22 December 2024, Sunday
KSFE Galaxy Chits Banner 2

സീതാവബോധത്തിൽ പുതഞ്ഞുകിടക്കുന്ന അഹല്യ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം- 26
August 11, 2023 4:45 am

ഭർത്താവിന്റെ അസാന്നിധ്യത്തിൽ ഭർതൃസഹോദരങ്ങൾ തന്നെ പ്രാപിക്കുമെന്നും അതിനുതക്ക വശ്യസൗന്ദര്യം തനിക്കുണ്ടെന്നും തക്കം കിട്ടുമ്പോഴെല്ലാം പറയുന്ന ഒരു സ്ത്രീയുടെ മനോവ്യാപാരം കുമാർഗസഞ്ചാരം ചെയ്യുന്നതല്ലേ? ഇങ്ങനെയൊരു ചോദ്യം സീതാദേവിയെപ്പറ്റി ചോദിക്കാവുന്ന ഒരു രാമായണ മുഹൂർത്തമാണ് ആരണ്യകാണ്ഡത്തിന്റെ അവസാനഭാഗത്തുള്ളത്. മായപ്പൊന്മാനെ വേണമെന്ന സീതയുടെ മോഹം നടപ്പാക്കാൻ രാമൻ കാട്ടിലേക്ക് മാനോടുംവഴിയേ പോകുന്നു. സീതയ്ക്ക് കാവലായി ലക്ഷ്മണനെ ഏർപ്പെടുത്തിയിട്ടാണ് രാമൻ പോകുന്നത്. രാമൻ മാനിനെ അമ്പെയ്യുന്നു. മരണപ്പിടച്ചിലോടെ മാൻരൂപം മാരീച രാക്ഷസനായി മാറി നിലംപൊത്തുന്നു. ‘ഹാ സീതേ, ലക്ഷ്മണാ‘എന്നു രാമന്റെ ശബ്ദം ദീനതയോടേ അനുകരിച്ചാണ് മാരീചൻ മരിക്കുന്നത്. (രാമശബ്ദം അനുകരിക്കുന്ന മാരീചൻ ഒന്നാന്തരം മിമിക്രി ആർട്ടിസ്റ്റാണെന്നും പറയാം).


ഇതുകൂടി വായിക്കൂ: മന്ഥര ‑രാമായണത്തിലെ സ്ത്രൈണ ശകുനി


മാരീചന്റെ രാമശബ്ദാനുകരണം കേട്ട്, പ്രിയതമന് വിപത്ത് പിണഞ്ഞുവെന്ന് സീത തെറ്റിധരിക്കുന്നു. മാത്രമല്ല ‘രാമനെന്തുപറ്റി എന്ന് ലക്ഷ്മണൻ കാടകത്ത് പോയി നോക്കാനും’ സീത പറയുന്നു. അവളുടെ ഈ ആശങ്കകൾക്കു മറുപടിയായി ലക്ഷ്മണൻ പറയുന്നത്: ”ദേവീ, ദേവന്മാർ, മനുഷ്യർ, ഗന്ധർവന്മാർ, പക്ഷികൾ, രാക്ഷസർ, പിശാചർ, മൃഗങ്ങൾ, ഘോരദാനവർ മുതലായവരൊന്നും ഇന്ദ്രതുല്യനായ രാമനോടു പൊരുതാൻ പോരാത്തവരാണ്. രാമൻ യുദ്ധത്തിൽ അവധ്യനാണ്. രാമൻ ഇല്ലാതിരിക്കേ ഈ കാട്ടിൽ ഭവതിയെ വിട്ടുപോകാൻ എനിക്കാവില്ല’ എന്നാണ്(ആരണ്യകാണ്ഡം; സർഗം 45; ശ്ലോകം; 12–13). മാന്യവും യുക്തവും നിശ്ചയദാർഢ്യമുള്ളതുമായ ലക്ഷ്മണന്റെ വാക്യങ്ങളെ തൃണവൽഗണിച്ചുകൊണ്ടു സീത പറയുന്ന വാക്കുകൾ ചപലവും കാമാധിഷ്ഠിതമായ കുമാർഗചര്യയുടെ അപഭ്രംശങ്ങൾ നിറഞ്ഞതുമാണ്. അബോധത്തില്‍ ഒരു അഹല്യ പുതഞ്ഞൊളിഞ്ഞിരിപ്പുണ്ടെന്നു തെളിയിക്കുന്ന ശൈലിയിലാണ് സീതാഭാഷണഗതി.


ഇതുകൂടി വായിക്കൂ: പലരാമായണങ്ങളുണ്ടെന്നത് പകല്‍ പോലെ സത്യം


‘അനാര്യാകരുണാരംഭ നൃശംസ കുലപാംസന… കഥമിന്ദീവരശ്യാമം രാമം പത്മനിഭേക്ഷണം/ഉപ സംശ്രിത്യ ഭർതാരം കാമയേയം പൃഥഗ്ജനം’ (ആരണ്യകാണ്ഡം; സർഗം 45; ശ്ലോകങ്ങൾ21–26). ‘അനാര്യനും കഠിനഹൃദയനും കുലാധമനും ആയ നീ കാട്ടിൽ രാമനെ പിന്തുടരുന്നത് എന്നെ കണ്ടിട്ടാണോ. അതോ ഭരതൻ പറഞ്ഞു ചട്ടംകെട്ടിയിട്ടോ. രാമനോടൊത്തു വസിച്ചിട്ടു നിസാരന്മാരായ നിന്നെപ്പോലുള്ളവരെ കാമിച്ചു കൂടെക്കഴിയാൻ എന്നെ കിട്ടില്ല. നിശ്ചയം നിന്റെ കൺമുമ്പിൽ ഞാൻ ആത്മാഹുതി ചെയ്യും’ എന്നാണ് സീത പറയുന്നത്. ഇത് മാതൃതുല്യം സീതയെ മാനിച്ചാദരിക്കുന്ന ഭരത-ലക്ഷ്മണന്മാരെപ്പറ്റി സീതാഹൃദയത്തിൽ ഉണ്ടാവേണ്ട വികാര വിചാരങ്ങളല്ല. ഭരത-ലക്ഷ്മണന്മാരെ മനസിലാക്കുന്നതിൽ, കാമചോദനയുടെ കുമാർഗഗതിയേ സഞ്ചരിക്കുന്ന ഉപബോധത്തെ മെരുക്കുന്നതിൽ പരാജയപ്പെട്ട സീതയ്ക്ക് തീർത്തും തെറ്റിപ്പോയി. ഇത്തരം തെറ്റലുകൾ അവരെ കാമോന്മുഖ ജീവിയായ രാവണന്റെ ഭോഗബലത്താൽ അപഹരിക്കപ്പെട്ടവളാക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.