26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024

റോ — റോ കേരളത്തിലേക്ക് അടുപ്പിക്കാതെ റെയിൽവേ

ബേബി ആലുവ
കൊച്ചി
August 23, 2023 11:29 pm

വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം സുഗമമാകാൻ വലിയ തോതിൽ സഹായകമാകുമായിരുന്ന റോ-റോ (റോൾ ഓൺ റോൾ) ട്രെയിൻ കേരളത്തിലേക്കടുപ്പിക്കാതെ റയിൽവേ. വർഷങ്ങളായി ഏറെ പ്രതീക്ഷയോടെ കേരളം കാക്കുന്ന റോ- റോ തിരുനെൽവേലിയിലേക്ക് വഴി തിരിച്ചു വിടാനാനുള്ള ആലോചനകളാണ് നടന്നു വരുന്നത്.
കൊങ്കൺ വഴി കേരളത്തിലേക്ക് രണ്ട് തുരങ്കങ്ങൾ കടന്നുള്ള റോ-റോയുടെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞു. രണ്ട് ലോറികളുമായി കർണാടകയിലെ സൂറത്തിൽ നിന്ന് കോഴിക്കോട്ടേക്കായിരുന്നു ഓട്ടം. ഒന്നര കിലോമീറ്റർ നീളമുള്ള മംഗളൂരുവിലെ കുലശേഖര തുരങ്കവും കാസർകോടിനടുത്ത കുളനാട് തുരങ്കവും ട്രെയിൻ യാതൊരു തടസവുമില്ലാതെ കടന്നു. റൂട്ടിന് അനുകൂലമായി വിദഗ്ധസംഘം റിപ്പോർട്ട് നൽകുകയും ചെയ്തു. കൊങ്കൺ റയിൽവേ കോർപറേഷനും ദക്ഷിണ റയിൽവേയും സംയുക്തമായാണ് പരീക്ഷണ ഓട്ടം നടത്തിയത്. പരീക്ഷണ ഓട്ടം വിജയിച്ചാൽ റോ-റോ സർവീസ് കേരളത്തിലേക്ക് നീട്ടുമെന്ന വാഗ്ദാനം മാത്രം വർഷം മൂന്നായിട്ടും റെയിൽവേ പാലിച്ചിട്ടില്ല. പദ്ധതി പ്രഖ്യാപിച്ചിട്ട് വർഷം അഞ്ച് കഴിഞ്ഞു. 

കേരളത്തിലേക്കും തിരിച്ചും റോ-റോ ട്രെയിൻ മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കുന്നത് വലിയ വരുമാന സ്രോതസാകും എന്ന് ബോധ്യമുണ്ടായിട്ടും, പദ്ധതി മുടക്കുന്നതിനുള്ള തടസങ്ങൾ കണ്ടെത്താനായി തത്രപ്പാടിലാണ് റെയിൽവേ. അങ്കമാലി, തൃശൂർ, ഷൊർണൂർ, കോഴിക്കോട് മേൽപ്പാലങ്ങൾക്കടിയിലെ ഉയരമില്ലായ്മയാണ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്ന തടസങ്ങളിലൊന്ന്. എന്നാൽ, ആവശ്യമായ ഫണ്ട് അനുവദിച്ച് ഉയരം കൂട്ടാനുള്ള നടപടികൾക്ക് സതേൺ റെയിൽവേ തയ്യാറുമല്ല. ഉയരം കുറഞ്ഞ വാഗണുകൾ വരുന്ന മുറയ്ക്ക് സർവീസ് നീട്ടുന്ന കാര്യം ആലോചിക്കാം എന്ന നിലപാടുമായി കാലം പോക്കുകയാണ്. നിലവിലെ പാതയും പ്ലാറ്റ്ഫോമിനും നിർദ്ദിഷ്ട ഉയരമില്ലെന്ന കുറ്റവും പുതുതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, റോ-റോയ്ക്കായി പാതയിരട്ടിപ്പിക്കലും ട്രാക്ക് ഒരുക്കലുമൊക്കെ തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയ റൂട്ട് ഉപേക്ഷിച്ച്, വിഴിഞ്ഞം തുറമുഖം പ്രവർത്തന യോഗ്യമാകുന്ന മുറയ്ക്ക് നാഗർകോവിൽ — തിരുനെൽവേലി സർവീസിനുള്ള സാധ്യതയാണ് റെയിൽവേയുടെ ആലോചനയിലുള്ളതെന്നാണ് വിവരം. ചരക്ക് ലോറികൾ വാഗണുകളിൽ കയറ്റിക്കൊണ്ട് പോകുന്ന സംവിധാനമാണ് റോൾ ഓൺ റോൾ. 50 ലോറികൾ വരെ ഒരു സമയം കൊണ്ടുപോകാം. 2009ൽ കൊങ്കൺ റയിൽവേയാണ് ഇത് പരീക്ഷിച്ചത്. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.