
കെ എല്‍ രാഹുലിന്റെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സില്‍ തിരിച്ചടിച്ച് ഇന്ത്യ. 387 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ലീഡ് സ്വന്തമാക്കി. തകര്‍ച്ചയുടെ വക്കില്‍ നിന്ന് രാഹുലും റിഷഭ് പന്തും സഖ്യമാണ് ഇന്ത്യയെ രക്ഷിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. ഇരുവരും ചേര്‍ന്ന് 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 49ല്‍ നില്‍ക്കെ ബെന്‍ സ്റ്റോക്സിനെ സിക്സ് പായിച്ച് അര്‍ധസെഞ്ചുറിയുമായി പന്ത് മികച്ച രീതിയില്‍ മുന്നോട്ടുപോകവെയാണ് റണ്ണൗട്ടില്‍ പുറത്താകുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരമായി പന്ത്. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ പന്തിന്റെ 35–ാം സിക്സറായിരുന്നു ഇത്. റിച്ചാഡ്സിന്റെ പേരിൽ 34 സിക്സറാണുള്ളത്. ടിം സൗത്തി (30), യശസ്വി ജയ്സ്വാൾ (27), ശുഭ്മാൻ ഗിൽ (26) എന്നിവരാണ് പിന്നാലെയുള്ളത്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ സിംഗിളിന് ശ്രമിച്ച പന്തിനെ ബെന്‍ സ്റ്റോക്സ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. 112 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയാണ് റിഷബ് പന്ത് 74 റണ്‍സെടുത്തത്. അധികം വൈകാതെ പരമ്പരയിലെ രണ്ടാം സെഞ്ചുറി കുറിച്ച രാഹുൽ, 177 പന്തിൽ 13 ഫോറുകൾ സഹിതം 100 റൺസെടുത്ത് പുറത്തായി. പിന്നീട് രവീന്ദ്ര ജഡേജ അര്‍ധസെഞ്ചുറി നേടി. നിതിഷ് കുമാര്‍ റെഡ്ഡി 30 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ രണ്ടാം ദിനത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോര്‍ 13ല്‍ നില്‍ക്കെ യശസ്വി ജയ്സ്വാളിനെയാണ് ആദ്യം നഷ്ടമായത്. 13 റണ്‍സെടുക്കാനെ താരത്തിനായുള്ളു. അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ മലയാളി താരം കരുണ്‍ നായരെ സ്റ്റോക്സ് റൂട്ടിന്റെ കൈകളിലെത്തിച്ചു. രാഹുലിന് കൂട്ടായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലെത്തിയെങ്കിലും സ്കോര്‍ 100 കടന്നതോടെ ഗില്‍ മടങ്ങി. 16 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
നേരത്തെ ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. 199 പന്തില്‍ 104 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഏഴിന് 271 എന്ന സ്കോറിലേക്ക് തകര്‍ന്ന ഇംഗ്ലണ്ട് 300 കടക്കില്ലെന്ന് വിധിയെഴുതിയെങ്കിലും ഏവരെയും ഞെട്ടിച്ചാണ് അപ്രതീക്ഷിത കൂട്ടുകെട്ടുമായി ജാമി സ്മിത്ത്-ബ്രൈഡൻ കഴ്സ് കൂട്ടുകെട്ട് പിറന്നത്. എട്ടാം വിക്കറ്റിൽ 84 റൺസ് ഇരുവരും കൂട്ടിച്ചേര്‍ത്തതോടെയാണ് ഇംഗ്ലണ്ട് 350 കടന്നത്. സ്മിത്ത് 56 പന്തിൽ 51 റണ്‍സും കഴ്സ് 83 പന്തില്‍ 56 റണ്‍സുമെടുത്തു. ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് 387ന് ഒതുങ്ങി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 74 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് സിറാജും നിതിഷ് റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.