
കുംഭകോണത്ത് മതപരിവര്‍ത്തനത്തെ എതിര്‍ത്ത പട്ടാളിമക്കള്‍ കക്ഷി (പിഎംകെ ) നേതാവ് രാമലിംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് മുഖ്യപ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ അനുയായികളും തഞ്ചാവൂർ സ്വദേശികളുമായ നഫീൽ ഹസ്സൻ (28), ബുർഹാനുദ്ദീൻ (28) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് കാറിൽ വരുകയായിരുന്ന ഇവരെ പള്ളിക്കൊണ്ട ടോൾ ബൂത്തിൽവെച്ച് പൊലീസിന്റെ സഹായത്തോടെ എൻഐഎ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരോടൊപ്പമുണ്ടായിരുന്ന റാണിപേട്ട് സ്വദേശി മുഹമ്മദ് ഇമ്രാൻ (33), അബ്ബാസ് (30) എന്നിവരെയും കസ്റ്റഡിയിലെടുത്തു. നഫീൽ ഹസ്സനെയും ബുർഹാനുദ്ദീനെയും ചോദ്യം ചെയ്യാനായി ചെന്നൈയിലെ എൻഐഎ ഓഫീസിലെത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരടക്കം അഞ്ചുപേർ നേരത്തേ അറസ്റ്റിലായിരുന്നു. 2019 ഫെബ്രുവരി അഞ്ചിനാണ് രാമലിംഗത്തെ ഒരുസംഘം ആളുകൾ ചേർന്ന് കൊന്നത്. മകന്റെ മുൻപിൽവെച്ച് രാമലിംഗത്തിന്റെ രണ്ടു കൈകളും വെട്ടിയെടുത്ത സംഘം കൊടുവാൾ കൊണ്ട് അദ്ദേഹത്തെ വെട്ടിക്കൊല്ലുകയായിരുന്നു. കോളനിയിൽ മതപരിവർത്തനത്തിനായി എത്തിയ സംഘവുമായി രാമലിംഗം വാക്‌തർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.