ചെന്നൈ: ശ്രീ ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫിസുകളില്‍ നടത്തിയ പരിശോധനയില്‍ ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട രേഖകളും 1.5 കോടി രൂപയും കണ്ടുകെട്ടിയെന്നും ഇഡി അറിയിച്ചു.
ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രവാസികളില്‍ നിന്ന് 592.54 കോടി രൂപ സ്വരൂപിച്ചു. പിന്നീട് ഈ പണം അക്കൗണ്ട് വഴി കൈമാറിയെന്നും വിദേശത്തേക്കു പണമയച്ചെന്നും ഇത് ആര്‍ബിഐ, ഫെമ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇഡി അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരില്‍ നിന്നും ഗണ്യമായ തുക സ്വീകരിക്കുന്നത് 1999ലെ ഫെമ നിയമത്തിന്റെ സെക്ഷന്‍ 3 (ബി)യുടെ ലംഘനമാണെന്നും ഇഡി പത്രക്കുറിപ്പില്‍ പറഞ്ഞു.
ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസിലും ഗോകുലം മാളിലും ഇഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. കോടമ്പാക്കത്തെ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.
ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ നേരം ഇഡി ചോദ്യം ചെയ്തു. 2022 ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇഡി അറിയിച്ചു. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഗുജറാത്ത് കലാപത്തിലെ സംഘ്പരിവാര്‍ ക്രൂരതകളെ പ്രതിപാദിച്ച എമ്പുരാന്‍ സിനിമ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ്. ‘എമ്പുരാന്‍’ സിനിമ നിര്‍മ്മിച്ചതില്‍ മുഖ്യ പങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്. സംഘ്പരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 24 ഇടങ്ങളില്‍ സിനിമ സെന്‍സര്‍ ചെയ്തിരുന്നു. അതേസമയം പരിശോധനയില്‍ ഇഡി ഉദ്യോഗസ്ഥര്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. എമ്പുരാന്‍ സിനിമയുമായി ഈ പരിശോധനയ്ക്ക് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എല്ലാം സ്വാഭാവികമായ പരിശോധന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.