
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിങ് സ്റ്റേഷനിൽ എത്തിയ 6,40,87,588 വോട്ടർമാർ വോട്ട് ചെയ്തു. മണിക്കൂറിൽ ശരാശരി 58 ലക്ഷം വോട്ടുകൾ പോൾ ചെയ്യപ്പെട്ടു. ഈ ശരാശരി സൂചനകൾ അനുസരിച്ച്, രണ്ട് മണിക്കൂറിനുള്ളിൽ ഏകദേശം 116 ലക്ഷം വോട്ടർമാർ വോട്ട് ചെയ്തിരിക്കാം. രണ്ട് മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയ 65 ലക്ഷം വോട്ടുകൾ ശരാശരി മണിക്കൂർ വോട്ടിങ് സൂചനകളേക്കാൾ വളരെ കുറവാണ്. കൂടാതെ, ഓരോ പോളിങ് ബൂത്തിലും, സ്ഥാനാർത്ഥികളും രാഷ്‌ട്രീയ പാർട്ടികളും ഔദ്യോഗികമായി നിയമിച്ച പോളിങ് ഏജന്റുമാരുടെ മുന്നിലാണ് വോട്ടെടുപ്പ് പുരോഗമിച്ചത്. അടുത്ത ദിവസം റിട്ടേണിംഗ് ഓഫീസറുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും മുമ്പാകെ സൂക്ഷ്മപരിശോധന നടത്തിയ സമയത്ത് വോട്ട് രേഖപ്പെടുത്തലുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വം നടന്നതായുള്ള ആരോപണങ്ങളോ തെളിവുകളോ കോൺഗ്രസ് സ്ഥാനാർത്ഥിയോ അവരുടെ അംഗീകൃത ഏജന്റുമാരോ ഉന്നയിച്ചിട്ടില്ല.
മഹാരാഷ്ട്ര ഉൾപ്പെടെ ഇന്ത്യയിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നത് 1950 ലെ ജനപ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ നിയമങ്ങളും അനുസരിച്ചാണ്. നിയമപ്രകാരം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അല്ലെങ്കിൽ എല്ലാ വർഷവും ഒരിക്കൽ, വോട്ടർ പട്ടികയുടെ പ്രത്യേക സംഗ്രഹ പരിഷ്കരണം നടത്തുകയും വോട്ടർ പട്ടികയുടെ അന്തിമ പകർപ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉൾപ്പെടെ എല്ലാ ദേശീയ/സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും കൈമാറുകയും ചെയ്യുന്നതാണ്. 2024 ഡിസംബർ 24‑ന് കോൺഗ്രസ് പാർട്ടിക്ക് നൽകിയ മറുപടിയിൽ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഈ വസ്തുതകളെല്ലാം വിശദീകരിച്ചിരുന്നു. അത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്. തെരഞ്ഞെടുപ്പിലെ പ്രതികൂല വിധിക്ക് ശേഷം, തെരഞ്ഞെടുപ്പ് കമ്മിഷൻ വിട്ടുവീഴ്ച ചെയ്തതാണെന്ന് പറഞ്ഞ് അതിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.