22 December 2024, Sunday
KSFE Galaxy Chits Banner 2

രാജസ്ഥാൻ ഗവർണറുടെ ഓഫീസില്‍ രാമകഥാ പാരായണം

Janayugom Webdesk
ജയ്‍പുർ
August 29, 2022 9:40 pm

ഗവര്‍ണര്‍മാര്‍ ആര്‍എസ്എസ് പ്രചാരകരാകുന്നു എന്ന ആരോപണം ദേശവ്യാപകമായി ഉയരുന്നതിനിടെ രാജ്ഭവനിൽ രാമകഥാ പാരായണത്തിന് വേദിയൊരുക്കി രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര. ആർഎസ്എസ് നേതാവ് വിജയ് കൗശൽ നയിക്കുന്ന പരിപാടിക്കാണ് രാജ്ഭവനിൽ വേദിയൊരുക്കിയത്. സംഭവം വലിയ വിവാദത്തിന് തിരികൊളുത്തി. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും, ബിജെപിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ചയാണ് അഞ്ച് ദിവസത്തെ പരിപാടി ആരംഭിച്ചത്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ ഏഴ് മണി വരെ യുപി സ്വദേശിയും മുന്‍ ആർഎസ്എസ് പ്രചാരകനുമായ വിജയ് കൗശൽ രാമകഥ വായിക്കും. കൗശലിന്റെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടി പൊതുജനങ്ങൾക്കും കാണാം. തിരിച്ചറിയൽ കാർഡുകളുമായി എത്തുന്നവര്‍ക്ക് രാജ്ഭവനിൽ പ്രവേശനവും അനുവദിച്ചിട്ടുണ്ട്.
ബിജെപിയുടെ രാജ്യസഭാംഗം ഘനശ്യാം തിവാരി, ലോക് സഭാ എംപി രാംചരൺ ബൊഹ്റ എന്നിവര്‍ ആദ്യദിവസത്തെ പരിപാടിയിൽ പങ്കെടുത്തു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് പൂജയും ‘ഭക്തി കലാ പ്രദർശനി‘യുടെ ഉദ്ഘാടനവും ഗവർണർ നിര്‍വഹിച്ചു.
കോൺഗ്രസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് പരിപാടിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പൗരാവകാശ സംഘടനയായ പിയുസിഎൽ വിമർശനം ഉന്നയിച്ചു.
രാജ്ഭവനിൽ മതപരമായ ചടങ്ങ് സംഘടിപ്പിക്കുന്നത് ഭരണഘടനാ പദവിയുടെ അന്തസിനു വിരുദ്ധമാണെന്നും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന മതേതര മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പിയുസിഎൽ രാജസ്ഥാൻ ഘടകം പ്രസിഡന്റ് കവിത ശ്രീവാസ്തവ, ജനറൽ സെക്രട്ടറി ആനന്ദ് ഭട്നാഗര്‍ എന്നിവര്‍ പ്രസ്താവനയിൽ പറഞ്ഞു. 

Eng­lish Sum­ma­ry: Rama Katha recita­tion at Rajasthan Gov­er­nor’s office

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.