24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 5, 2025
April 4, 2025
April 2, 2025
March 8, 2025
February 23, 2025
February 23, 2025
February 19, 2025
February 9, 2025
February 7, 2025

രാഹുലിന്റെ പ്രസ്താവന അബദ്ധജടിലം: ഡി രാജ

Janayugom Webdesk
കൽപറ്റ
April 20, 2024 10:30 pm

പൊതുവേദികളിൽ രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും നടത്തുന്നത് അപക്വമായ പ്രസ്താവനകളെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അബദ്ധജടിലമായ പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും ദേശീയാധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കള്‍ ഉപദേശിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫിസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം പൊതുവേദികളില്‍ രാഹുൽ ഗാന്ധി ചോദിച്ചത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സാേരേനെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇഡി അറസ്റ്റുചെയ്തതിൽ രാജ്യവ്യാപകമായാണ് പ്രതിഷേധം അലയടിച്ചത്. ഇതിനിടെയാണ് കേരള മുഖ്യമന്ത്രിയെ ഇഡി അറസ്റ്റുചെയ്യാത്തത് എന്തെന്ന ചോദ്യം രാഹുൽ ഗാന്ധി ഉയർത്തിയത്. എവിടെ എന്തുപറയണമെന്നതിൽ വ്യക്തതയില്ലെന്നതിന്റെ തെളിവാണിത്. ‌

രാഹുൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ല. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി എവിടെയും അവതരിപ്പിച്ചിട്ടില്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയായ ബിജെപിയെ അധികാരത്തിൽനിന്ന് ഇറക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായതാണ് ഇന്ത്യ.
വിശാല വീക്ഷണത്തോടെ രൂപീകരിച്ചതാണ് ഇന്ത്യ സഖ്യം. അതിന്റെ ഭാഗമായിരിക്കെ, രാഹുൽ ഗാന്ധിയുടെ സിറ്റിങ് സീറ്റിൽ സിപിഐ എന്തിന് സ്ഥാനാർത്ഥിയെ നിർത്തിയെന്ന ചോദ്യം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ആദ്യമായല്ല വയനാട് മത്സരിക്കുന്നത്. മണ്ഡലം രൂപീകൃതമായതു മുതൽ മത്സരരംഗത്തുണ്ട്. സിപിഐ ജനവിധി തേടുന്ന മണ്ഡലത്തിൽ എന്തിന് മത്സരിക്കുന്നുവെന്നതിനെക്കുറിച്ച് കോൺഗ്രസും രാഹുൽ ഗാന്ധിയും ആലോചിക്കണമായിരുന്നു.

എൽഡിഎഫും യുഡിഎഫും തമ്മിലാണ് ഇവിടെ മത്സരം. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നിവയുടെ സംരക്ഷണത്തിനും വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ പോരാട്ടത്തിനും എൽഡിഎഫ് പ്രതിനിധികൾ പാർലമെന്റിൽ ഉണ്ടാകണം. കേന്ദ്രത്തിൽ അധികാരമാറ്റം ഉണ്ടാകും. പരാജയഭീതിയിലാണ് മോഡിയും കൂട്ടരും. ഉത്തരേന്ത്യ കൈവിട്ടുപോകുമെന്നു കരുതുന്നതിലാണ് എൻഡിഎ നേതൃത്വം തെന്നിന്ത്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. പക്ഷേ, ഇത് ഫലം ചെയ്യില്ല. നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഭരണാധികാരികളാണ് പുതിയ ഗ്യാരന്റിയുമായി ജനങ്ങളെ സമീപിക്കുന്നതെന്നും ഡി രാജ പറഞ്ഞു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി വി ബാലൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു. 

Eng­lish Summary:Rahul’s state­ment is false: D Raja
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.