
ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി റെയിൽവേ. ജൂലൈ ഒന്നുമുതൽ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോര്‍ട്ട്. നോൺ എസി മെയിൽ, എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കിലോമീറ്ററുകളിൽ ഒരു പൈസ നിരക്കിലും എസി ടിക്കറ്റുകൾക്ക് രണ്ടു പൈസ നിരക്കിലും വർധനവ് വരുത്തുമെന്നാണ് സൂചന.സബർബൻ ട്രെയിനുകൾക്കും 500 കിലോ മീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാവില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിൽ അര പൈസ വീതം വർധിപ്പിക്കും. പ്രതിമാസ സീസൺ ടിക്കറ്റിന്റെ നിരക്കുകളിലും വർധന ഉണ്ടായേക്കില്ല.
നേരത്തെ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ റെയിൽവേ പരിഷ്കരിച്ചിരുന്നു. ജൂലൈ ഒന്നു മുതൽ തത്ക്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. തത്കാൽ യാത്രയുടെ ആനുകൂല്യം സാധാരണ ഉപയോക്താക്കൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം. ആധാർ ഒതന്റിക്കേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് മാത്രമേ ഐആർസിടിസി വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്ക്കാൽ ടിക്കറ്റു ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ജൂലൈ 15 മുതൽ യാത്രക്കാർ തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആധാർ അടിസ്ഥാനമാക്കിയുള്ള ഒരു അധിക ഘട്ടം കൂടി പൂർത്തിയാക്കേണ്ടി വരും.
തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് റെയിൽവേയുടെ അംഗീകൃത ബുക്കിങ് ഏജന്റ്മാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എസി ക്ലാസ് ബുക്കിങ്ങുകൾക്ക് രാവിലെ 10 മുതൽ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങുകൾക്ക് 11 മുതൽ 11.30 വരെയും ഏജന്റ് മാർക്ക് തത്ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.