
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതോടെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം. മഴയെ തുടർന്ന് കോഴിക്കോട് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. കോഴിക്കോട് അഴിയൂരിൽ നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞു വീണു മണ്ണിനടിയിൽ കുടുങ്ങിയാണ് തൊഴിലാളി മരിച്ചത്. കണ്ണൂർ കരിയാട് സ്വദേശി രതീഷാണ് മരിച്ചത്. കിണറിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോഴിക്കോട് കോട്ട മൂഴി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാർശ്വ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞു. മലപ്പുറം വാക്കല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു.
കനത്ത മഴക്കിടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷമെന്നാണ് ലഭിക്കുന്ന വിവരം. വേങ്ങര പത്തു മൂച്ചിയിലാണ് വെള്ളക്കെട്ട്. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട് അട്ടപ്പാടിയിൽ റോഡിൽ മുളംകൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു. കവുണ്ടിക്കൽ മേഖലയിലാണ് സംഭവം. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തി ആരംഭിച്ചു. കൊല്ലം പുനലൂരിൽ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായി. കോട്ടവട്ടം സ്വദേശി മുരളീധരന്റെ അമ്പതോളം വാഴകൾ ഒടിഞ്ഞു വീണു. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഇടവിട്ട് മഴ ശക്തമാണ്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കണ്ണൂരിലും കാസർകോടും റെഡ് അലർട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.