18 October 2024, Friday
KSFE Galaxy Chits Banner 2

മഴക്കെടുതി: സംസ്ഥാനത്ത് മരണം നാലായി

Janayugom Webdesk
തിരുവനന്തപുരം
July 16, 2024 12:21 pm

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ കനത്തമഴയിലുണ്ടായ അപകടമരണം നാലായി. കണ്ണൂർ ചൊക്ലി ഒളവിലത്ത് വെള്ളക്കെട്ടിൽ വീണു ഒരാൾ മരിച്ചു 62 കാരനായ ചന്ദ്രശേഖരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.

ഇന്ന് പുലര്‍ച്ചെ മഴയെത്തുടര്‍ന്ന് പാലക്കാട് വീടിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അമ്മയും മകനും, കണ്ണൂരില്‍ ഒരു സ്ത്രീയും മരിച്ചിരുന്നു.

അതിനിടെ ശക്തമായ കാറ്റിൽ കണ്ണൂർ ജില്ലയിലെ പലയിടങ്ങളിലും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ലൈനുകൾക്കും തൂണുകൾക്കും കേടുപറ്റി. വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നതിനായി ജീവനക്കാർ ശ്രമം തുടരുന്നു. ആദികടലായിയിൽ ഒട്ടേറെ മരങ്ങൾ പൊട്ടിവീണു.
ചാല തോട് കര കവിഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറി. ചൊക്ലി ചമ്പാട് കാറ്റിൽ നാശനഷ്ടമുണ്ടായി.

മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതോടെ ചാലിയാറിൽ വെള്ളം കുത്തനെ ഉയർന്നിട്ടുണ്ട്. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മുണ്ടേരി വനത്തിനുള്ളിലെ ആദിവാസി കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. കഴിഞ്ഞ 2 ദിവസമായി ഈ മേഖലയിൽ ഉള്ളവർ പുറത്തിറങ്ങിയിട്ടില്ല.വഴിക്കടവിലെ പഞ്ചക്കൊല്ലി, അളയ്ക്കൽ എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

ശക്തമായ കാറ്റിലും മഴയിലും എടവണ്ണപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിനു മുന്നിലേക്ക് മരം കടപുഴകി വീണു. ബസിന് തൊട്ടുമുന്നിലാണ് മരം വീണത്. ബസിന്റെ ഗ്ലാസ്‌ പൊട്ടി ഡ്രൈവർ അടക്കം ഏതാനും പേർക്ക് പരുക്കേറ്റു.
മലപ്പുറം താമരകുഴിയിൽ കാറിനു മുകളിലേക്ക് മരം വീണു യാത്രക്കാർ കാറിൽ കുടുങ്ങി. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. ജില്ലയിൽ ഇന്നും മഴ ശക്തമായി തുടരുകയാണ്.

Eng­lish Sum­ma­ry: Rain­fall: Death toll ris­es to four in state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.