
ഐസിസി ചെയർമാനും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാക്കെതിരെ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എങ്ങനെ ബാറ്റ് പിടിക്കണമെന്ന് പോലും അറിയാത്ത ജയ് ഷായാണ് ഇന്ന് ഐസിസിയെ നയിക്കുന്നതെന്നും അങ്ങനെയുള്ള ഒരാളാണ് ക്രിക്കറ്റിലെ എല്ലാം നിയന്ത്രിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറിൽ ഭഗൽപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് രാഹുലിന്റെ വിമർശനം.
നിങ്ങൾ അദാനിയുടെയോ അംബാനിയുടെയോ അമിത് ഷായുടെയോ മകനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് വലിയ സ്വപ്നം കാണാൻ കഴിയൂ. അമിത് ഷായുടെ മകന് (ജയ് ഷാ) ബാറ്റ് പിടിക്കാൻ പോലും അറിയില്ല, പക്ഷേ അദ്ദേഹം ക്രിക്കറ്റിന്‍റെ തലവനാണ്. ക്രിക്കറ്റിൽ എല്ലാം അദ്ദേഹം നിയന്ത്രിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹം എല്ലാം നിയന്ത്രിക്കുന്നത്? കാരണം പണമാണെന്ന് രാഹുൽ പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ഭൂമി അദാനി, അംബാനി പോലുള്ള വ്യവസായികൾക്ക് കേന്ദ്രസർക്കാർ സമ്മാനമായി നൽകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
2009 മുതൽ അഹമ്മദാബാദിലെ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്തേക്ക് ചുവടുവെക്കുന്നത്. കർഷകരെയും തൊഴിലാളികളെയും ചെറുകിട വ്യാപാരികളെയും നശിപ്പിക്കുന്നതിനാണ് മോദി സർക്കാർ ചരക്ക് സേവന നികുതി (ജിഎസ്ടി) കൊണ്ടുവന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാർ നിയമസഭയിലെ 243 സീറ്റുകളിൽ 122 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 11ന് നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും. ആദ്യ ഘട്ടത്തില്‍ മികച്ച പോളിങായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.