23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
November 21, 2024
October 8, 2024
January 9, 2024
January 8, 2024
October 13, 2023
September 23, 2023
September 22, 2023
September 21, 2023
September 20, 2023

മലയോര ജനത എന്തുകൊണ്ട് രാജ്ഭവനിലേക്ക്…?

കെ കെ ശിവരാമന്‍
January 8, 2024 4:30 am

സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് നിയമത്തിന് അംഗീകാരം നല്കാത്ത സംസ്ഥാന ഗവർണറുടെ നിലപാടിനോടുള്ള മലയോര ജനതയുടെ ഹൃദയവികാരം ഏറ്റെടുത്തുകൊണ്ട് ജനുവരി ഒമ്പതിന് ആയിരങ്ങൾ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുകയാണ്. നിയമ ഭേദഗതിയിലൂടെ ഇടുക്കിയിലെ ജനങ്ങളുടെ ജീവിതത്തിൽ ഇരുൾ പടർപ്പുകൾ നിറച്ച ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവുകയാണ്. എന്നും ജനങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയും അതിനനുസൃതമായി ചട്ടങ്ങൾ ഭേദഗതി ചെയ്യാനും തീരുമാനിച്ചു. സമ്മേളനത്തിൽ തന്നെ നിയമം അവതരിപ്പിച്ച് ഏകകണ്ഠമായി പാസാക്കുകയും ചെയ്തു. കഴിഞ്ഞ 12 വർഷങ്ങളായി ഹൈറേഞ്ചിനെ അസ്വസ്ഥമാക്കിയിരുന്ന ഈ പ്രശ്നങ്ങളുടെ നാൾവഴികൾ ആരും മറന്നു പോകരുത്. 2010 സെപ്റ്റംബർ മാസത്തിലാണ് കേരള ഹൈക്കോടതിയിൽ നിന്ന് ഒരു വിധി ഉണ്ടായത്. വിധിക്കാധാരം ഒരു പരിസ്ഥിതി സംഘടന നൽകിയ ഹർജിയാണ്. തെക്കിന്റെ കശ്മീർ ആയ മൂന്നാറിൽ ഒരു നിയന്ത്രണവുമില്ലാതെ നടന്നുവരുന്ന നിർമ്മാണങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു എന്നും ഇത് നിയന്ത്രിക്കണമെന്നും ആയിരുന്നു ഹർജിക്കാരുടെ ആവശ്യം. ഈ ഹർജിയിൽ തീർപ്പ് കല്പിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം ഒറ്റനോട്ടത്തിൽ നിർദോഷം ആണെന്നു തോന്നും.

ഇനിമുതൽ മൂന്നാർ മേഖലയിലെ നിർമ്മാണങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി വേണം എന്നതായിരുന്നു ഉത്തരവ്. ഇതോടൊപ്പം മൂന്നാർ മേഖലയിലെ ഏതെല്ലാം വില്ലേജുകളിലാണ് റവന്യു എൻഒസി നിർബന്ധമാക്കേണ്ടതെന്ന് സർക്കാർ അറിയിക്കണം. 2011ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന യുഡിഎഫ് ഭരണകാലത്ത് ഹൈക്കോടതി നിരന്തരമായി കത്തിടപാടുകൾ നടത്തി. യാതൊരു മറുപടിയും ഇല്ല. ഹൈക്കോടതി ഉത്തരവിന്റെ പുറത്ത് അഞ്ച് വർഷക്കാലം ഉമ്മൻചാണ്ടി സർക്കാർ അടയിരുന്നു. വില്ലേജുകൾ തിട്ടപ്പെടുത്തിയില്ല. ഹൈക്കോടതി കത്തുകൾക്ക് യാതൊരു മറുപടിയും നൽകിയില്ല, ഹൈക്കോടതി ഉത്തരവിനെ പറ്റിയോ റവന്യു എൻഒസിയെ പറ്റിയോ കമാന്നൊരക്ഷരം ഉരിയാടിയില്ല. എന്തുകൊണ്ട്? കേരളത്തിൽ എവിടെയും വില്ലേജ് ഓഫിസിൽ നിന്ന് പൊസഷൻ സർട്ടിഫിക്കറ്റ് വാങ്ങി, കെട്ടിടങ്ങളുടെ പ്ലാനും ചേർത്ത് പഞ്ചായത്തിന് അപേക്ഷ നൽകിയാൽ പഞ്ചായത്തുകൾ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ) പെർമിറ്റ് നൽകും. ഇങ്ങനെയാണ് ഏത് ആവശ്യത്തിനും ഉള്ള കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് റവന്യു വകുപ്പിനെ വെട്ടിലാക്കുന്നതായിരുന്നു. എൻഒസി നൽകണമെങ്കിൽ പട്ടയവ്യവസ്ഥകൾ നോക്കണം. പട്ടയം നൽകിയിരിക്കുന്നത് വീട് നിർമ്മിക്കാനും കൃഷിക്കും മാത്രമാണ്. യാതൊരുവിധ നിർമ്മാണങ്ങൾക്കും എൻഒസി നൽകാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. നിയമപരമായി ജനങ്ങളുടെ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നല്ല അന്നത്തെ ഭരണക്കാർ ആലോചിച്ചത്. കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെ മൂന്നാർ മേഖലയിൽ വിവിധ സ്വഭാവത്തിലുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിച്ചു.


