7 January 2025, Tuesday
KSFE Galaxy Chits Banner 2

രാമക്ഷേത്രവും മതനിരപേക്ഷ ഇന്ത്യയും

സഫി മോഹന്‍ എം ആര്‍
January 14, 2024 4:30 am

മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനശിലയായി കേശവാനന്ദ ഭാരതി വിധി ന്യായത്തിൽ സുപ്രീം കോടതി പരാമർശിച്ചപ്പോൾ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിച്ചിരിക്കുന്ന മതനിരപേക്ഷത ഇന്ത്യൻ പാർലമെന്റിന് ഒരു ഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുമാറ്റുവാൻ കഴിയാത്തതായി മാറുകയായിരുന്നു. മതനിരപേക്ഷത പുരോഗമനപരമായ ഒരു ആശയമാണ്. മതനിരപേക്ഷരാഷ്ട്രം എന്ന നിലയിൽ ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് പുലർത്തേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി ഓരോ മതവിശ്വാസിയുടെയും അവകാശവുമാണ്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ വ്യക്തികൾക്കും ഏത് മതത്തിലും വിശ്വസിക്കുവാനും സ്വന്തം മതവിശ്വാസം പ്രചരിപ്പിക്കുവാനുമുള്ള അവകാശമുണ്ട്. രാജ്യത്തെ ജനങ്ങൾ മതസ്പർധ ഇല്ലാതെ ഭരണഘടനയ്ക്കനുസരിച്ച് ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ജനാധിപത്യ സർക്കാരിനുള്ളത്.
രാഷ്ട്രവും മതങ്ങളും തമ്മിൽ കൃത്യമായ ഒരു അന്തരം മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രത്യേകതയാണ്. 1948ൽ ഇന്ത്യൻ ഭരണഘടന ദൈവത്തിന്റെ നാമത്തിൽ കൊണ്ടുവരാം എന്ന ആശയം ഭരണഘടനാ അസംബ്ലി നിരാകരിച്ചപ്പോൾത്തന്നെ ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമായി മാറിക്കഴിഞ്ഞിരുന്നു. ഭരണഘടന മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനം പാടില്ല എന്ന അസന്ദിഗ്ധമായി പ്രഖ്യാപിക്കുമ്പോൾ വിവേചനങ്ങളുടെയും ചൂഷണങ്ങളുടെയും വഴിയിലൂടെ പോകുന്ന ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണാധികാരികളെയുമാണ് ഇന്ന് ഇന്ത്യയിൽ കാണാൻ കഴിയുന്നത്.  രാജ്യത്തെ പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുനിർത്തി നിയന്ത്രിക്കുവാനുള്ള തന്ത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 


ഇതുകൂടി വായിക്കൂ: രാമനും അയോധ്യയും കോൺഗ്രസിന്റെ പതനവും


 

ജനങ്ങളുടെ മനസിലെ ദൈവവിശ്വാസത്തെയും മതവിശ്വാസത്തെയും ആളിക്കത്തിച്ച് ഭൂരിപക്ഷ മതപ്രീണന നയത്തിലൂടെ അധികാരം നിലനിർത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ അവസാനത്തെ ശ്രമം മാത്രമാണ് രാമക്ഷേത്ര നിർമ്മാണവും അതിന്റെ ഉദ്ഘാടന ചടങ്ങും. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗമാണ് ഈ ജനാധിപത്യവിരുദ്ധ പ്രവൃത്തിയുടെ ആദ്യ ഇരകൾ. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുല്യനീതി ലഭിക്കേണ്ട ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന എല്ലാത്തരം അവകാശങ്ങളും നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. മതത്തിന്റെ അടിസ്ഥാനത്തിൽ പഠിക്കാനുള്ള അവകാശം, വസ്ത്രധാരണം, ഭക്ഷണം, ആരാധനാ സ്വാതന്ത്ര്യം, ജോലി ചെയ്യുവാനുള്ള അവകാശം എന്നുവേണ്ട എല്ലാത്തരം അവകാശങ്ങളിലേക്കുമുള്ള കടന്നുകയറ്റം കഴിഞ്ഞനാളുകളിൽ രാജ്യത്ത് നടന്നുവരുന്നു. കേവലം അധികാരത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഭരണാധികാരികളുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു. രാജ്യത്ത് നടന്ന വർഗീയ കലാപങ്ങൾ, സ്ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങൾ, ദളിത്-പിന്നാക്കവിഭാഗങ്ങൾക്കു നേരെ നടന്ന മനുഷ്യാവകാശലംഘനങ്ങള്‍ എല്ലാം ഈ മതപ്രീണന നയത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് ഒരു മതാധിഷ്ഠിത രാജ്യമായി മാറ്റുകയെന്നതാണ് ലക്ഷ്യം. അതിനുവേണ്ടി രാജ്യത്തിന്റെ പേര് മാറ്റാൻ പോലും ഇക്കൂട്ടർക്ക് മടിയില്ല. മതേരതരവാദികൾ ഒന്നിച്ചുനിൽക്കേണ്ട നിർണായക കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മതങ്ങൾ തമ്മിലുള്ള അനൈക്യത്തെയാണ് ഈ മതവാദികൾ ചൂഷണം ചെയ്യുന്നത്. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ്, കേരള സ്റ്റോറി എന്നിവയെല്ലാം ഇവരുടെ ഇരുതലമൂർച്ചയുള്ള ആയുധങ്ങൾ മാത്രമാണ്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഇവർ ശാസ്ത്രത്തിനെതിരാണ് എന്നതിന്റെ തെളിവാണ് ശബരിമല വിഷയവും രാമജന്മഭൂമിയുമെല്ലാം. ഗോവിന്ദ് പാൻസാരെയും ഗൗരി ലങ്കേഷുമെല്ലാം ഈ അന്ധവിശ്വാസത്തിന്റെ ഇരകളായിരുന്നു.

