
പ്രധാന പാളങ്ങൾക്ക് അനുബന്ധമായുള്ള സൈഡ് ട്രാക്കുകളായ ലൂപ്പ് ലൈനുകളും പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയർത്താനൊരുങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. സ്റ്റേഷനുകളിലെ ലൂപ്പ് ലൈനുകളുടെ ശേഷി മെയിൻ ലൈനിലേതിന് തുല്യമാക്കുന്നതോടെ ട്രെയിനുകളുടെ ശരാശരി വേഗത വർധിക്കും. പല സ്റ്റേഷനുകളിലും പ്രധാന പാതകളിൽ നിന്ന് പ്രധാന പ്ലാറ്റ്ഫോമിലേക്ക് (പ്ലാറ്റ്ഫോം നമ്പർ ഒന്ന്) ട്രെയിൻ എത്തുന്നത് ലൂപ് ലൈൻ വഴിയാണ്. റെയിൽവേ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ലൂപ് ലൈനിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് കുറഞ്ഞ വേഗം മാത്രമേ പാടുള്ളൂ. നേരത്തെ മണിക്കൂറിൽ 15 കിലോമീറ്ററായിരുന്ന വേഗം 30 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്.
ലൂപ് ലൈനുകളുടെ നവീകരണം അടക്കം സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനുള്ള സാങ്കേതിക നവീകരണം സെപ്റ്റംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. മണിക്കൂറിൽ ശരാശരി 80 കിലോമീറ്ററാണ് നിലവിലെ വേഗത. ആദ്യഘട്ടത്തിൽ 31 സ്റ്റേഷനുകളിലെ ലൂപ്പ് ലൈൻ വേഗത വർധിപ്പിക്കും. മെയിൻ ലൈനിൽ നിന്ന് ലൂപ്പ് ലൈനുകളിലേക്ക് ട്രെയിനുകളെ കടത്തിവിടുന്ന നിലവിലെ സ്വിച്ചുകൾ മാറ്റി തിക്ക് വെബ് സ്വിച്ചുകളാക്കും. ഇതിലൂടെ ലൂപ്പ് ലൈനുകളിലേക്കും തിരിച്ച് മെയിൻ ലൈനിലേക്കും മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗത്തില്‍ ട്രെയിനുകൾ ഓടിക്കാനാകും. ഇതിനകം 70 തിക്ക് വെബ് സ്വിച്ചുകൾ ട്രാക്കിൽ സ്ഥാപിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ 100 എണ്ണം കൂടി മാറ്റി സ്ഥാപിക്കും.
തിരുവനന്തപുരവും കൊല്ലവും അടക്കം വലിയ സ്റ്റേഷനുകളിൽ പ്രധാന പ്ലാറ്റ്ഫോമുകൾ പ്രധാന ലൈനിൽ തന്നെയാണ്. എന്നാൽ കായംകുളം, മാവേലിക്കര, ഓച്ചിറ, വർക്കല, കഴക്കൂട്ടമടക്കം മറ്റ് നിരവധി സ്റ്റേഷനുകളിൽ ലൂപ്പ് ലൈനുകളിലാണ് പ്രധാന പ്ലാറ്റ്ഫോം. നേരത്തെ പ്രധാന ലൈനിലായിരുന്ന പല സ്റ്റേഷനുകളും പാത ഇരട്ടിപ്പിക്കലോടെ പ്രധാന പ്ലാറ്റ്ഫോം ലൂപ്പ് ലൈനിലേക്ക് മാറിയ സാഹചര്യമുണ്ട്. ഇതടക്കം പരിഹരിക്കുന്നതിനാണ് ലൂപ് ലൈനുകളുടെ നിലവാരവും വേഗതയും ഉയർത്തുന്നത്. ഇതുകൂടാതെ ട്രാക്ക് സംവിധാനങ്ങൾ, റോളിങ് സ്റ്റോക്ക്, സിഗ്നലിങ്, ട്രാഫിക് സംവിധാനങ്ങൾ എന്നിവയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും റെയില്‍വേ തീരുമാനിച്ചു.
ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗും, റെയിലുകൾ 60 കിലോഗ്രാം വിഭാഗത്തിലേക്ക് പുതുക്കുന്നതും പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം പൂർത്തിയായി. വിവിധ സെക്ഷനുകളിൽ ചെറിയ വളവുകൾ ഒഴിവാക്കി ട്രെയിനുകളുടെ വേഗത ഇതിനകം വർധിപ്പിച്ചിട്ടുണ്ട്. വിവിധ സെക്ഷനുകളിൽ ചെറിയ വളവുകൾ ഒഴിവാക്കി ട്രെയിനുകളുടെ പരമാവധി അനുവദനീയ വേഗത ഇതിനകം വർധിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ, ഭൂമി ഏറ്റെടുക്കാതെ തന്നെ ഒഴിവാക്കാൻ കഴിയുന്ന വളവുകളാണ് പരിഗണിക്കുന്നത്. ട്രെയിനുകളുടെ വേഗത കൂട്ടുന്നതിനൊപ്പം സമയനിഷ്ഠയും പാലിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.