4 March 2026, Wednesday

Related news

March 1, 2026
February 20, 2026
February 17, 2026
January 6, 2026
December 14, 2025
November 15, 2025
November 14, 2025
November 14, 2025
November 2, 2025
October 5, 2025

രാഹുല്‍ ഗാന്ധിയുടെ ആരോപണം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2025 11:28 am

കോണ്‍ഗ്രസ് നേതാവും, ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് കൊള്ള ആരോപണത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ച് മുഖ്യ മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും, ഒരു മുന്‍ തിര‍ഞ്ഞെടുപ്പ് കമ്മീഷണറും. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തോട് തർക്കസ്വരത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പ്രതികരിച്ചത് ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടർപട്ടികയെയുംകുറിച്ച് ജനങ്ങൾക്കിടയിൽ സംശയമുണർത്താനേ ഇത് വഴിയൊരുക്കൂവെന്നുംമുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ് വൈ. ഖുറേഷി, ഒ പി റാവത്ത്, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ എന്നിവരാണ് ഗ്യാനേഷ്‌കുമാറിനെ തള്ളിപ്പറഞ്ഞത്. 

ആരോപണമുന്നയിച്ച രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാനും അല്ലാത്തപക്ഷം സമൂഹത്തോട് മാപ്പുപറയാനും നിർബന്ധം പിടിച്ചത് തിരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി സംശയമുയർത്താൻ വഴിയൊരുക്കുന്നതാണെന്ന് ഇവർ ചൂണ്ടിക്കാട്ടി. ആരോപണമുന്നയിച്ച ആളോട് അതേരീതിയിൽ രോഷം കൊള്ളുന്നത് സംവിധാനത്തിലുള്ള വിശ്വാസ്യതയെ ഇടിച്ചുതാഴ്ത്തും. തർക്കിക്കുന്നതിനുപകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വലിയ അളവിൽ സ്വതന്ത്രവും നീതിയുക്തവുമാണെന്ന് മൂന്ന് മുൻ കമ്മിഷണർമാരും വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ സ്വരം അനാവശ്യമായ പ്രകോപനമായിപ്പോയെന്നാണ് മൂവരും അഭിപ്രായപ്പെട്ടത്. കോപം തിരഞ്ഞെടുപ്പ് കമ്മിഷന് ഗുണമാകില്ല. രാഹുൽഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്ന് ഖുറേഷി ചൂണ്ടിക്കാട്ടി. അദ്ദേഹം ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാകുന്നില്ല. മറിച്ച് രാജ്യത്തെ കോടിക്കണക്കിന് പേരുടെ ശബ്ദമാണ്. അദ്ദേഹത്തെ കമ്മിഷൻ അതേ സ്വരത്തിൽ വെല്ലുവിളിക്കുന്നതും രോഷം കൊള്ളുന്നതും കമ്മിഷന്റെ സത്‌പേരിന് ചേർന്നതാകില്ല. താങ്കളായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നുവെന്നായിരുന്നു ഖുറേഷിയുടെ മറുപടി. 

രാഹുൽഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുന്നതിനുപകരം പ്രശ്നപരിഹാരത്തിനുള്ള ഇടപെടലായിരുന്നു നടത്തേണ്ടിയിരുന്നതെന്ന് ഒ പി റാവത്ത് അഭിപ്രായപ്പെട്ടു. കമ്മിഷന്റെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന വോട്ടർപട്ടിക ചോദ്യംചെയ്യപ്പെടുമ്പോൾ അതിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവശ്യമായ അന്വേഷണത്തിന് കമ്മിഷൻ ഗൗരവത്തോടെ തയ്യാറാവുകയാണ് വേണ്ടതെന്ന് അശോക് ലവാസ പറഞ്ഞു. ആദരണീയരായ മൂന്ന് വ്യക്തികളും ഉന്നയിച്ച വിമർശനത്തോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.