ഇതുകൂടി വായിക്കൂ:വികസിത് ഭാരത് സ്വപ്നങ്ങളും കാർഷിക സമ്പദ്ഘടനയും


ഉദ്യോഗസ്ഥന്മാരോട് കണ്ണടയ്ക്കാൻ രാഷ്ട്രീയ നേതൃത്വം നിർദേശിച്ചു. ഹൈക്കോടതി വീണ്ടും വീണ്ടും കത്തുകൾ എഴുതി. അവസാനം 2016ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് അന്നത്തെ ദേവികുളം സബ് കളക്ടർ കൗശികന്‍ എട്ട് വില്ലേജുകൾ ഏതൊക്കെയെന്ന് നിശ്ചയിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയത്. അതിൽ ഒരു വില്ലേജ് മൂന്നാറിൽ നിന്ന് 105 കിലോമീറ്റർ ദൂരമുള്ള കാർഷിക മേഖലയായിരുന്നു. ചക്കുപള്ളം പഞ്ചായത്തിലെ ആനവിലാസം. കോടതി ഉത്തരവിനെത്തന്നെ പരിഹസിക്കുന്ന റിപ്പോർട്ടായിരുന്നു കൗശികൻ സമർപ്പിച്ചത്. ജനങ്ങളോട് ലവലേശം കൂറുണ്ടായിരുന്നുവെങ്കിൽ ഇത്തരം ഒരു നിലപാട് സ്വീകരിക്കുമോ? 2016ല്‍ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. യുഡിഎഫ് സമരവും ആരംഭിച്ചു. ഇടതു സർക്കാരിന്റെ കാലത്ത് കോൺഗ്രസ് നേതാക്കൾ നിരന്തരം കോടതികൾ കയറിയിറങ്ങി നിർമ്മാണ നിയന്ത്രണം ജില്ലയ്ക്ക് മുഴുവൻ ബാധകമാക്കിക്കൊണ്ടുള്ള ഉത്തരവ് വാങ്ങി. തീർന്നില്ല! പിന്നീടിത് കേരളമാകെ ബാധകമാക്കി. ഈ വിധത്തിൽ ജില്ലയിലെ എട്ട് വില്ലേജുകളിലെ നിയന്ത്രണം കേരളം മുഴുവൻ ബാധകമാക്കി മാറ്റിയത് യുഡിഎഫിന്റെ നേട്ടമാണെന്ന് സമ്മതിക്കാം. മലയോര ജില്ലകളിലെ കൃഷിക്കാരോട് എന്നും വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് 1961ലെ അമരാവതി സമരം മുതൽ ഈ സമയം വരെയുള്ള അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നു. 1960ലെ ഭൂപതിവ് നിയമം അനുസരിച്ച് ഒരു കുടുംബത്തിന് കൈവശമുള്ളതിൽ ഒരു ഏക്കർ ഭൂമിക്ക് മാത്രമേ പട്ടയം നൽകുകയുള്ളൂവെന്നും ലഭിക്കുന്ന പട്ടയങ്ങൾ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലായെന്നും ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് പട്ടയമേ നൽകില്ല എന്നും തീരുമാനിച്ച സർക്കാരാണ് യുഡിഎഫിന്റെത്.

