
രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ റെയില്‍വേയ്ക്കെതിരെ പരാതി പ്രളയം. സുരക്ഷാ കാരണങ്ങള്‍ സംബന്ധിച്ചാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചിട്ടുള്ളത്. 2023 മുതല്‍ 25 വരെ 61 ലക്ഷത്തിലധികം പരാതികള്‍ കിട്ടിയതായി റെയില്‍വേ ബോര്‍ഡിന്റെ ഡാറ്റ വെളിപ്പെടുത്തുന്നു.
മധ്യപ്രദേശിലെ നീമുച്ചില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. സുരക്ഷ, ശുചിത്വം, വൈദ്യുതി തകരാറുകള്‍ എന്നിവ മിക്ക സംസ്ഥാനങ്ങളിലും പ്രശ്നമാണ്. 2023–24ല്‍ 4.57 ലക്ഷം പരാതികളാണ് സുരക്ഷ സംബന്ധിച്ച് കിട്ടിയത്. തൊട്ടടുത്ത വര്‍ഷമായപ്പോഴേക്കും ഇത് 64% വര്‍ദ്ച്ച് 7.50 ലക്ഷത്തിലധികമായി. രണ്ട് വര്‍ഷത്തിനിടെ സുരക്ഷകാരണങ്ങളെ കുറിച്ച് 12.07 ലക്ഷം പരാതികളുണ്ടായി. ട്രെയിനുകളെ കുറിച്ച് ലഭിക്കുന്ന നാലില്‍ ഒന്ന് പരാതി ഇതാണ്.
2024–25 വര്‍ഷത്തില്‍ റെയില്‍വേ ഏകദേശം 32 ലക്ഷം പരാതികള്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. 2023–24ല്‍ ലഭിച്ച 28.96 ലക്ഷം പരാതികളില്‍ നിന്ന് 11% വര്‍ധനവാണിത്. സര്‍വീസുകളെ കുറിച്ചുള്ള പരാതി 18% വര്‍ധിച്ചു. അതേസമയം റെയില്‍വേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പരാതികള്‍ 21% കുറഞ്ഞു. മറ്റ് പ്രധാന ആശങ്കകളില്‍ ഒന്ന് ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ തകരാറാണ്. രണ്ട് വര്‍ഷമായി 8.44 ലക്ഷം പരാതികളാണുണ്ടായിട്ടുള്ളത്. കോച്ചുകള്‍ വൃത്തിഹീനമായതിനെപ്പറ്റി 8.44 ലക്ഷം പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. ജലലഭ്യത, ജീവനക്കാരുടെ പെരുമാറ്റം, കാറ്ററിങ് സേവനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളും കുത്തനെ വര്‍ധിച്ചു.
ട്രെയിനുകളുടെ സമയക്രമത്തെ കുറിച്ചുള്ള പരാതികള്‍ 15% കുറഞ്ഞ് 3.25 ലക്ഷത്തില്‍ നിന്ന് 2.77 ലക്ഷമായി. ജനറല്‍ ടിക്കറ്റ് സംബന്ധിച്ച പരാതികളും കുറഞ്ഞു. 1.93 ലക്ഷത്തില്‍ നിന്ന് 1.16 ലക്ഷമായി. ടിക്കറ്റ് റീഫണ്ട്, ലഗേജ്-പാഴ‍്സല്‍ കൈകാര്യം ചെയ്യല്‍, ജീവനക്കാരുടെ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതികളും കുറഞ്ഞു.
ജലലഭ്യത, ശുചിത്വം, ഭിന്നശേഷിക്കാരുടെ സൗകര്യങ്ങള്‍ എന്നിവ ഇപ്പോഴും തലവേദനയാണ്. 2024–25ല്‍ 20 ലക്ഷത്തിലധികം പരാതികളാണ് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ (139) കൈകാര്യം ചെയ്തത്. റെയില്‍മഡാഡ് ആപ്പ് (4.68 ലക്ഷം), സമൂഹമാധ്യമങ്ങള്‍ (2.12 ലക്ഷം) തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും പരാതി കിട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.