3 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024
December 26, 2024
December 25, 2024
December 24, 2024
December 22, 2024

രാമക്ഷേത്രവും മോഡി ഗ്യാരന്റിയും വോട്ടായില്ല; തന്ത്രങ്ങള്‍ പിഴച്ച് ബിജെപി

*വിദ്വേഷപ്രസംഗങ്ങളും തിരിച്ചടിയായി
*ഒരു പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല
Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2024 9:11 pm

രാമക്ഷേത്രവും വിദ്വേഷപ്രസംഗങ്ങളും വോട്ടായി മാറിയില്ല; വിജയത്തിളക്കം കുറഞ്ഞ് ബിജെപി. ‘ഇക്കുറി നാനൂറിനും മീതേ’ എന്ന മുദ്രാവാക്യവുമായി അങ്കത്തിനിറങ്ങിയ എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിലെത്തിയെങ്കിലും ഹിന്ദി ഹൃദയഭൂമിയിലടക്കം കനത്ത തിരിച്ചടി നേരിട്ടു. ഇതോടെ ഒരുപതിറ്റാണ്ടിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതെ അവസ്ഥയിലേക്ക് ബിജെപി വീണു.
ഏഴ് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ വികസിത ഭാരതം, മോഡി ഗ്യാരന്റി എന്നിവയായിരുന്നു ആദ്യഘട്ടത്തിലെ മുദ്രാവാക്യങ്ങള്‍. എന്നാല്‍ ആദ്യഘട്ടത്തിലെ പോളിങ് ശതമാനത്തിലുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ, രാജ്യം ഇന്നേവരെ കാണാത്ത വിധത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ രംഗത്തെത്തി. 

രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രി, മുസ്ലിം വിഭാഗത്തിനെതിരെ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. കോണ്‍ഗ്രസ് വിജയിക്കുന്ന പക്ഷം അവര്‍ രാജ്യത്തിന്റെ സമ്പത്ത് ‘നുഴഞ്ഞുകയറ്റക്കാര്‍ക്ക്’ വിതരണം ചെയ്യുമെന്നും എസ്‌സി, എസ‌്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പലതവണ ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ്, ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെവ്വേറെ ബജറ്റുകള്‍ തയ്യാറാക്കുമെന്നായിരുന്നു മുംബൈയില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന. അഞ്ചാംഘട്ട വോട്ടെടുപ്പിന് തൊട്ടു മുമ്പായി രാജ്യത്ത് ആദ്യമായി സിഎഎയ്ക്ക് കീഴില്‍ 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് അവതരിപ്പിച്ചു. 

വലിയ ഭൂരിപക്ഷത്തോടെ മൂന്നാമൂഴം പ്രതീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എൻഡിഎയ്ക്കും പ്രഹരമായത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ ഫലങ്ങളാണ്. 2019ൽ യഥാക്രമം 63, 41, 18 എന്നിങ്ങനെയായിരുന്നു ഇവിടങ്ങളിൽ എൻഡിഎയുടെ സീറ്റ് നില. ഇതിൽ 93ഉം ബിജെപിയുടേതുമായിരുന്നു. ഇത്തവണ ഇത് 60ലേക്ക് ചുരുങ്ങി. പശ്ചിമ ബംഗാളിൽ 25 സീറ്റുകൾ വരെ പ്രതീക്ഷിച്ചിരുന്ന പാര്‍ട്ടിക്ക് കൈയിലിരുന്നതും നഷ്ടമായി. അതേസമയം ഒഡിഷയും ആന്ധ്രയും ആശ്വാസമായി. മധ്യപ്രദേശില്‍ 29 സീറ്റുകളിലും വിജയം ഉറപ്പിച്ച ബിജെപിക്ക് ഡല്‍ഹിയിലെ ഏഴു സീറ്റും നിലനിര്‍ത്താന്‍ കഴിഞ്ഞു. ഗുജറാത്തിലെ 26 ല്‍ 25 സീറ്റുകളും നേടി. ഒരു സീറ്റ് കോണ്‍ഗ്രസ് വിജയിച്ചു. 

2014ലും 2019ലും ബിജെപിയുടെ വിജയത്തിൽ വലിയ സംഭാവന നൽകിയ യുപിയിൽ അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേരിട്ടത്. രാമക്ഷേത്ര നിർമ്മാണത്തിലൂടെ ഹിന്ദുത്വ വികാരം വോട്ടാകുമെന്ന് പ്രതീക്ഷിച്ച സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടിയുടെ ശക്തമായ തിരിച്ചുവരവുണ്ടായി. കഴിഞ്ഞ തവണ നേടിയ 50 ശതമാനത്തിലേറെ വോട്ട് വിഹിതം 42ലേക്ക് താഴ്ന്നു.
കഴിഞ്ഞ തവണ എസ്‌പിക്കൊപ്പം മത്സരിച്ച് 12 ശതമാനം വോട്ട് നേടിയ ബിഎസ്‌പി ഒമ്പത് ശതമാനത്തിലേക്ക് ചുരുങ്ങിയപ്പോൾ നാല് ശതമാനമായിരുന്ന കോൺഗ്രസ് വോട്ട് ഒമ്പത് ശതമാനത്തിലധികമായി ഉയർന്നു. എസ്‌പിയാകട്ടെ വോട്ട് വിഹിതം 32 ശതമാനത്തിലേക്ക് ഉയർത്തി.

Eng­lish Summary:Ram tem­ple and Modi guar­an­tee not vot­ed; BJP’s strat­e­gy is wrong
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.