 


ഇതുകൂടി വായിക്കൂ: ഹിന്ദു വിശ്വാസം തീരുമാനിക്കാന്‍ ബിജെപി‌ക്ക് എന്തവകാശം?


ദൈവവിശ്വാസം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും ഭാഗമാകുമ്പോൾ അത് രാഷ്ട്രീയമായി ഉപയോഗിക്കുവാൻ തീവ്രശ്രമം നടത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജനാധിപത്യത്തിൽ നിന്നും അകറ്റി നിർത്തുവാനുള്ള ആർജവം ജനങ്ങളുടെ ഭാഗത്തുനിന്ന് വരേണ്ടിയിരിക്കുന്നു. പണിതീരാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി വെമ്പൽകൊള്ളുന്നത് കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഒരു തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ ഭിന്നിച്ച് നിൽക്കുന്ന മതങ്ങൾ തമ്മിൽ കൂടുതൽ ഐക്യപ്പെടൽ ഉണ്ടാകേണ്ടിയിരിക്കുന്നു. ഭരണഘടനാ സംരക്ഷകരായ സുപ്രീം കോടതിയും വളരെ ജാഗരൂകരായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. രാജ്യത്തെ കോടതികൾ പലപ്പോഴും ഭരണഘടനയ്ക്ക് അതീതമായി മതങ്ങൾക്ക് പരിഗണന കൊടുക്കുന്നത് മുതലെടുക്കുവാൻ ഇത്തരക്കാർ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അത്തരം ശ്രമങ്ങൾക്കുള്ള ഒരു തിരിച്ചടിയാണ് ബിൽക്കീസ് ബാനുവിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി. രാജ്യത്തെ പരമോന്നത കോടതി രാജ്യം ഭരിക്കുന്ന സർക്കാരിന്റെ നയങ്ങൾക്കനുസരിച്ചല്ല, മറിച്ച് ഭരണഘടനാ തത്വങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് എന്ന സന്ദേശമാണ് ബിൽക്കീസ് ബാനുവിന്റെ വിധിന്യായത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരമൊരു കാഴ്ചപ്പാട് ഹിജാബ്, ഇഡബ്ല്യുഎസ്, ആർട്ടിക്കിൾ 370, അയോധ്യ വിധിന്യായങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് നിരാശാജനകമാണ്. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികൾ ഭരണകൂടത്തിന്റെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. രാജ്യത്തെ മാധ്യമങ്ങളും പലതരത്തിലുള്ള വെല്ലുവിളികളെ നേരിടുകയാണ്. ഒരുകൂട്ടം മാധ്യമങ്ങൾ ഭരണകക്ഷിയുടെ ആജ്ഞാനുവർത്തികളായി മാറിയപ്പോൾ സ്വതന്ത്രമാധ്യമങ്ങൾക്ക് പ്രവർത്തിക്കുവാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറി. ഗുജറാത്ത് കലാപത്തിന്റെ റിപ്പോർട്ട് ബിബിസിയിലൂടെ പുറത്തുവന്നപ്പോൾ അഡാനിയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവന്നത് ഹിന്‍ഡൻബർഗ് റിപ്പോർട്ടാണ്. രാജ്യത്തെ രാഷ്ട്രീയക്കാരുടെയും പത്രപ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാൻ കേന്ദ്ര സർക്കാർ ഉപയോഗിച്ച പെഗാസസ് കണ്ടെത്തിയത് ആംനസ്റ്റി ഇന്റർനാഷണലാണ്. രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ അതിന് അനുവദിക്കാത്തതുകൊണ്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ ഇടപെടേണ്ടിവന്നത്. മതനിരപേക്ഷതയെ വെല്ലുവിളിച്ചുകൊണ്ട് ഭരണാധികാരികൾ ക്ഷേത്രങ്ങളുടെ പിറകെ പോകുമ്പോൾ അതിൽ അഭിമാനം കൊള്ളുന്ന ഒരു ജനതയെയല്ല നാടിനാവശ്യം. മറിച്ച് ഭരണഘടനാ വിരുദ്ധരായ ഭരണാധികാരികൾ രാജ്യത്തിന് ആപത്താണ് എന്ന സത്യം മനസിലാക്കി അവരെ ആ സ്ഥാനത്ത് നിന്നും പറഞ്ഞുവിടുകയാണ് ചെയ്യേണ്ടത്. ഡോ. ബി ആർ അംബേദ്കർ പറഞ്ഞതുപോലെ രാഷ്ട്രീയത്തിൽ ഒരു വ്യക്തിയോടുള്ള ഭക്തി ജനാധിപത്യത്തെ തരംതാഴ്‌ത്തുകയും രാഷ്ട്രത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.