എൽഡിഎഫ് സർക്കാർ യുഡിഎഫ് ഏർപ്പെടുത്തിയ എല്ലാ ജനദ്രോഹ വ്യവസ്ഥകളും എടുത്തുകളഞ്ഞു. കൈവശമുള്ള നാല് ഏക്കർ സ്ഥലത്തിന് പട്ടയം നൽകാനും വരുമാനപരിധി എടുത്തുകളയാനും കൈമാറ്റ വ്യവസ്ഥകൾ നീക്കം ചെയ്യാനും തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണ്. 2016മുതൽ ഇപ്പോൾ വരെ ഇടുക്കിയിൽ 60,000 കുടുംബങ്ങൾക്ക് ഇടതു സർക്കാർ ഉപാധിരഹിത പട്ടയം നൽകിക്കഴിഞ്ഞു. ഭൂപ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസും യുഡിഎഫും നടത്തിവരുന്ന സമരങ്ങൾ, അവർ കഴിഞ്ഞ കാലത്ത് സ്വീകരിച്ച ജനവഞ്ചനയുടെ പശ്ചാത്താപമായി വേണം കാണാൻ. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. കയ്യേറ്റ മാഫിയയെ പൂർണമായും അമർച്ച ചെയ്യണം. ചിന്നക്കനാൽ മേഖലയിൽ കയ്യേറ്റക്കാരുടെ കൈവശമുള്ള 100 കണക്കിനേക്കർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷകത്തൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണം. വട്ടവട, കാന്തല്ലൂർ, മറയൂർ, പഞ്ചായത്തുകളിലെ കൈവശകൃഷിക്കാർക്ക് പട്ടയം അനുവദിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം. നിയമക്കുരുക്കുകൾ അഴിയുന്നതിലൂടെ ജില്ലയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്ന നിർമ്മാണ നിയന്ത്രണം അടക്കമുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നേട്ടങ്ങളുടെ കൂട്ടത്തിലെ ഒരു പൊൻതൂവലാണിത്. എന്നാൽ നിയമസഭയിൽ ഏകകണ്ഠമായി പാസാക്കാൻ ഒരുമിച്ചുനിന്ന പ്രതിപക്ഷം പുറത്തിറങ്ങി ബില്ലിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഏതാനും കർഷക സംഘടനകൾ ഗവർണറെ കണ്ട് ബില്ലിന് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവർ കൃഷിക്കാരുടെ പേരിലാണ് കർഷക താല്പര്യങ്ങളെ ഒറ്റുകൊടുക്കാൻ ശ്രമിച്ചത്. സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കൊന്നും അംഗീകാരം കൊടുക്കാത്ത ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപിയുടെ കാവൽ നായയായ ഗവർണറുടെ സഹായത്തോടെ ഈ ബില്ല് തടഞ്ഞുവയ്ക്കാൻ ശ്രമിക്കുന്ന ഈ കർഷകദ്രോഹികളുടെ നിലപാട് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.


ഇതുകൂടി വായിക്കൂ:രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപരീക്ഷ


ഗവർണറെ കണ്ട സംഘടനകളിൽ ഒന്ന് ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേർക്കണമെന്ന് വാദിക്കുന്ന വിധ്വംസക തീവ്രവാദ സംഘടനയാണെന്ന കാര്യം മറക്കാനാവുന്നതല്ല. വരാൻപോകുന്ന ചട്ടങ്ങളിൽ ജനവിരുദ്ധ വ്യവസ്ഥകൾ ഉണ്ടാകുമെന്ന കണ്ടുപിടിത്തമാണ് ഇവർ നടത്തിയിരിക്കുന്നത്. പണ്ടത്തെപ്പോലെ കവടി നിരത്തിയും മഷിയിട്ടു നോക്കിയും കാര്യങ്ങൾ മനസിലാക്കുന്ന ഇവരുടെ കഴിവ് അപാരം തന്നെ. ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുമ്പുതന്നെ കർഷക, രാഷ്ട്രീയ പാർട്ടി സംഘടനകളുമായി വിശദമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഈ കർഷകസ്നേഹികൾ ബില്ലിന് എതിരായ കള്ളപ്രചരണങ്ങൾ തുടരുകയാണ് . ഈ സാഹചര്യത്തിലാണ് ബില്ലിൽ എത്രയും വേഗം ഒപ്പിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലയിൽ നിന്നുള്ള ആയിരങ്ങൾ രാജ്ഭവൻ മാർച്ച് നടത്തുന്നത്. ബില്ലിനെതിരെയുള്ള കള്ളപ്രചരണങ്ങളെ തള്ളിക്കളഞ്ഞ്, ഗവർണറുടെ ഔദ്ധത്യം നിറഞ്ഞ നിലപാടിനെതിരെ ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുക തന്നെ ചെയ്യും. ഇതിനിടയിൽ അഞ്ചാം തീയതിയാണ് രാജ്ഭവൻ മാർച്ച് നടക്കുന്ന ദിവസം ഗവർണർ തൊടുപുഴയിൽ എത്തുന്നുവെന്ന വിവരം പുറത്തു വന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം വരുന്നത്. ഇടുക്കിയിലെ ജനങ്ങൾ അവരുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനുവേണ്ടി രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ തൊടുപുഴയിലേക്കുള്ള ഗവർണറുടെ വരവ് മലയോര ജനതയോടുള്ള വെല്ലുവിളിയായിട്ടുവേണം കാണാൻ. അതേ ദിവസം തന്നെ ഗവർണറെ ക്ഷണിച്ച ആനയിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനവും അത്യന്തം പ്രതിഷേധാർഹമാണ്. ഈ സാഹചര്യത്തിലാണ് ഒമ്പതിന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിർബന്ധിതമായത്. സമാധാനപരമായ ഈ ഹർത്താലും രാജ്ഭവൻ മാർച്ചും വിജയിപ്പിക്കുവാൻ ഇടുക്കിയിലെ ജനങ്ങളുടെയാകെ പിന്തുണ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. (ലേഖകന്‍ എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറാണ് )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.