19 November 2024, Tuesday
KSFE Galaxy Chits Banner 2

കൈകേയി എന്ന വെറുക്കപ്പെട്ട അമ്മ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 18
August 3, 2023 5:30 am

‘കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞെ‘ന്ന പഴഞ്ചൊൽ ന്യായേന ചിന്തിച്ചാൽ സ്വപുത്രനായ ഭരതന് രാജകിരീടം ആഗ്രഹിച്ച് കൈകേയി പ്രവർത്തിച്ചതിൽ തെറ്റൊന്നുമില്ല. പക്ഷേ തങ്ങള്‍ ആഗ്രഹിക്കുന്നത് മക്കളും ആഗ്രഹിക്കുന്നതാണോ എന്ന് അന്വേഷിച്ചറിഞ്ഞ് ഉറപ്പുവരുത്തേണ്ട ബാധ്യത മാതാപിതാക്കൾക്കുണ്ട്. മകൻ രാജാവാകണം എന്ന് ആഗ്രഹിച്ച കൈകേയി രാജാവാകാൻ മകനു താല്പര്യമുണ്ടോ എന്ന കാര്യം ചോദിച്ചറിയാനുള്ള വിവേകം കാണിച്ചില്ല. അതുകൊണ്ടുതന്നെ ഭരതനെന്ന മകനാൽ ഏറ്റവും വെറുക്കപ്പെട്ട അമ്മയായി കൈകേയി. പ്രാണതുല്യം സ്നേഹിച്ച മകനാൽ വെറുക്കപ്പെട്ട അമ്മയാവുക എന്ന അവസ്ഥ അങ്ങേയറ്റം ദുഃഖകരമാണല്ലോ. ഈയർത്ഥത്തിൽ കഠിനദുഃഖിതയായ രാമായാണ മാതാവാണ് കൈകേയി. കൈകേയിയെ ഭരതനെന്ന മകൻ എത്രത്തോളം വെറുത്തു എന്നു വാല്മീകീ രാമായണത്തിലെയും അധ്യാത്മ രാമായണത്തിലെയും ഭരതവാക്യങ്ങൾ ഉദ്ധരിച്ചു തന്നെ വ്യക്തമാക്കാം.

അധ്യാത്മ രാമായണത്തിൽ രാമനു കാടും ഭരതനു നാടും നേടിയെന്നറിയിക്കുന്ന കൈകേയിയെ നോക്കി ഭരതൻ കോപത്തോടെ പറയുന്നത് ”ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ\നിസ്ത്രപേ! നിർദയേ! നിശാചരീ! \നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു\പുണ്യമില്ലാതെ മഹാപാപി ഞാനഹോ” എന്നാണ്. രാക്ഷസിയും മഹാപാപിനിയുമായ നിന്റെ മകനായി പിറന്നത് എന്റെ മഹാപാപമാണ് എന്നാണര്‍ത്ഥം. ഇത്തരം സന്ദർഭങ്ങളുടെ ആഖ്യാനത്തിൽ മികച്ചു നിൽക്കുന്നത് വാല്മീകി രാമായണം തന്നെയാണ്. ”ത്വാമദ്യ നിഹനിഷ്യാമി നോ ചേദ് ദ്രുഹ്യാമി ച സ്വയം\ രാഘവസ്യാനുജോ ഭ്രാതാ ഭരതോ മാതൃഹാ ഇതി” (വാല്മീകി രാമായണം; അയോധ്യാ കാണ്ഡം; സർഗം 73; ശ്ലോകം 7) എന്ന ഈ ഭരതവാക്യത്തിനർത്ഥം ‘എന്റെ അനുജൻ അമ്മയെ കൊന്നവനാണല്ലോ’ എന്ന വെറുപ്പ് രാമനുണ്ടാകുമായിരുന്നില്ലെങ്കിൽ ഞാൻ ഭവതിയെ (കൈകേയിയെ)ഇപ്പോൾത്തന്നെ കൊന്നേനെ എന്നാണ്. മന്ഥരയുടെ ദുർമന്ത്രണത്തിനു വഴങ്ങി രാമനും സീതയ്ക്കും ലക്ഷ്മണനും കാടും തനിക്ക് നാടുവാഴാനുള്ള കിരീടവും ഒരുക്കിയെടുത്ത കൈകേയി എന്ന അമ്മയെ കൊല്ലാനുള്ളത്രയും വെറുപ്പ് ഭരതനുണ്ടായി എന്നർത്ഥം. ഏതൊരുകാര്യവും മക്കൾക്കായി ആഗ്രഹിച്ച്, വല്ലവിധേനയും അത് നിറവേറ്റുന്ന മാതാപിതാക്കൾ, അവർ ആശിച്ചൊരുക്കുന്നത് മക്കൾ ആഗ്രഹിക്കുന്നതു കൂടിയാണോ എന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ കൈകേയിയെപ്പോലെ നൊന്തുപെറ്റ മക്കളാൽ വെറുക്കപ്പെട്ടു പോകും.


ഇതുകൂടി വായിക്കൂ: മന്ഥര ‑രാമായണത്തിലെ സ്ത്രൈണ ശകുനി


‘ഭരതൻ കിരീടം ആഗ്രഹിക്കുന്നെങ്കിൽ അത് അവനു കൊടുക്കണം. ഭരതന്റെ ഇംഗിതമറിയാൻ രാജാവ് ഉടനെ ഭരതനെ കേകയത്തു നിന്ന് അയോധ്യയിലേക്ക് വിളിച്ചു കൊണ്ടുവരണം’ എന്നായിരുന്നു കൈകേയി ദശരഥ രാജാവിനോട് പറഞ്ഞിരുന്നതെങ്കിൽ, ദശരഥൻ കാലപുരിക്കും രാമൻ കാട്ടിലേക്കും ഭരതൻ പെറ്റമ്മയെ വെറുത്തു പ്രാകുന്ന ദുരവസ്ഥയിലേക്കും എത്തേണ്ടി വരുമായിരുന്നില്ലല്ലോ. അതിനാൽ മകൻ\മകൾ ഡോക്ടറോ എൻജിനീയറോ ഐഎഎസോ ഐപിഎസോ ഒക്കെ ആകണം എന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ, അവരുടെ ആഗ്രഹം മക്കൾക്കും ഉണ്ടോ എന്നു മനസിലാക്കി മാത്രം ആഗ്രഹ നിവൃത്തിക്കായി പ്രവർത്തിക്കുക. മക്കൾ ആഗ്രഹിക്കാത്തത് മക്കൾക്കായി ആഗ്രഹിക്കുകയോ ചെയ്യുകയോ അരുത്. എങ്കില്‍ മാതാപിതാക്കൾക്ക് കൈകേയി ഗതി വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.