
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത നിർണായക യോഗത്തിൽ നിന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ വിട്ടുനിന്നു. രണ്ടുദിവസം മുമ്പ് കൊച്ചിയിൽ നടന്ന പാർട്ടി പരിപാടിയിൽ രാഹുൽ ഗാന്ധി തന്നെ പരസ്യമായി അവഗണിച്ചതിൽ തരൂർ കടുത്ത അമർഷത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതൃത്വത്തെ തരൂർ തന്റെ അതൃപ്തി നേരത്തെ അറിയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ മുതിർന്ന നേതാക്കളുടെ യോഗം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് വിളിച്ചുചേർത്തത്. രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർ പങ്കെടുത്ത യോഗത്തിലേക്ക് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം തരൂരിനെയും ക്ഷണിച്ചിരുന്നു. എന്നാൽ തരൂർ യോഗത്തിന് എത്തിയില്ല. വ്യക്തിപരമായ തിരക്കുകൾ മൂലമാണ് വരാത്തതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഡൽഹിയിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ ഇതിന് വിരുദ്ധമാണ്.
ജനുവരി 19ന് കൊച്ചിയിൽ നടന്ന ‘മഹാപഞ്ചായത്ത്’ പരിപാടിയിലാണ് വിവാദങ്ങളുടെ തുടക്കം. വേദിയിലുണ്ടായിരുന്ന മിക്ക നേതാക്കളെയും പേരെടുത്ത് പ്രശംസിച്ച രാഹുൽ ഗാന്ധി, തരൂരിന്റെ പേര് പരാമർശിച്ചില്ല. പ്രസംഗത്തിന് മുമ്പ് മറ്റു നേതാക്കൾക്കൊപ്പം രാഹുലിനെ അഭിവാദ്യം ചെയ്യാൻ എത്തിയ തരൂരിന് അദ്ദേഹം മുഖം കൊടുത്തില്ലെന്നും പരാതിയുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ച് പ്രസംഗം വെട്ടിച്ചുരുക്കിയതും തരൂരിനെ ചൊടിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് പരിപാടി അവസാനിക്കും മുമ്പേ അദ്ദേഹം വേദി വിട്ടിറങ്ങി.
കഴിഞ്ഞ കുറച്ചുനാളുകളായി കോൺഗ്രസ് നേതൃത്വവുമായി ശശി തരൂർ അത്ര നല്ല ബന്ധത്തിലല്ല. സുപ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ തരൂരിന്റെ അഭിപ്രായങ്ങൾ നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പഹൽഗാം വിഷയത്തിലുള്‍പ്പെടെ കേന്ദ്രത്തിന്റെ ചില നയങ്ങളില്‍ തരൂർ സ്വീകരിച്ച അനുകൂല നിലപാടുകൾ പാർട്ടിയിൽ വലിയ ചർച്ചയായി. ബിജെപി നേതാവ് എൽ കെ അഡ്വാനിയെ പ്രകീർത്തിച്ചും കോൺഗ്രസിലെ വംശവാഴ്ചാ രാഷ്ട്രീയത്തെ പരോക്ഷമായി വിമർശിച്ചും തരൂര്‍ പാര്‍ട്ടിയില്‍ പുതിയ പോര്‍മുഖം തുറന്നിരുന്നു.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രശംസിച്ചുകൊണ്ട് തരൂർ എഴുതിയ ലേഖനവും കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. തരൂരിന്റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികൾ ഉണ്ടായിരുന്നുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ പ്രതികരണം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിനെപ്പോലൊരു നേതാവ് തന്ത്രപ്രധാനമായ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് അണികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. തനിക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമില്ലെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പ്രചാരണ രംഗത്ത് സജീവമാകുമെന്ന് അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.