രാമരാജ്യം സ്ഥാപിക്കുന്നതിനായി ഹൈദരാബാദ് കേന്ദ്രമാക്കി സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാമരാജ്യ സൈന്യം എന്ന സംഘടന പദ്ധതിയിട്ടതായി പൊലീസ്. കഴിഞ്ഞദിവസം ചില്‍കൂര്‍ ബാലാജി ക്ഷേത്രത്തിലെ മുഖ്യ പൂജാരിക്ക് രാമരാജ്യ സൈന്യത്തിന്റെ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് അറസ്റ്റിലായ വീര രാഘവ റെഡ്ഡിയാണ് ഇക്കാര്യം സൈബറാബാദ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇക്ഷ്വാകു വംശത്തിൽപ്പെട്ടവരെന്ന് അവകാശപ്പെടുന്ന സംഘമാണ് രാമരാജ്യ സൈന്യം. വരാനിരിക്കുന്ന ഹിന്ദു പുതുവർഷമായ ഉഗാദിയിൽ തങ്ങളുടെ രാമരാജ്യം സ്ഥാപിക്കുമെന്നാണ് സംഘടന അവകാശപ്പെടുന്നത്. ജാതി മേധാവിത്വം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും സംഘടനയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിന്മയെ ശിക്ഷിക്കുക, പശുക്കളെ സംരക്ഷിക്കുക, ഇക്ഷ്വാകുക്കൾക്കും ഭരത വംശജർക്കും അവകാശപ്പെട്ട ഭൂമി തിരിച്ചുപിടിക്കുക, ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കുക, ആറ് ഹിന്ദു വിഭാഗങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഭൂമി തിരിച്ചുപിടിക്കുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യങ്ങളെന്നും വെബ്സൈറ്റില്‍ പറയുന്നു. ഭഗവദ്ഗീത അധ്യായം 4 മുതല്‍ ഏഴുവരെയുള്ള ഭാഗങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാമരാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയിരുന്നത്.
രാമ രാജ്യത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാനവും വീര രാഘവ റെഡ്ഡി തയ്യാറാക്കിയിരുന്നു. ത്രിത്വങ്ങൾ (മൂന്ന് അംഗങ്ങൾ), അഷ്ടദിക് ഭരണാധികാരികൾ (എട്ട് അംഗങ്ങൾ), സംസ്ഥാന ഭരണാധികാരികൾ (ഓരോ സംസ്ഥാനത്തിനും ഒന്ന്), ജില്ലാ ഭരണാധികാരികൾ, മണ്ഡല ഭരണാധികാരികൾ, ഗ്രാമ ഭരണാധികാരികൾ എന്നിങ്ങനെയായിരുന്നു ഘടന. ധർമ്മം സ്ഥാപിക്കലാണ് ഇവരുടെ മുഖ്യ ഉത്തരവാദിത്വം. കുറ്റവാളികളുടെ ശിക്ഷ, നിരപരാധികളുടെ സംരക്ഷണം, നിയമവിരുദ്ധമായ കശാപ്പിൽ നിന്ന് പശുക്കളെ സംരക്ഷിക്കുന്ന ഗോ സംരക്ഷണം എന്നിവ രാമരാജ്യ ഭരണാധികാരികളുടെ പ്രാഥമിക കർത്തവ്യങ്ങളായും വിശദീകരിക്കുന്നു. രാമരാജ്യ നിയമ സഹായ സംഘം, പശു സംരക്ഷണ സംഘം, ആഭ്യന്തര തന്ത്രങ്ങള്‍ക്കായുള്ള ടീം എന്നിവയും രൂപീകരിക്കാന്‍ സംഘടന പദ്ധതിയിട്ടിരുന്നു.
രാമരാജ്യം സ്ഥാപിക്കുന്നതിന് ചില്‍കൂര്‍ ബാലാജി ക്ഷേത്ര പൂജാരിയായ രംഗരാജന്റെ രക്ഷാകര്‍തൃത്വവും സാമ്പത്തിക സംഭാവനയും സംഘടന ആവശ്യപ്പെട്ടു. എന്നാല്‍ താല്പര്യമില്ലെന്ന് പറഞ്ഞ രംഗരാജനെ പ്രതികള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അക്രമിസംഘത്തില്‍ ഇരുപതിലേറെപ്പേരുണ്ടായിരുന്നതായി രംഗരാജന്റെ പരാതിയില്‍ പറയുന്നു. അതേസമയം സംഘടനയുടെ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടിട്ടും മതപരമായ പ്രവർത്തനമെന്ന നിലയില്‍ നിസാരവല്‍ക്കരിച്ച പൊലീസിന്റെ അനാസ്ഥയാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.