റ് ശക്തികളും അതേപാത തന്നെയാണ് പിന്തുടരുന്നത്. നീതിന്യായവ്യസ്ഥയെയും പാർലമെന്റിനെയും ഭരണഘടനയെയും അവയുടെ ഉള്ളിൽനിന്ന് ആക്രമിച്ചു തകർക്കാനാണ് അവർ ശ്രമിക്കുന്നത്. അത്തരമൊരു വിനാശകാലത്ത് ഇപ്പോഴത്തെ കോടതിവിധി കാർമേഘാവൃതമായ ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിൽ പ്രതീക്ഷനൽകുന്ന ഒരുതുണ്ട് വെള്ളിവെളിച്ചമാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.