ട്രെയിൻ യാത്രയുടെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കകൾ ശക്തമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ റെയിൽവേ ശ്രമിക്കുമ്പോഴും റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കയറുന്നവരുടെ എണ്ണത്തിൽ കുറവില്ല. എലത്തൂർ ട്രെയിൻ തീവയ്പിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കാൻ ആർപിഎഫ് ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ തന്നെയാണ് റെയിൽവേ ഭൂമിയിലേക്കുള്ള അതിക്രമിച്ച് കയറലും വർധിക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ ആർപിഎഫ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ടിക്കറ്റില്ലാതെയും ആവശ്യമായ രേഖകൾ ഇല്ലാതെയും റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കയറിയതിന് 2021 ൽ 2056 കേസുകളാണ് പാലക്കാട് ഡിവിഷനിൽ ആർപിഎഫ് രജിസ്റ്റർ ചെയ്തിരുന്നത്. 2022 ൽ ഇത് 2120 കേസുകളായി വർധിച്ചു. ഈ വർഷം മാർച്ച് മൂന്ന് വരെ 831 കേസുകൾ പാലക്കാട് ഡിവിഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതില്‍ പ്ലാറ്റ് ഫോം ടിക്കറ്റ് ഇല്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചത് മുതൽ രാത്രി കാലങ്ങളിൽ റെയിൽവേ ട്രാക്കിൽ ഇരിക്കുന്നത് വരെയുണ്ട്.
രാത്രിയും പകലും റെയിൽവേ ട്രാക്കിലും പ്ലാറ്റ്ഫോമിലുമായി ഇത്തരത്തിൽ നിരവധി പേർ അതിക്രമിച്ച് കയറുന്നതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെങ്കിലും ഇതിലും എത്രയോ അധികം പേർ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും എത്തുന്നതായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ എത്തുന്നവരാണ് പലപ്പോഴും പല കുറ്റകൃത്യങ്ങളും നടത്തുന്നതെന്ന് റെയിൽവേ ജീവനക്കാർ വ്യക്തമാക്കുന്നു. ആർപിഎഫ് ട്രെയിൻ യാത്രാ സുരക്ഷ വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇവർ പറയുന്നു.
ഇത്തരത്തിലെത്തുന്ന സംഘങ്ങൾ റെയിൽവേ ട്രാക്കിന്റെ ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിൽ ഒത്തുകൂടാറാണ് പതിവ്. ലഹരി മാഫിയ മുതൽ മദ്യപിക്കാനെത്തുന്നവർവരെ ഇത്തരത്തിൽ ട്രാക്കുകളിൽ അതിക്രമിച്ച് കടന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് സുരക്ഷിത ട്രെയിൻ യാത്രയ്ക്കും ഭീഷണിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ ആർപിഎഫ് സംഘം റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ് ഫോമുകളിലും പരിശോധനകൾ നടത്താറുണ്ട്. എന്നാൽ പലപ്പോഴും ട്രാക്കുകളിൽ കാര്യക്ഷമമായ പരിശോധനകൾ ഉണ്ടാവാറില്ല. ഇതാണ് ലഹരി സംഘങ്ങൾ ഉപയോഗപ്പെടുത്തുന്നത്.
ട്രാക്കുകളിലിരുന്ന് ലഹരി ഉപയോഗിച്ച ശേഷം ഇത്തരം സംഘങ്ങൾ ട്രെയിനിന് കല്ലെറിയുന്നതും പതിവാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. ഇതേ സമയം അംഗബലം കുറവാണെന്നതാണ് പരിശോധനകൾക്ക് തടസമാകുന്നതെന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആളുകളുടെ കുറവ് കാരണമുള്ള പ്രയാസങ്ങൾ ഉണ്ടെങ്കിലും പരമാവധി റെയിൽവേ സ്റ്റേഷനിലും ട്രാക്കുകളിലും പരിധോധന നടത്താറുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു.
English Summary: Railways: Encroachment cases on the rise
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.