17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024
October 17, 2024
October 15, 2024
October 13, 2024

ട്രെയിൻ വൈകി, യാത്ര മുടങ്ങി; റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകണം

Janayugom Webdesk
കൊച്ചി
October 27, 2023 10:24 pm

മുന്നറിയിപ്പില്ലാതെ ട്രെയിൻ 13 മണിക്കൂർ വൈകിയതുമൂലം യാത്ര മുടങ്ങിയ സംഭവത്തിൽ റെയിൽവേ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹനാണ് പരാതിക്കാരൻ. ചെന്നൈ-ആലപ്പി എക്സ്പ്രസ് 13 മണിക്കൂർ വൈകിയതിനാൽ യാത്ര മുടങ്ങിയെന്നും ഇതുമൂലം ചെന്നൈയിൽ കമ്പനിയുടെ ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാർത്തിക് മോഹൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്. ചെന്നൈയിലേക്ക് പോകാൻ കാർത്തിക് മോഹൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യാത്രയ്ക്കായി എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാത്രമാണ് 13 മണിക്കൂർ വൈകുമെന്ന അറിയിപ്പ് ലഭിച്ചത്.

ട്രെയിൻ വൈകിയതിനാൽ ചെന്നൈയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റ് ഒട്ടനവധി യാത്രക്കാരെയും നീറ്റ് പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർത്ഥികളെയും ട്രെയിനിന്റെ മുന്നറിയിപ്പില്ലാത്ത വൈകൽ ദുരിതത്തിലാക്കിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ യാത്രയുടെ ഉദ്ദേശ്യം മുൻകൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ് കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നതെന്നുമുള്ള വിചിത്ര വാദമാണ് കമ്മിഷൻ മുമ്പാകെ റെയിൽവേ ഉന്നയിച്ചത്.

റെയിൽവേയുടെ വാദങ്ങൾ പൂർണമായും തള്ളിയ കമ്മിഷൻ, ചെന്നൈ ഡിവിഷനിലെ അരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയതെന്നും ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർ പരാജയപ്പെട്ടതായും കണ്ടെത്തി. യാതൊരു ന്യായീകരണവുമില്ലാതെ ട്രെയിൻ വൈകുന്നത് സേവനത്തിലെ ന്യൂനതയാണെന്നും പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണമെന്നും കമ്മിഷൻ വിലയിരുത്തി.

യാത്രക്കാർക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുകയെന്നത് റെയിൽവേയുടെ ഔദാര്യമല്ല യാത്രക്കാരന്റെ അവകാശമാണെന്നും കമ്മിഷൻ ഓർമ്മിപ്പിച്ചു. സേവനത്തിൽ വീഴ്ചവരുത്തിയ ദക്ഷിണ റെയിൽവേ, 50,000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് കമ്മിഷൻ പ്രസിഡന്റ് ഡി ബി ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നൽകി.

Eng­lish Sum­ma­ry: Alleppey-Chen­nai Express got delayed: Pas­sen­ger to be paid Rs 60000 as compensation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.